Entertainment (Page 80)

ചെന്നൈ: ‘ദി കേരള സ്റ്റോറി’യുടെ പ്രദര്‍ശനം തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലെക്‌സ് തിയേറ്ററുകള്‍ അവസാനിപ്പിച്ചു. മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന്റെ തീരുമാനപ്രകാരമാണ് ചിത്രത്തിന്റെ പ്രദര്‍ശനം അവസാനിപ്പിച്ചത്. ക്രമസാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയ്‌ക്കൊപ്പം ചിത്രം കാണാന്‍ കാര്യമായി പ്രേക്ഷകര്‍ എത്തുന്നില്ലെന്ന വസ്തുത കൂടി പരിഗണിച്ചാണ് അസോസിയേഷന്‍ തീരുമാനമെടുത്തത്.

അകേസമയം, വെള്ളിയാഴ്ചയാണ് തമിഴ്നാട്ടില്‍ ചിത്രം റിലീസ് ചെയ്തത്. തിയേറ്ററുകള്‍ കുറവായിരുന്നെങ്കിലും ചില സിംഗിള്‍ സ്‌ക്രീനുകളിലും മള്‍ട്ടിപ്ലെക്‌സുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു. ഇതില്‍ ചില സിംഗിള്‍ സ്‌ക്രീന്‍ തിയേറ്ററുകള്‍ നേരത്തേതന്നെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും പിന്മാറിയിരുന്നു. മള്‍ട്ടിപ്ലെക്‌സുകള്‍ കൂടി പിന്മാറുന്നതോടെ തമിഴ് നാട്ടില്‍ ഇനി ‘ദി കേരള സ്റ്റോറി’ക്ക് പ്രദര്‍ശനം ഉണ്ടായിരിക്കില്ല.

എന്നാല്‍, കേരളത്തില്‍ 21 സ്‌ക്രീനുകളിലാണ് ‘ദി കേരള സ്റ്റോറി’ പ്രദര്‍ശനം ആരംഭിച്ചത്. പ്രമുഖ മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആര്‍ നേരത്തേ നിശ്ചയിച്ചിരുന്ന പ്രദര്‍ശനങ്ങളില്‍ നിന്ന് പിന്മാറിയിരുന്നു. കേരളത്തിലും ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്ക് പുറത്ത് പൊലീസ് സാന്നിധ്യമുണ്ടായിരുന്നു.

ഇടുക്കി ചിന്നക്കനാലില്‍ ഭീതി പടര്‍ത്തിയ അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയെഴുതുന്നത് സുഹൈല്‍ എം കോയയാണ്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറില്‍ ആണ് നിര്‍മാണം.

കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കാട്ടാനയാണ് അരിക്കൊമ്ബന്‍. എന്‍ എം ബാദുഷ, ഷിനോയ് മാത്യു, രാജന്‍ ചിറയില്‍, മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിന്‍ ജെ പി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ താര നിര്‍ണ്ണയം പുരോഗമിച്ചു വരികയാണ്.

2018ലെ പ്രളയത്തെ പ്രമേയമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018’ന് രണ്ടു ദിവസം കൊണ്ട് 5.25 കോടി നേടിയെന്ന് റിപ്പോര്‍ട്ട്. ആദ്യ ദിനം 1.85 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. രണ്ടാം ദിവസം ഏകദേശം 3.5 കോടി രൂപയും.

ഇന്നലെ അര്‍ധരാത്രി മാത്രം 67 സ്പെഷ്യല്‍ ഷോകളാണ് കേരളത്തിലുടനീളം നടന്നത്. ഞായറാഴ്ചയിലെ 90 ശതമാനം ടിക്കറ്റുകളും വിറ്റുപോയിട്ടുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് 2018 പോകുന്നതെന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വന്‍ താരനിരയുണ്ടായിട്ടും കൊട്ടിഗ്ഘോഷങ്ങള്‍ ഒന്നുമില്ലാതെ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് 2018.

ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരെയ്ന്‍, അപര്‍ണ ബാലമുരളി, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്.

