Entertainment (Page 79)

കൊച്ചി: സംവിധായകന്‍ ജൂഡ് ആന്റണിയുടെ പൈസ തിരിച്ചു നല്‍കി ഒരു വര്‍ഷം കഴിഞ്ഞായിരുന്നു സഹോദരിയുടെ കല്യാണമെന്നും പ്രശ്‌നങ്ങള്‍ വേണ്ടെന്ന് കരുതിയാണ് മിണ്ടാതിരുന്നതെന്നും ജൂഡിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ പറഞ്ഞു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വ്യക്തമായ തെളിവുകള്‍ നിരത്തി പെപ്പേ രംഗത്ത് എത്തിയത്.

‘എന്നെപ്പറ്റി എന്തും പറഞ്ഞോളൂ, ജൂഡ് എന്റെ അമ്മയ്ക്കും ഭാര്യയ്ക്കും ഉണ്ടാക്കിയ വിഷമം വളരെ വലുതാണെന്നും’ പെപ്പേ പറഞ്ഞു. ജൂഡ് ഒരു നല്ല സിനിമ ചെയ്ത്, ഒരു വലിയ വിജയത്തിന്റെ ഭാഗമായി നില്‍ക്കുകയാണ്. എന്നാല്‍ തന്റെ വിജയം ദുരുപയോഗം ചെയ്ത് എന്നെ വ്യക്തിഹത്യ ചെയ്യുകയും എന്റെ അമ്മയ്ക്കോ പെങ്ങള്‍ക്കോ പുറത്തിറങ്ങി നടക്കുവാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്കും ഇപ്പോള്‍ എത്തിച്ചിരിക്കുകയാണ്. അക്കാര്യത്തില്‍ എനിക്ക് അയാളോട് സഹതാപം തോന്നുന്നു. 2019 ജൂലായ് 7 ന് അഡ്വാന്‍സ് വാങ്ങിയ തുക 27 ജനുവരി 2020 ല്‍ തിരികെ കൊടുത്തതാണ്. 18 ജനുവരി 2021 ല്‍ ആയിരുന്നു എന്റെ സഹോദരി അഞ്ജലിയുടെ വിവാഹം. ജൂഡ് പറഞ്ഞ ആരോപണം എത്രത്തോളം വ്യാജമാണെന്ന് ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും ഇമെയില്‍ തെളിവുകളും നിരത്തിയാണ് ആന്റണി പ്രസ് മീറ്റില്‍ തന്റെ ഭാഗം വ്യക്തമാക്കിയത്. ജൂഡ് പറഞ്ഞത് പ്രകാരമാണെങ്കില്‍ ഞാന്‍ ടൈംട്രാവല്‍ നടത്തിയിട്ടായിരിക്കുമല്ലോ എന്റെ പെങ്ങളുടെ കല്യാണം നടത്തിയത് അതിനുള്ള പണം എന്റെ വീട്ടുകാര്‍ കൂടി ചേര്‍ന്ന് സാമ്ബാദിച്ചതാണ്. എനിക്ക് ജൂഡേട്ടനോട് ഒരു ദേഷ്യവുമില്ല, അയാള്‍ ചെയ്ത സിനിമ ഞാന്‍ ഫാമിലിയായി കണ്ടു, മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന സിനിമ തന്നെയാണ് 2018. സംഘടനകള്‍ വഴി 3 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചര്‍ച്ച ചെയ്ത് പരിഹരിച്ച ഒരു വിഷയമാണ് ഒരു വലിയ വിജയ ചിത്രം ലഭിച്ചപ്പോള്‍ ജൂഡ് അത് മാനേജ് ചെയ്യുവാന്‍ കഴിയാതെ, മറ്റൊരാളുടെ ജീവിതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അതുപയോഗിച്ചത്.’-ആന്റണി പറഞ്ഞു.

