വിവാദ ചിത്രം ദി കേരള സ്റ്റോറിക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്നവര്‍ തീവ്രവാദികളാണെന്ന് നടി കങ്കണ റണൗട്ട്. എബിപിയുടെ പൊതുപരിപാടിയ്ക്കിടെയായിരുന്നു താരത്തിന്റെ പ്രസ്താവന.
‘ഞാന്‍ ഇതുവരെ ചിത്രം കണ്ടിട്ടില്ല, പക്ഷെ സിനിമ ബഹിഷ്‌കരിക്കാന്‍ ഒരുപാട് പ്രതിഷേധങ്ങളുണ്ടായി. ഞാനിന്ന് വായിച്ചതാണ്, തെറ്റാണെങ്കില്‍ തിരുത്തുക, ഹൈക്കോടതി പോലും പറഞ്ഞിട്ടുണ്ട് ഈ ചിത്രത്തെ വിലക്കരുതെന്ന്. ഐഎസ്ഐഎസ് നെ ഒഴിച്ച് ബാക്കി ആരെയും ചിത്രത്തില്‍ മോശമായി ചിത്രീകരിക്കുന്നില്ലെന്നാണ് എന്റെ നിഗമനം. രാജ്യത്തിന്റെ നീതിപീഠം വിലക്കരുതെന്ന് പറയുന്നുണ്ടെങ്കില്‍ അതല്ലേ ശരി. ഐഎസ്ഐഎസ് ഒരു തീവ്രവാദ സംഘടനയാണ്. ഞാനല്ല അവരെ തീവ്രവാദികള്‍ എന്ന് വിളിച്ചത്. നമ്മുടെ രാജ്യം, ആഭ്യന്തര മന്ത്രാലയം, മറ്റു രാജ്യങ്ങളെല്ലാം അവരെ അങ്ങനെ വിളിച്ചിട്ടുണ്ട്. ഞാന്‍ ഇവിടെ സംസാരിക്കുന്നത് ഈ ചിത്രം തങ്ങളെ ആക്രമിക്കുന്നെന്ന് പറയുന്നവരോടാണ്, അങ്ങനെ തോന്നിയാല്‍ നിങ്ങളൊരു തീവ്രവാദിയാണ്’ -കങ്കണ പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള 32,000 സ്ത്രീകളെ കാണാതാവുകയും അവര്‍ തീവ്രവാദ സംഘടനയാണ് ഐഎസ്ഐഎസ് ല്‍ ചേര്‍ന്നെന്നും ചിത്രത്തിന്റെ ട്രെയിലറില്‍ പറഞ്ഞതിനു പിന്നാലെയാണ് വിവാദങ്ങള്‍ ഉടലെടുത്തത്. ഇതിനെതിരെ അനവധി പ്രമുഖര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. പിന്നീട് ട്രെയിലറില്‍ മൂന്ന് സ്ത്രീകള്‍ എന്ന് തിരുത്തുകയും ചെയ്തു.