ജവാന്‍ സിനിമയുടെ പോസ്റ്ററില്‍ ഷാരൂഖ് ഖാന്റെ മുഖം കാണാനില്ലെന്ന പരാതിയുമായി താരത്തിന്റെ ആരാധകര്‍ രംഗത്ത്. അതിനാല്‍, ഒരു മോണോക്രോം ചിത്രം പങ്കുവെച്ചുകൊണ്ട് ‘ഇതാ എന്റെ മുഖം’ എന്ന് ആരാധകര്‍ക്കായി ഷാരൂഖ് കുറിച്ചു. അലസമായ തലമുടിയില്‍ ഒരു ചുമരിനടുത്ത് നില്‍ക്കുന്ന ചിത്രം ജവാനിലെ ലുക്കിലുള്ളതാണ്. സെപ്റ്റംബര്‍ 7നാണ് ജവാന്‍ തിയേറ്ററുകളില്‍ എത്തുന്നത്.

അറ്റ്ലി-ഷാരൂഖ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമാണ് ‘ജവാന്‍’. ജൂണ്‍ 2ന് തിയേറ്ററുകളില്‍ എത്തുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോയതോടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കുടുതല്‍ സമയം ആവശ്യമായി വരികയായിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രത്തിന് റിലീസ് ഉണ്ട്. നയന്‍താര ആദ്യമായി ബോളിവുഡില്‍ അഭിനയിക്കുന്നു എന്നതും പ്രത്യേകതയാണ്.

വിജയ് സേതുപതി, പ്രിയാമണി, സന്യ മല്‍ഹോത്ര, യോഗി ബാബു, സുനില്‍ ഗ്രോവര്‍, റിധി ദോഗ്ര എന്നിവരും ജവാനില്‍ പ്രധാന താരങ്ങളാണ്. ദീപിക പദുക്കോണും സഞ്ജയ് ദത്തും കാമിയോ വേഷത്തില്‍ എത്തുന്നുണ്ട്.

മലയാള സിനിമാ മേഖലയിലെ ലഹരി ഉപയോഗം യാഥാര്‍ഥ്യമെന്ന് സംവിധായകനും നടനുമായ മേജര്‍ രവി പറഞ്ഞു. എന്നാല്‍, തനിക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടിനി ടോം കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലില്‍ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു മേജര്‍ രവി.

മേജര്‍ രവി പറഞ്ഞത്

‘സിനിമാ സെറ്റുകളില്‍ പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, കുറ്റക്കാര്‍ക്ക് നേരെ അന്വേഷണം എത്തുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. വിഷയത്തില്‍ ശക്തമായ നടപടി വേണം. നിസഹായാവസ്ഥയിലാണ് നിര്‍മാതാക്കളുടെ തുറന്നു പറച്ചില്‍ നടക്കുന്നത്. നിശാന്തിനി ഐപിഎസിന് കൊച്ചിയുടെ ചുമതല ഉണ്ടായിരുന്ന സമയത്ത് ഒരു നിശാ ക്ലബ് റൈഡ് ചെയ്തിരുന്നു. പക്ഷെ, ആ വിഷയത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടായില്ല. പല സമ്മര്‍ദ്ദങ്ങളില്‍പ്പെട്ട് ആ അന്വേഷണം എങ്ങും എത്തിയില്ല. ഇത്തരം വിഷയത്തില്‍ രാഷ്രീയക്കാര്‍ ഇടപെടുന്നതും അവസാനിപ്പിക്കണം. പോലീസ് സംവിധാനത്തില്‍ പൂര്‍ണമായും ഈ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ എത്രത്തോളം സാധ്യതയുണ്ട്? വിഷയത്തില്‍ അസോസിയേഷനുകള്‍ക്ക് ഇടപെടുന്നതില്‍ പരിമിതിയുണ്ട്. നിര്‍മാതാക്കള്‍ക്ക് സമൂഹത്തോട് ബാധ്യത ഉണ്ടെങ്കില്‍ ലഹരി ഉപയോഗത്തിന്റെ വിവരം അധികാരികളെ അറിയിക്കേണ്ടതാണ്. പക്ഷെ, അവിടെയുണ്ടാകുന്ന പ്രധാനപ്പെട്ട പ്രശ്‌നം ഷൂട്ടിംഗ് മുടങ്ങുമെന്നുള്ളതാണ്. ഇതാണ് നിര്‍മാതാക്കളെ പുറകോട്ട് വലിക്കുന്നത്. നിര്‍മാതാക്കള്‍ പരാതി കൊടുക്കാത്തതിന് കാരണം പ്രസ്തുത താരത്തിന്റെ തിയ്യതി പിന്നീട് കിട്ടില്ല എന്ന് ഉള്ളത് കൊണ്ട് കൂടിയാണ്. ഷൂട്ടിംഗ് സെറ്റുകളില്‍ ഇപ്പോള്‍ എല്ലാര്‍ക്കും കാരവാന്‍ ഉണ്ട്. അതിനുള്ളില്‍ പോയി എന്ത് ചെയ്യുന്നു എന്ന് ആര്‍ക്കും അറിയില്ല. എന്തിനാണ് അത്തരക്കാര്‍ക്ക് മുകളില്‍ നിര്‍മ്മാതാക്കള്‍ പണം മുടക്കുന്നത്. ഇത്തരക്കാരെ ഒഴിവാക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറാവണം. ലഹരി ഉപയോഗിക്കുന്നവരെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്താണം. അവരെ തന്നെ ഉപയോഗിച്ച് സിനിമ ചെയ്യുകയും ചെയ്യും എന്നിട്ട് കുറ്റം പറയും.’