ലിജോ ജോസ് പെല്ലിശ്ശേരി ഉള്ളതുകൊണ്ടാണ് ആന്റണി ജീവിക്കുന്നത്, കഴിവില്ലാത്തവനാണ് ആന്റണി എന്നുമുള്ള ജൂഡിന്റെ ആരോപണത്തിന്, മറ്റൊരാള്‍ കൈപിടിക്കാതെ സിനിമയിലേയ്ക്ക് കടന്നുവന്ന ആരാണിവിടെയുള്ളത്, ഞാന്‍ സ്വപ്നങ്ങളെ ഫോളോ ചെയ്ത് വന്നവനാണ് എന്നും ആന്റണി പ്രതികരിച്ചു. 2018 എന്ന സിനിമയില്‍ അഭിനയിക്കാമെന്ന കരാറില്‍ ആന്റണി തന്റെ കൈയ്യില്‍ നിന്ന് പണം വാങ്ങി സഹോദരിയുടെ വിവാഹം നടത്തി, ശേഷം സിനിമയില്‍ നിന്ന് പിന്മാറിയെന്നുമായിരുന്നു ജൂഡ് പറഞ്ഞത്. വന്ന വഴി മറക്കുക, നന്ദിയില്ലാതിരിക്കുക എന്ന് പറയുന്നത് ശരിയായ കാര്യമല്ല. ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി ഇവരുടെ പേരിലൊക്കെ പറയുന്ന കുറ്റം കഞ്ചാവടിച്ചു, ലഹരി മരുന്നിന് അടിമയാണ് എന്നൊക്കെയാണ്. ഇതൊന്നുമില്ലാതെ പെപ്പെ എന്നൊരുത്തന്‍ ഉണ്ട്, ആന്റണി വര്‍ഗീസ്. അയാള്‍ വളരെ നല്ലവനാണെന്ന് കരുതിയിരിക്കുകയാണ് എല്ലാവരും.എന്നാണ് ജൂഡ് പറഞ്ഞത്.

തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടന്‍ പൃഥ്വിരാജ് സുകുമാരന്‍ രംഗത്ത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സ്വീകരിച്ച നടപടികള്‍ക്ക് പിഴയായി 25ലക്ഷം രൂപ പിഴയടച്ചു എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളില്‍ ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വര്‍ത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാദ്ധ്യമ ധാര്‍മികത എന്നതിനാല്‍ സാധാരണഗതിയില്‍ ഇത്തരം വ്യാജആരോപണങ്ങളേയും വാര്‍ത്തകളേയും ഞാന്‍ അത് അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാല്‍ തീര്‍ത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു ‘കള്ളം’, വാര്‍ത്ത എന്ന പേരില്‍ പടച്ചുവിടുന്നത് എല്ലാ മാദ്ധ്യമധര്‍മത്തിന്റേയും പരിധികള്‍ ലംഘിക്കുന്നതാണ്. ഈ വിഷയത്തില്‍ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാന്‍ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും.

PS: ഇനിയും വ്യക്തത വേണ്ടവര്‍ക്ക്: ഞാന്‍ ഈ കാര്യത്തില്‍ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല.

കൊച്ചി: വിദേശത്തു നിന്ന് വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം സിനിമാ മേഖലയില്‍ എത്തുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പരിശോധനകള്‍ ശക്തമാക്കി ആദായ നികുതി വകുപ്പും ഇ ഡിയും. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ആശയപ്രചാരണത്തിനുവേണ്ടിയുള്ള സിനിമകളുടെ നിര്‍മ്മാണത്തിനുവേണ്ടിയാണ് കള്ളപ്പണം എത്തുന്നതെന്നാണ് സൂചന. മലയാളത്തിലെ പുതിയ ചിത്രങ്ങളുടെ പ്രമേയങ്ങള്‍ അതിസൂക്ഷ്മമായി പരിശോധിക്കാനും കേന്ദ്ര ആഭ്യന്തര വകുപ്പ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള അഞ്ച് നിര്‍മ്മാതാക്കളില്‍ ഒരാളും മലയാളത്തിലെ നടനും കൂടിയായ നിര്‍മാതാവ് വിദേശത്ത് വന്‍തുക കൈപ്പറ്റിയതിന്റെ രേഖകള്‍ ഏജന്‍സികള്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന് നിര്‍മ്മാണ കമ്പനി 25 കോടിയോളം രൂപ പിഴയടച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അടുത്തിടെ മലയാളത്തില്‍ കൂടുതല്‍ മുതല്‍മുടക്ക് നടത്തിയ ഒരു നിര്‍മാതാവിനെ ആദായ നികുതിവകുപ്പ് ചോദ്യം ചെയ്തുവരികയാണ്. മറ്റ് മൂന്ന് നിര്‍മ്മതാക്കള്‍ക്കുകൂടി ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇ ഡി നോട്ടീസയച്ചിട്ടുണ്ട്. ഇവരുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ മൊഴിയും രേഖപ്പെടുത്തുമെന്നാണ് വിവരം.

അതേസമയം, വിദേശത്തുനിന്നുള്ള കള്ളപ്പണ നിക്ഷേപമുള്ള സിനിമകളുടെ നിര്‍മാണ വേളയിലാണ് ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ഏറ്റവും കൂടുതല്‍ ലഹരിമരുന്ന് എത്തുന്നതെന്ന മൊഴിയും ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്.

