Entertainment (Page 72)

കര്‍ഷക സമരം പ്രമേയമാവുന്ന കമല്‍ഹാസന്റെ 233-ാം സിനിമ എച്ച്. വിനോദ് സംവിധാനം ചെയ്യും. കമല്‍ഹാസനും എച്ച്. വിനോദും കര്‍ഷകരെ കണ്ടു സംസാരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.

കമല്‍ഹാസനു നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ 233-ാം ചിത്രം താന്‍ സംവിധാനം ചെയ്യുന്നതെന്ന് എച്ച്. വിനോദ് ട്വിറ്ററിലൂടെ അറിയിച്ചു. കര്‍ഷക സമരത്തെ പരസ്യമായി പിന്തുണയ്ക്കുന്ന താരമാണ് കമല്‍ഹാസന്‍. വലിമൈ, തുനിവ് എന്നീ അജിത് സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എച്ച്. വിനോദ്.

പ്രഭാസിന്റെ ‘ആദിപുരുഷ്’ ജൂണ്‍ 16-ന് തിയറ്ററുകളിലെത്തുകയാണ്. വലിയ ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ, നിര്‍ധനരായ കുട്ടികള്‍ക്കായി 10,000 ടിക്കറ്റുകള്‍ വാങ്ങുമെന്നറിയിച്ചിരിക്കുകയാണ് നടന്‍ രാം ചരണ്‍. നേരത്തെ രണ്‍ബീര്‍ കപൂറും ആദിപുരുഷിന്റെ 10,000 ടിക്കറ്റുകള്‍ വാങ്ങിയിരുന്നു.

തെലങ്കാനയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും അനാഥാലയങ്ങള്‍ക്കും വൃദ്ധസദനങ്ങള്‍ക്കുമായി ആദിപുരുഷിന്റെ 10,000 ടിക്കറ്റുകള്‍ സംഭാവന ചെയ്യുമെന്ന് കശ്മീര്‍ ഫയല്‍സിന്റെ നിര്‍മ്മാതാവായ അഭിഷേക് അഗര്‍വാളും വ്യക്തമാക്കിയിരുന്നു. രാമായണത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ രാമനായി പ്രഭാസും സീതയായി കൃതി സനോണും വേഷമിടുന്നു. ഓം റൗത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാനാണ്. നടന്‍ സണ്ണി സിംഗും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹനുമാന്‍ ആയി ദേവദത്ത നാഗേയും അഭിനയിക്കുന്നു. സിനിമയുടെ ബജറ്റ് 500 കോടിയാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളില്‍ സിനിമ റിലീസ് ചെയ്യും.

വിവാദങ്ങള്‍ക്ക് വിരാമമായെന്നും ഫ്‌ളഷ് എന്ന സിനിമ ജൂണ്‍ 16ന് തിയേറ്ററുകളില്‍ എത്തുമെന്നുമുള്ള നിര്‍മാതാവ് ബീനാ കാസിമിന്റെ പ്രഖ്യാപനത്തിന് മറുപടിയുമായി സംവിധായിക ഐഷ സുല്‍ത്താന. രണ്ട് വര്‍ഷമായി ബി.ജെ.പിയെ പേടിച്ച് പെട്ടിയില്‍ സൂക്ഷിച്ചുവെച്ച സിനിമ ജനങ്ങളുടെ പ്രതികരണം കണ്ട് മുട്ടുമടക്കി റിലീസ് ചെയ്യുകയാണെന്ന് ഐഷ പറഞ്ഞു. ഇനിയാണ് യഥാര്‍ഥ പ്രശ്‌നം തുടങ്ങുന്നതെന്നും നീതി കിട്ടുന്നതുവരെ മുന്നോട്ടു പോകുമെന്നും ഐഷ ഫേസ് ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വിവാദങ്ങള്‍ക്ക് വിരാമം, ഫ്‌ളഷ് ഈ വരുന്ന 16ന് തിയറ്ററിലേക്ക് പോലും…

