കൊച്ചി: വിദേശത്തു നിന്ന് വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം സിനിമാ മേഖലയില്‍ എത്തുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പരിശോധനകള്‍ ശക്തമാക്കി ആദായ നികുതി വകുപ്പും ഇ ഡിയും. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ആശയപ്രചാരണത്തിനുവേണ്ടിയുള്ള സിനിമകളുടെ നിര്‍മ്മാണത്തിനുവേണ്ടിയാണ് കള്ളപ്പണം എത്തുന്നതെന്നാണ് സൂചന. മലയാളത്തിലെ പുതിയ ചിത്രങ്ങളുടെ പ്രമേയങ്ങള്‍ അതിസൂക്ഷ്മമായി പരിശോധിക്കാനും കേന്ദ്ര ആഭ്യന്തര വകുപ്പ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള അഞ്ച് നിര്‍മ്മാതാക്കളില്‍ ഒരാളും മലയാളത്തിലെ നടനും കൂടിയായ നിര്‍മാതാവ് വിദേശത്ത് വന്‍തുക കൈപ്പറ്റിയതിന്റെ രേഖകള്‍ ഏജന്‍സികള്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന് നിര്‍മ്മാണ കമ്പനി 25 കോടിയോളം രൂപ പിഴയടച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അടുത്തിടെ മലയാളത്തില്‍ കൂടുതല്‍ മുതല്‍മുടക്ക് നടത്തിയ ഒരു നിര്‍മാതാവിനെ ആദായ നികുതിവകുപ്പ് ചോദ്യം ചെയ്തുവരികയാണ്. മറ്റ് മൂന്ന് നിര്‍മ്മതാക്കള്‍ക്കുകൂടി ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇ ഡി നോട്ടീസയച്ചിട്ടുണ്ട്. ഇവരുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ മൊഴിയും രേഖപ്പെടുത്തുമെന്നാണ് വിവരം.
അതേസമയം, വിദേശത്തുനിന്നുള്ള കള്ളപ്പണ നിക്ഷേപമുള്ള സിനിമകളുടെ നിര്‍മാണ വേളയിലാണ് ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ഏറ്റവും കൂടുതല്‍ ലഹരിമരുന്ന് എത്തുന്നതെന്ന മൊഴിയും ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്.

