‘ദി കേരളാ സ്റ്റോറി’ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ കേരളത്തില്‍ നടന്ന ഒരു വിവാഹ വീഡിയോ പങ്കുവച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍.
ആലപ്പുഴ ജില്ലയിലെ കായംകുളം ചേരാവള്ളി മുസ്ലീം ജമാഅത്ത് പള്ളിക്കമ്മിറ്റി 2020 ജനുവരി19ന് നടത്തിയ വിവാഹത്തിന്റെ ദൃശ്യങ്ങളാണ് റഹ്മാന്‍ ട്വിറ്ററില്‍ പങ്കുവച്ചത്. ‘ഇതാ മറ്റൊരു കേരളാ സ്റ്റോറി’ എന്ന തലക്കെട്ടില്‍ പങ്കുവച്ച വീഡിയോ അദ്ദേഹം റീപോസ്റ്റ് ചെയ്യുകയായിരുന്നു. ‘മനുഷ്യത്വത്തോടുള്ള സ്‌നേഹം നിരുപാധികവും ശാന്തിയുള്ളതുമായിരിക്കണം’ എന്നാണ് റഹ്മാന്‍ വീഡിയോക്ക് തലക്കെട്ടായി നല്‍കിയത്.
മുസ്ലീം പള്ളിയില്‍ മണ്ഡപമൊരുക്കി ഹൈന്ദവ വിവാഹം നടത്തുകയായിരുന്നു. പിതാവ് മരിച്ചതോടെ ഹിന്ദുമതത്തില്‍പെട്ട വധുവിന്റെ കുടുംബം വിവാഹത്തിന് ജമാഅത്ത് കമ്മിറ്റിയുടെ സഹായം തേടുകയായിരുന്നു. പള്ളിക്കല്‍ സ്വദേശി നസീറാണ് വിവാഹ ചടങ്ങിനുള്ള ചിലവ് വഹിച്ചത്. പ്രാര്‍ത്ഥനയോടെയും പൂജാ കര്‍മങ്ങളോടുമാണ് പള്ളിയില്‍ വിവാഹം നടന്നത്. ജമാഅത്ത് കമ്മിറ്റി വിഭവസമൃദ്ധമായ സദ്യമായും ഒരുക്കിയിരുന്നു. 2020ലായിരുന്നു സംഭവം.