വിവാദ ചിത്രം ദി കേരള സ്റ്റോറിക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്നവര്‍ തീവ്രവാദികളാണെന്ന് നടി കങ്കണ റണൗട്ട്. എബിപിയുടെ പൊതുപരിപാടിയ്ക്കിടെയായിരുന്നു താരത്തിന്റെ പ്രസ്താവന.

‘ഞാന്‍ ഇതുവരെ ചിത്രം കണ്ടിട്ടില്ല, പക്ഷെ സിനിമ ബഹിഷ്‌കരിക്കാന്‍ ഒരുപാട് പ്രതിഷേധങ്ങളുണ്ടായി. ഞാനിന്ന് വായിച്ചതാണ്, തെറ്റാണെങ്കില്‍ തിരുത്തുക, ഹൈക്കോടതി പോലും പറഞ്ഞിട്ടുണ്ട് ഈ ചിത്രത്തെ വിലക്കരുതെന്ന്. ഐഎസ്ഐഎസ് നെ ഒഴിച്ച് ബാക്കി ആരെയും ചിത്രത്തില്‍ മോശമായി ചിത്രീകരിക്കുന്നില്ലെന്നാണ് എന്റെ നിഗമനം. രാജ്യത്തിന്റെ നീതിപീഠം വിലക്കരുതെന്ന് പറയുന്നുണ്ടെങ്കില്‍ അതല്ലേ ശരി. ഐഎസ്ഐഎസ് ഒരു തീവ്രവാദ സംഘടനയാണ്. ഞാനല്ല അവരെ തീവ്രവാദികള്‍ എന്ന് വിളിച്ചത്. നമ്മുടെ രാജ്യം, ആഭ്യന്തര മന്ത്രാലയം, മറ്റു രാജ്യങ്ങളെല്ലാം അവരെ അങ്ങനെ വിളിച്ചിട്ടുണ്ട്. ഞാന്‍ ഇവിടെ സംസാരിക്കുന്നത് ഈ ചിത്രം തങ്ങളെ ആക്രമിക്കുന്നെന്ന് പറയുന്നവരോടാണ്, അങ്ങനെ തോന്നിയാല്‍ നിങ്ങളൊരു തീവ്രവാദിയാണ്’ -കങ്കണ പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള 32,000 സ്ത്രീകളെ കാണാതാവുകയും അവര്‍ തീവ്രവാദ സംഘടനയാണ് ഐഎസ്ഐഎസ് ല്‍ ചേര്‍ന്നെന്നും ചിത്രത്തിന്റെ ട്രെയിലറില്‍ പറഞ്ഞതിനു പിന്നാലെയാണ് വിവാദങ്ങള്‍ ഉടലെടുത്തത്. ഇതിനെതിരെ അനവധി പ്രമുഖര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. പിന്നീട് ട്രെയിലറില്‍ മൂന്ന് സ്ത്രീകള്‍ എന്ന് തിരുത്തുകയും ചെയ്തു.