എന്നാര് പറഞ്ഞു, ഇത് ബീനാ കാസിം മാത്രം തീരുമാനിച്ചാല്‍ മതിയോ? ഇനിയാണ് യഥാര്‍ത്ഥ പ്രശ്‌നം തുടങ്ങുന്നത്, നീതി കിട്ടുന്നത് വരെ ഞാന്‍ മുന്നോട്ടു പോകും. രണ്ട് വര്‍ഷമായി ബി.ജെ.പിയെ പേടിച്ച് പെട്ടിയില്‍ സൂക്ഷിച്ചു വെച്ച സിനിമ ജനങ്ങളുടെ പ്രതികരണം കണ്ട് മുട്ടുമടക്കി ഈ വരുന്ന 16ന് റിലീസ് ചെയ്യാന്‍ പോവാണെന്ന് അറിഞ്ഞു. അത് കേട്ടതില്‍ വളരെയധികം സന്തോഷം. എന്നാല്‍ ലക്ഷദ്വീപില്‍ കാലങ്ങളായി ഞങ്ങള്‍ ദ്വീപുകാര്‍ അനുഭവിക്കുന്ന ഞങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട ഹോസ്പിറ്റല്‍ ഫെസിലിറ്റീസുകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഞാനീ സിനിമ ചെയ്തത്. അതുകൊണ്ട് തന്നെ ഈ സിനിമയില്‍ കൂടി ബീനാ കാസിം എന്ന പ്രൊഡ്യൂസറിന് എന്ത് ലാഭം കിട്ടിയാലും അതിന്റെ നേര്‍പകുതി ലക്ഷദ്വീപില്‍ നിന്നും ഇവാക്കുവേഷന്‍ ചെയ്ത് കേരളത്തില്‍ എത്തികൊണ്ടിരിക്കുന്ന രോഗികളുടെ ചികിത്സാ ആവശ്യങ്ങള്‍ക്ക് വേണ്ടി കൊടുക്കണം. കൊടുത്തേ പറ്റുള്ളൂ, ഈ കാര്യത്തിലൊരു തീരുമാനം നിങ്ങള്‍ ഉടനെ ഉണ്ടാക്കണം. ഇല്ലെങ്കില്‍ ഈ സിനിമ പൂര്‍ണമായിട്ടും ഞങ്ങള്‍ക്ക് വിട്ട് തരണം. ഇതൊരിക്കലും നിങ്ങളോട് ഞാന്‍ റിക്വസ്റ്റ് ചെയ്യുന്നതല്ല, ഇതെന്റെ അവകാശമാണ്, എന്റെ നാട്ടുകാരുടെ ആവശ്യമാണ്.

ഈ സിനിമയെ നിങ്ങള്‍ കൊന്ന് കളഞ്ഞില്ലേ. ഇനി ആ ബോഡി കൊണ്ടെങ്കിലും എന്റെ നാട്ടുകാര്‍ക്ക് ഒരു ഉപകാരമുണ്ടാവട്ടെ…

(കിട്ടുന്ന ലാഭത്തിന്റെ നേര്‍ പകുതി രോഗികള്‍ക്ക് കൊടുക്കണമെന്നത് ഞാനി ഈ സിനിമ ഷൂട്ട് തുടങ്ങുന്നതിനു മുന്നേ തന്നെ ബീനാ കാസിനോട് ആവശ്യപ്പെട്ടതും അവരത് ചെയ്യാം എന്ന് സമ്മതിച്ചതുമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഈ സിനിമയില്‍ അഭിനയിച്ച ആര്‍ടിസ്റ്റ് ആര്‍ക്കും തന്നെ ക്യാഷ് കൊടുത്തിരുന്നില്ല, അവരും ദ്വീപിന്റെ ഈ ബുദ്ധിമുട്ട് നേരില്‍ കണ്ടിട്ട് കൂടെ നിന്നവരാണ്, എന്റെ ടെക്‌നിഷ്യന്‍മ്മാരും സാലറി വളരെ കുറച്ചാണ് വര്‍ക്ക് ചെയ്തത്, ഞാനും പ്രോഡക്ഷന്‍ കണ്‍ഡ്രോളറും ഒരു രൂപ പോലും വാങ്ങിട്ടില്ല, ഇനി വാങ്ങുകയുമില്ല. എന്നാല്‍ അവര്‍ ഞങ്ങള്‍ക്ക് തന്ന വാക്ക് പാലിക്കണം… ഇപ്പോഴത്തെ അവരുടെ നാടകത്തില്‍ പെട്ട് ഞാനത് വിടാന്‍ ഉദ്ദേശിക്കുന്നില്ല… അത്രതന്നെ

കൊച്ചി: ഐഷ സുല്‍ത്താന സംവിധാനം ചെയ്ത ചിത്രമായ ഫ്‌ളഷ് തിയേറ്ററുകളിലെത്തുന്നു. ജൂണ്‍ 16-ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മാതാവായ ബീനാ കാസിം കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു.

