തിയേറ്ററുകളില്‍ മികച്ച വിജയം നേടിയ 2018, പാച്ചുവും അത്ഭുതവിളക്കും എന്നീ സിനിമകള്‍ കരാര്‍ ലംഘിച്ച് ഒടിടി പ്ലാറ്റ് ഫോമുകള്‍ക്ക് നല്‍കിയതിനെതിരെ 2 ദിവസം സംസ്ഥാനമൊട്ടാകെ തിയേറ്റര്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്.
റിലീസ് ചെയ്ത് 42 ദിവസത്തിനുള്ളില്‍ ചിത്രം ഒടിടിക്ക് കൊടുത്താല്‍ ആ നിര്‍മാതാവിന്റെ ചിത്രം ഇനി തിയേറ്ററില്‍ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി. 2 ചിത്രങ്ങളുടെയും നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും നോട്ടീസ് നല്‍കും. പ്രേക്ഷകരെയും തിയേറ്റര്‍ ഉടമകളെയും പറ്റിക്കുന്ന നിലപാട് പാടില്ല. നാളെയും മറ്റന്നാളും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ഉണ്ടാകില്ലെന്നും ഫിയോക് ഭാരവാഹികള്‍ വ്യക്തമാക്കി. നടന്മാര്‍ നിര്‍മാതാക്കളായ ശേഷം ഒടിടി റിലീസുകള്‍ കൂടി. വിഷയത്തില്‍ 20 ദിവസത്തിനകം സര്‍ക്കാര്‍ തീരുമാനം അറിയിച്ചില്ലെങ്കില്‍ തിയേറ്ററുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. തിയേറ്റര്‍ ഉടമകളുടെ സ്വപ്നമാണ് ഒടിടി കാരണം തകരുന്നത്. സര്‍ക്കാര്‍ നികുതി കൂട്ടുന്നത് തിരിച്ചടിയാകുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ജൂഡ് ആന്റണി ജോസഫിന്റെ 2018 സിനിമ ജൂണ്‍ 7ന് സോണി ലിവിലൂടെ പ്രദര്‍ശനം ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ തിയേറ്ററുകളില്‍ മികച്ച പ്രകടനം നടത്തിയ ഫഹദ് ഫാസിലിന്റെ പാച്ചുവും അത്ഭുതവിളക്കും ആമസോണ്‍ പ്രൈമിലൂടെ ഒടിടി പ്രദര്‍ശനം ആരംഭിച്ചു കഴിഞ്ഞു.