ഒരു പ്രമുഖ നടന്റെ മകനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും തന്റെ മകനെ സിനിമയില്‍ അഭിനയിക്കാന്‍ വിട്ടില്ലെന്നും സിനിമാ മേഖലയില്‍ വ്യാപക ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നും നടന്‍ ടിനി ടോം. കേരള സര്‍വകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയില്‍ ഒരു വലിയ നടന്റെ മകന്റെ വേഷത്തില്‍ അഭിനയിക്കാന്‍ എന്റെ മകന് അവസരം ലഭിച്ചു. പക്ഷേ, മകനെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ വിടാന്‍ പറ്റില്ലെന്ന് എന്റെ ഭാര്യ പറഞ്ഞു. മയക്കുമരുന്നിനെ കുറിച്ചുള്ള ഭയമായിരുന്നു ഭാര്യയ്ക്ക്. 17-18 വയസിലാണ് കുട്ടികള്‍ വഴി തെറ്റുന്നത്. എനിക്ക് ഒരു മകനെയുള്ളൂ. യുവാക്കളെ നശിപ്പിക്കുന്ന മഹാമാരിയാണ് ലഹരി. ഇതിനെതിരെ യുവാക്കളാണ് മുന്നിട്ടിറങ്ങേണ്ടത്. കല നമ്മുടെ ലഹരിയായി മാറട്ടെ’- ടിനി ടോം പറഞ്ഞു.

ലഹരിയ്ക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങി. ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്ന് പലരും പറയുന്നു. ഇപ്പോള്‍ പല്ല്, അടുത്തത് എല്ല് പൊടിയും. അതുകൊണ്ട് കലയാകണം നമുക്ക് ലഹരിയെന്നും ടിനി ടോം ചൂണ്ടിക്കാട്ടി.

മണിരത്നത്തിന്റെ സംവിധാനത്തിലൊരുങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ 2 തിയറ്റേറുകളിലെത്തി നാല് ദിവസം കൊണ്ട് 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു.

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലോകമെമ്ബാടുമുള്ള തിയേറ്ററുകളില്‍ റിലീസിനെത്തിയ ചിത്രം നാല് ദിവസം കൊണ്ട് 200 ക്ലബ്ബില്‍ ഇടംനേടിയ വിവരം നിര്‍മാതാക്കളായ മദ്രാസ് ടാക്കീസാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.

ഏപ്രില്‍ 28-ന് തിയേറ്ററിലെത്തിയ ചിത്രം ആദ്യദിനം തന്നെ ബോക്സോഫീസില്‍ വമ്ബന്‍ ഹിറ്റായിരുന്നു. തമിഴ്നാട്ടില്‍ നിന്നും 25 കോടിയാണ് ചിത്രം നേടിയത്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ചിത്രം നാല് കോടി കളക്ഷന്‍ നേടി. കര്‍ണാടകയില്‍ 4-5 കോടിയും നേടി. പിഎസ്1 ആദ്യദിനത്തില്‍ 40 കോടിയായിരുന്നു കളക്ഷന്‍ നേടിയത്. 105.02 കോടിയാണ് ഇന്ത്യയിലെ നാല് ദിവസത്തെ കളക്ഷന്‍.

ടിപ്പുവിന്റെ യഥാര്‍ത്ഥ കഥ സിനിമയാകുന്നു. ടിപ്പു മതഭ്രാന്തനായ സുല്‍ത്താന്റെ കഥ എന്നാണ് ടൈറ്റില്‍. സിനിമയില്‍ ബ്രിട്ടീഷുകാരോട് ധീരമായി പോരാടിയ സ്വാതന്ത്ര്യ സമര സേനാനിയായാണ് ടിപ്പുവിനെ ചിത്രീകരിക്കുന്നത്. പ്രശസ്ത എഴുത്തുകാരനായ രജത് സേത്തിയുടെ ഗവേഷണത്തിന് ശേഷമാണ് ടിപ്പുവിന്റെ യഥാര്‍ത്ഥ കഥ ചിത്രമാകുന്നത്. ചിത്രത്തിന്റെ പോസ്റ്ററില്‍ പോലും ടിപ്പുവിന്റെ മുഖം കരിപുരട്ടിയ നിലയിലാണ്.