സംവിധായകന്‍ എസ്.എസ് രാജമൗലിയുടെ സ്വപ്ന പദ്ധതിയാണ് മഹാഭാരതം. എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളും ഉപകഥകളും തത്ത്വചിന്താപരമായ ആശയങ്ങളുമുള്ള ലോകത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ ഇതിഹാസങ്ങളിലൊന്നായ ‘മഹാഭാരതം’. സിനിമയാക്കുന്നതിലുള്ള പണിപ്പുരയിലാണ് രാജമൗലി.

തനിക്ക് മഹാഭാരതം സിനിമയാക്കാന്‍ കഴിഞ്ഞാല്‍, അതിനോട് പൂര്‍ണ്ണ നീതി പുലര്‍ത്തുമെന്ന് രാജമൗലി പറയുന്നു. ചിത്രത്തെ 10 ഭാഗങ്ങളുള്ള സിനിമയാക്കാനാണ് ആഗ്രഹിക്കുന്നതെന്നും അടുത്തിടെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.’എന്റെ ജീവിതത്തിന്റെ ലക്ഷ്യമാണ് ഇങ്ങനെയൊരു ചിത്രം. അതിനായി ഇനിയും സഞ്ചരിക്കേണ്ടതുണ്ടെന്നും- രാജമൗലി പറഞ്ഞു.

തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ കാസ്റ്റിങ്ങിനെ കുറിച്ചു ചിന്തിക്കൂ. രാജ്യത്ത് നിലവില്‍ ലഭ്യമായ ‘മഹാഭാരത’ത്തിന്റെ എല്ലാ പതിപ്പുകളും വായിക്കാന്‍ തനിക്ക് ഒരു വര്‍ഷമെങ്കിലും വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മെയ് 5-ന് റിലീസ് ചെയ്ത വിവാദ ചിത്രം ദി കേരള സ്റ്റോറി ഒരാഴ്ച പിന്നിട്ടപ്പോള്‍ 50 കോടിയ്ക്കുമേല്‍ ബോക്‌സ്ഓഫീസ് കളക്ഷനുമായി മുന്നേറുന്നു. തീവ്ര ഇസ്ലാമിസ്റ്റുകളും സിപിഎം, കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിട്ടും ബോക്‌സ്ഓഫീസില്‍ മുന്നേറുകയാണ് ചിത്രം. ഇന്നലെ മാത്രം സിനിമ 11 കോടി രൂപയാണ് കളക്ട് ചെയ്തത്.

‘ദി കേരള സ്റ്റോറി’ ഇതുവരെ നേടിയത് 56.72 കോടി രൂപയാണ്. സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം നിര്‍മിച്ചിരിക്കുന്നത് വിപുല്‍ ഷായാണ്. അദാ ശര്‍മ നായികയാകുന്ന ചിത്രത്തില്‍ യോഗിത ബിഹ്ലാനി, സോണിയ ബലാനി, സിദ്ധി ഇതാദി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദ കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന് ലഭിച്ച തരത്തിലുള്ള സ്വീകാര്യതയാണ് ദി കേരള സ്റ്റോറിയ്ക്കും ലഭിക്കുന്നത്.

കേരളത്തില്‍ നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. തീവ്രവാദ പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാണിക്കുന്ന ചിത്രത്തിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്ത് വന്നത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നതാണ് ഇവരുടെ ആരോപണം.

കൊല്‍ക്കത്ത: ‘ദി കേരള സ്റ്റോറി’ നിരോധിക്കേണ്ടിയിരുന്നത് താനല്ല, സി.പി.എമ്മായിരുന്നെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിമര്‍ശിച്ചു.

‘ഞാന്‍ അല്ല സിപിഎം ആയിരുന്നു ഈ സിനിമയെ എതിര്‍ക്കേണ്ടിയിരുന്നത്. എന്നാല്‍ അവര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സിനിമ പ്രദര്‍ശിപ്പിക്കുകയാണ്.
എന്താണ് ഈ കേരള സ്റ്റോറി..ഞാന്‍ സിപിഎമ്മിനെ പിന്തുണക്കുന്നില്ല. ജനങ്ങളെയാണ് പിന്തുണക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇത് വളരെ സങ്കടകരമാണെന്നാണ് കേരള മുഖ്യമന്ത്രിയോട് പറയാനുള്ളത്- മമത പറഞ്ഞു. ‘ദി കേരള സ്റ്റോറി’ ബംഗാളില്‍ നിരോധിച്ചുകൊണ്ട് സംസാരിക്കുന്നതിനിടയിലാണ് സിപിഎമ്മിനെയും കേരള മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ചത്.

വിദ്വേഷം പ്രചരിപ്പിക്കുന്ന ‘ദി കേരള സ്റ്റോറി’ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ബംഗാള്‍ സര്‍ക്കാര്‍ കേരള സ്റ്റോറിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. വിദ്വേഷവും അക്രമവും ഒഴിവാക്കാനും സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താനുമായി ദി കേരള സ്റ്റോറി നിരോധിക്കുകയാണെന്ന് മമത ബാനര്‍ജി പറഞ്ഞു.