ലക്ഷദ്വീപില്‍ നിന്നുള്ള അടിയന്തര ചികിത്സ വേണ്ടി വരുന്ന രോഗികളെ വ്യോമമാര്‍ഗം കേരളത്തിലെത്തിക്കുന്ന സാഹചര്യം പ്രമേയമാക്കിയാണ് സംവിധായിക ചിത്രം ഒരുക്കിയിരുന്നത്. ചിത്രത്തിന്റെ റിലീസ് രാഷ്ട്രീയമായ എതിര്‍പ്പ് മൂലം നിര്‍മാതാവ് നീട്ടിക്കൊണ്ടു പോകുന്നതായി ഐഷ സുല്‍ത്താന ആരോപിച്ചിരുന്നു. എന്നാല്‍ ചിത്രം വഴി തനിക്ക് ആവശ്യമില്ലാത്ത രാഷ്ട്രീയ ശത്രുക്കളെ സൃഷ്ടിക്കാനാണ് സംവിധായക ശ്രമിച്ചതെന്ന് നിര്‍മാതാവായ ബീനാ കാസിം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനെതിരെ സംസാരിച്ചു എന്ന് ആരോപിച്ച് നിര്‍മാതാവ് ചിത്രത്തിന്റെ റിലീസ് തടഞ്ഞതായും എഡിറ്റിംഗില്‍ അടക്കം ഇടപെട്ടതായും ഐഷ സുല്‍ത്താന നേരത്തെ അറിയിച്ചിരുന്നു, സിനിമയിലുള്ള എയര്‍ ഇവാക്വേഷന്‍ യാഥാര്‍ത്ഥ്യമല്ല എന്നാണ് നിര്‍മാതാവിന്റെ വാദമെന്നും ഒന്നരവര്‍ഷം മുന്‍പ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയ ചിത്രത്തിന്റെ റിലീസ് ഇനിയും വൈകിയാല്‍, പ്രസക്ത ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കുമെന്നും ഐഷ സുല്‍ത്താന വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിജെപി ലക്ഷദ്വീപ് ഘടകം സെക്രട്ടറിയുടെ ഭാര്യ ആയിട്ട് കൂടി തന്നെയാണ് താന്‍ ഐഷ സുല്‍ത്താനയുടെ ചിത്രം നിര്‍മിക്കാനിറങ്ങിയതെന്ന് ബീനാ കാസിം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍പ് പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായ പല ഭാഗങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതായും ഇത് വഴി തനിക്ക് അനാവശ്യ രാഷ്ട്രീയ ശത്രുക്കളെയുണ്ടാക്കാനാണ് സംവിധായിക ശ്രമിച്ചതെന്നും അവര്‍ തുടര്‍ന്നു.

ബിഗ് ബോസ് സീസണ്‍ അഞ്ചിന്റെ ഗ്രാന്‍ഡ്‌ ഫിനാലെ ജൂലൈ രണ്ടാം തീയതി നടക്കുമെന്ന മോഹന്‍ലാല്‍ അറിയിച്ചു. വൈകുന്നേരം ഏഴ് മണി മുതല്‍ ഷോ ആരംഭിക്കും. ഫൈനലില്‍ ആരാകും വിജയി ആകുകയെന്ന് അറിയാന്‍ താനും ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു.

ഏറ്റവും അര്‍ഹരായവരെ തെരഞ്ഞെടുത്ത് വിജയിപ്പിക്കുക എന്നതാണ് ഈ ഷോയുടെ വിധിനിര്‍ണായക ശക്തികള്‍ എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് ചെയ്യാനുള്ളത്. പി ആര്‍ ഏജന്‍സികള്‍, പ്രത്യേക താല്പര്യങ്ങളുള്ള ആര്‍മികള്‍ എന്നിവരുടെ പ്രേരണയാല്‍ നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ പാഴാക്കാതെ യുക്തിപൂര്‍വ്വം ചിന്തിച്ച് അര്‍ഹരായവര്‍ക്ക് വോട്ടുകള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

