ജവാന്‍ പോസ്റ്ററില്‍ കണ്ടില്ലെന്ന് ആരാധകര്‍; ‘ഇതാ എന്റെ മുഖം’ എന്ന് ഷാരൂഖ് ഖാന്‍

ജവാന്‍ സിനിമയുടെ പോസ്റ്ററില്‍ ഷാരൂഖ് ഖാന്റെ മുഖം കാണാനില്ലെന്ന പരാതിയുമായി താരത്തിന്റെ ആരാധകര്‍ രംഗത്ത്. അതിനാല്‍, ഒരു മോണോക്രോം ചിത്രം പങ്കുവെച്ചുകൊണ്ട് ‘ഇതാ എന്റെ മുഖം’ എന്ന് ആരാധകര്‍ക്കായി ഷാരൂഖ് കുറിച്ചു. അലസമായ തലമുടിയില്‍ ഒരു ചുമരിനടുത്ത് നില്‍ക്കുന്ന ചിത്രം ജവാനിലെ ലുക്കിലുള്ളതാണ്. സെപ്റ്റംബര്‍ 7നാണ് ജവാന്‍ തിയേറ്ററുകളില്‍ എത്തുന്നത്.

അറ്റ്ലി-ഷാരൂഖ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമാണ് ‘ജവാന്‍’. ജൂണ്‍ 2ന് തിയേറ്ററുകളില്‍ എത്തുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോയതോടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കുടുതല്‍ സമയം ആവശ്യമായി വരികയായിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രത്തിന് റിലീസ് ഉണ്ട്. നയന്‍താര ആദ്യമായി ബോളിവുഡില്‍ അഭിനയിക്കുന്നു എന്നതും പ്രത്യേകതയാണ്.

വിജയ് സേതുപതി, പ്രിയാമണി, സന്യ മല്‍ഹോത്ര, യോഗി ബാബു, സുനില്‍ ഗ്രോവര്‍, റിധി ദോഗ്ര എന്നിവരും ജവാനില്‍ പ്രധാന താരങ്ങളാണ്. ദീപിക പദുക്കോണും സഞ്ജയ് ദത്തും കാമിയോ വേഷത്തില്‍ എത്തുന്നുണ്ട്.