‘ടിപ്പു സുല്‍ത്താന്റെ യാഥാര്‍ത്ഥ്യം അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയി. എന്റെ സിനിമകള്‍ സത്യത്തിനുവേണ്ടി നിലകൊള്ളുന്നതാണ്. ടിപ്പു സുല്‍ത്താന്‍ ഒരു സ്വേച്ഛാധിപതിയാണ് ഇത് ജനങ്ങള്‍ക്ക് അറിയാം. സത്യം പറഞ്ഞാല്‍ സുല്‍ത്താന്‍ എന്ന് വിളിക്കപ്പെടാന്‍ പോലും ടിപ്പു അര്‍ഹനല്ല, ഭാവിതലമുറയ്ക്കുവേണ്ടി ടിപ്പുവിന്റെ ഇരുണ്ട വശം തുറന്നുകാട്ടാന്‍ താന്‍ ആഗ്രഹിക്കുന്നു. സംവിധായകന്‍ പവന്‍ ശര്‍മ്മ പറഞ്ഞു. ‘ടിപ്പുവിനെ കുറിച്ച് സ്‌കൂളില്‍ പഠിപ്പിക്കുന്നത് തീര്‍ത്തും തെറ്റായ വിവരങ്ങളാണ്. മതഭ്രാന്തനായ ഒരു രാജാവാണ് ടിപ്പു. യാഥാര്‍ത്ഥ്യം അറിയുന്നതില്‍ ഞാന്‍ ഞെട്ടിപ്പോയി. ടിപ്പു മറ്റു മതസ്ഥരെ ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുകയും ക്ഷേത്രങ്ങളും പള്ളികളും നശിപ്പിക്കുകയും ചെയ്തു. ടിപ്പുവിന്റെ ഇസ്ലാമിക മതഭ്രാന്ത് പിതാവ് ഹൈദരാലിയുടേതിനെക്കാള്‍ വളരെ ഭീകരമായിരുന്നു.

ചരിത്രം പലരുടെയും സ്വേച്ഛാധിപത്യത്തെ അവഗണിച്ചെന്ന് രജത് സേത്തി പറഞ്ഞു. ടിപ്പു അത്തരത്തിലുള്ള ഒരു ചരിത്രപുരുഷനാണ്, അദ്ദേഹത്തിന്റെ ക്രൂരതകള്‍ നമ്മുടെ പാഠപുസ്തകങ്ങളില്‍ ഭംഗിയായി മറച്ചുവെച്ചു. ചരിത്രം മാത്രമല്ല, സിനിമകള്‍, തിയേറ്ററുകള്‍ മുതലായവ ടിപ്പുവിന്റെ യാഥാര്‍ത്ഥ്യത്തെ അവഗണിച്ചു. ടിപ്പുവിന്റെ വിവരണങ്ങളില്‍ ഒരു തിരുത്തല്‍ ആരംഭിക്കാനുള്ള എളിയ ശ്രമമാണ് ഈ സിനിമ’യെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി: വിവാദചിത്രം ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഹൈക്കോടതി. പ്രദര്‍ശനം തുടരാമെന്നും സ്റ്റേയില്ലെന്നും കോടതി അറിയിച്ചു.

അതേസമയം, ചിത്രത്തിന്റെ ടീസര്‍ മുസ്ലീം മതവിശ്വാസികളുടെ വികാരണം വ്രണപ്പെടുത്തുന്നുവെന്നും ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നുമാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ വി ആര്‍ അനൂപ്, ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ നേതാവ് തമന്ന, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റംഗം സി ശ്യാം സുന്ദര്‍, വെല്‍ഫെയര്‍ പാര്‍ടി എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് ജസ്റ്റിസ് എന്‍ നഗരേഷ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തള്ളിയത്.

അതിനിടെ, വിവാദ പരാമര്‍ശം ഉളള ടീസര്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചതായി നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു. തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമില്‍ നിന്നടക്കം നീക്കം ചെയ്യുമെന്ന നിര്‍മാതാക്കളുടെ ഉറപ്പ് കോടതി രേഖപ്പെടുത്തി.