ജൂഡ് ആന്തണി ജോസഫ് സംവിധാനത്തില്‍ പ്രളയം ഇതിവൃത്തമാക്കി നിര്‍മ്മിച്ച സിനിമ ‘2018’ന് റെക്കോര്‍ഡ് കളക്ഷന്‍. നാലുദിവസം കൊണ്ട് ചിത്രം ആഗോള തലത്തില്‍ വാരിയത് 32 കോടി രൂപ. ഇതോടെ ഒടിടി, സാറ്റലൈറ്റ്സ്, തിയേറ്റര്‍ ഷെയര്‍, ഓവര്‍സീസ് ഷെയര്‍ എന്നിവയില്‍ നിന്നും സിനിമ സാമ്ബത്തികമായി നേട്ടമുണ്ടാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 9 കോടിയാണ് കേരളത്തില്‍ നിന്നു മാത്രം ലഭിച്ചത്. ആദ്യ ദിനം 1.85 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. രണ്ടാം ദിവസം ഏകദേശം 3.5 കോടി രൂപയും. രണ്ടാം ദിനം അര്‍ധരാത്രി മാത്രം 67 സ്‌പെഷ്യല്‍ ഷോകളാണ് കേരളത്തിലുടനീളം നടന്നത്. മൂന്നാംദിനം 90 ശതമാനം ടിക്കറ്റുകളും വിറ്റുപോയിട്ടുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് 2018 പോകുന്നതെന്ന് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരെയ്ന്‍, അപര്‍ണ ബാലമുരളി, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്.

കൊല്‍ക്കത്ത: വിവാദ ചിത്രം ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം പശ്ചിമ ബംഗാളില്‍ വിലക്കിയ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നടപടിക്കെതിരെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു.

ചിത്രം സംസ്ഥാനത്ത് പ്രദേശിപ്പിക്കുന്നതിന് ഇന്നലെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വിലക്ക് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം പാലിക്കുന്നതിന് വേണ്ടിയാണ് തീരുമാനമെന്നാണ് വിലക്ക് സംബന്ധിയായ തീരുമാനത്തേക്കുറിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചത്.

അതേസമയം, ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാണിച്ച് തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലക്‌സുകളും ചിത്രം പ്രദര്‍ശിപ്പിക്കുന്നത് മെയ് 7 മുതല്‍ നിര്‍ത്തി വയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, തമിഴ്‌നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നും നിര്‍മ്മാതാക്കള്‍ അപേക്ഷയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഐഎസ്‌ഐഎസ് ക്യാംപുകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട മൂന്ന് വനിതകളുടെ അവസ്ഥയാണ് വിവാദ ചിത്രത്തിന്റെ പ്രമേയം. പ്രണയത്തിലൂടെ മതപരിവര്‍ത്തനം നടത്തി തീവ്രവാദത്തിലേക്ക് എത്തിക്കുന്നുവെന്നാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്.

താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ‘2018’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ഒരോ കുടുംബങ്ങള്‍ക്കും ഒരു ലക്ഷം വീതം നല്‍കുമെന്നാണ് ടീം അറിയിച്ചിരിക്കുന്നത്.

അതേസമയം, അപകടത്തില്‍പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് രണ്ടു ലക്ഷം വീതവും പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വിവാദ സിനിമ ‘ദി കേരള സ്റ്റോറി’ക്ക് പശ്ചിമ ബംഗാളില്‍ നിരോധനം. വിദ്വേഷം പ്രചരിപ്പിക്കുന്ന ‘ദി കേരള സ്റ്റോറി’ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ബംഗാള്‍ സര്‍ക്കാറിന്റെ നടപടി. വിദ്വേഷവും അക്രമവും ഒഴിവാക്കാനും സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്തിനുമായി ദി കേരള സ്റ്റോറി നിരോധിക്കുകയാണെന്ന് മമത ബാനര്‍ജി സംസ്ഥാന സെക്രട്ടറിയേറ്റില്‍ അറിയിച്ചു.

‘ആദ്യം അവര്‍ കശ്മീര്‍ ഫയലുകളുമായി വന്നു, ഇപ്പോള്‍ അത് കേരള സ്റ്റോറിയാണ്, പിന്നെ അവര്‍ ബംഗാള്‍ ഫയലുകള്‍ക്കായി പ്ലാന്‍ ചെയ്യുന്നു’- മമത ബാനര്‍ജി പറഞ്ഞു. എന്തിനാണ് ബിജെപി വര്‍ഗീയ ലഹളയുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും മമത ചോദിച്ചു.