സ്‌ക്രിപ്റ്റ് ടു സ്‌ക്രീന്‍ കാറ്റഗറിയില്‍ വെറും 16 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തീകരിച്ച ‘ എന്ന് സാക്ഷാല്‍ ദൈവം’ എന്ന സിനിമക്ക് ലോകറെക്കോര്‍ഡ്. പ്രീപ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി ഒടിടി പ്‌ളാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്തതിലൂടെയാണ് സിനിമ ശ്രദ്ധ നേടിയത്.
യു ആര്‍ എഫ് (യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്സ് ഫോറം) വേള്‍ഡ് റെക്കോര്‍ഡ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ബഹുമതികളാണ് ചിത്രം കരസ്ഥമാക്കിയത്. ഡബ്ല്യു എഫ് സി എന്‍ (WFCN), സി ഓ ഡി ( COD), മൂവിവുഡ് എന്നീ ഒടിടി പ്‌ളാറ്റ്‌ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്തത്. സ്ത്രീധനപീഡനം കാരണം ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മരണത്തിനു പിന്നിലെ ദുരൂഹത തേടി മരണവീട്ടില്‍ എത്തുന്ന യുട്യൂബ് വ്‌ളോഗറും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
എസ് എസ് ജിഷ്ണുദേവന്റെ സംവിധാനത്തില്‍ അനസ് ജെ റഹിം, മാനസപ്രഭു, കെ പി എ സി സുജിത്ത്, സുദര്‍ശനന്‍ റസല്‍പുരം, ശരന്‍ ഇന്‍ഡോകേര, അഭിഷേക് ശ്രീകുമാര്‍, ജലതാ ഭാസ്‌കര്‍, റ്റി സുനില്‍ പുന്നക്കാട്, സജിലാല്‍, അഭിജിത്, സുരേഷ്‌കുമാര്‍, ജയചന്ദ്രന്‍ തലയല്‍, വിപിന്‍ ഹരി എന്നിവര്‍ അഭിനയിക്കുന്നു.

