സിനിമാ മേഖലയില്‍ വ്യാപക ലഹരി ഉപയോഗം; തുറന്നടിച്ച് നടന്‍ ടിനി ടോം

ഒരു പ്രമുഖ നടന്റെ മകനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും തന്റെ മകനെ സിനിമയില്‍ അഭിനയിക്കാന്‍ വിട്ടില്ലെന്നും സിനിമാ മേഖലയില്‍ വ്യാപക ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നും നടന്‍ ടിനി ടോം. കേരള സര്‍വകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയില്‍ ഒരു വലിയ നടന്റെ മകന്റെ വേഷത്തില്‍ അഭിനയിക്കാന്‍ എന്റെ മകന് അവസരം ലഭിച്ചു. പക്ഷേ, മകനെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ വിടാന്‍ പറ്റില്ലെന്ന് എന്റെ ഭാര്യ പറഞ്ഞു. മയക്കുമരുന്നിനെ കുറിച്ചുള്ള ഭയമായിരുന്നു ഭാര്യയ്ക്ക്. 17-18 വയസിലാണ് കുട്ടികള്‍ വഴി തെറ്റുന്നത്. എനിക്ക് ഒരു മകനെയുള്ളൂ. യുവാക്കളെ നശിപ്പിക്കുന്ന മഹാമാരിയാണ് ലഹരി. ഇതിനെതിരെ യുവാക്കളാണ് മുന്നിട്ടിറങ്ങേണ്ടത്. കല നമ്മുടെ ലഹരിയായി മാറട്ടെ’- ടിനി ടോം പറഞ്ഞു.

ലഹരിയ്ക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങി. ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്ന് പലരും പറയുന്നു. ഇപ്പോള്‍ പല്ല്, അടുത്തത് എല്ല് പൊടിയും. അതുകൊണ്ട് കലയാകണം നമുക്ക് ലഹരിയെന്നും ടിനി ടോം ചൂണ്ടിക്കാട്ടി.