18 മത്സരാര്‍ത്ഥികളുമായാണ് ഇത്തവണ ബിഗ് ബോസ് തുടങ്ങിയത്. റെനീഷ റഹ്മാന്‍, റിനോഷ് ജോര്‍ജ്, സെറീന, ശോഭ വിശ്വനാഥ്, സാഗര്‍ സൂര്യ, വിഷ്ണു ജോഷി, എയ്ഞ്ചലിന്‍ മരിയ, ശ്രീദേവി മേനോന്‍, ജുനൈസ്, അഖില്‍ മാരാര്‍, അഞ്ജൂസ് റോഷ്, മനീഷ കെ എസ്, അനിയന്‍ മിഥുന്‍, നാദിറ മെഹ്‌റിന്‍, ഐശ്വര്യ ലച്ചു, ഷിജു എ ആര്‍, ശ്രുതി ലക്ഷ്മി, ഗോപിക ഗോപി എന്നിവരാണ് അവര്‍. ഇതില്‍ നിന്നും ഓരോരുത്തരായി എവിക്ഷനിലൂടെ പുറത്തായി. നിലവില്‍, സെറീന, റെനീഷ, ജുനൈസ്, വിഷ്ണു, അഖില്‍ മാരാര്‍, ഷിജു, ശോഭ, റിനോഷ്, നാദിറ, അനിയന്‍ മിഥുന്‍ എന്നിവരാണ് ഷോയില്‍ അവശേഷിക്കുന്നത്.

കൊച്ചി: വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ദിലീപ് ചിത്രമായ സിഐഡി മൂസയില്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം ഏറെ സ്വീകാര്യത നേടിയിരുന്നു.

1993ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ഗാന്ധര്‍വത്തിലൂടെയായിരുന്നു മലയാള സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. വര്‍ണപകിട്ട്, ദി കിംഗ്, ഡോണ്‍, മായാമോഹിനി, രാജാധിരാജ, മര്യാദ രാമന്‍ അടക്കമുള്ള മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഓം റാവത്ത് സംവിധാനം ചെയ്ത ആദിപുരുഷ് രാമായണം പശ്ചാത്തലമാക്കുന്ന എപിക് മിത്തോളജിക്കല്‍ ചിത്രമാണ്. ജൂണ്‍ 16 നാണ് ചിത്രത്തിന്റെ റിലീസ് തീയതി. റിലീസിലേക്ക് അടുക്കുന്തോറും ഓരോ ദിവസവും ചിത്രം സംബന്ധിച്ച് നിരവധി അപ്‌ഡേറ്റുകള്‍ എത്തുന്നുണ്ട്.

ചിത്രത്തിന്റെ 10,000 ടിക്കറ്റുകള്‍ എടുക്കുമെന്ന് അറിയിച്ച് ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് അഭിഷേക് അഗര്‍വാള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ 10,000 ടിക്കറ്റുകള്‍ ഒരുമിച്ചെടുക്കുമെന്ന് അറിയിച്ച് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ ആണ് ചിത്രത്തിന്റെ 10,000 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

നിര്‍ധനരായ കുട്ടികള്‍ക്ക് ചിത്രം കാണാനുള്ള അവസരം ഉണ്ടാക്കുക എന്ന ലക്ഷ്യവുമായാണ് ഇത്. അതേസമയം അഭിഷേക് അഗര്‍വാള്‍ ബുക്ക് ചെയ്യുന്ന ചിത്രത്തിന്റെ 10,000 ടിക്കറ്റുകള്‍ തെലങ്കാന സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലുമായാണ് വിതരണം ചെയ്യുക.

ടി ജെ ജ്ഞാനവേല്‍ സംവിധാനത്തില്‍ 32 വര്‍ഷങ്ങള്‍ക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്നു.

അന്താ കാനൂന്‍, ഗെരാഫ്താര്‍, ഹം എന്നീ ചിത്രങ്ങളില്‍ ബച്ചനും രജനിയും ഒരുമിച്ചിട്ടുണ്ട്.തമിഴില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ്.അടുത്ത മാസം ചിത്രീകരണം ആരംഭിക്കും. അര്‍ജുന്‍ ആണ് ചിത്രത്തില്‍ പ്രതിനായകന്‍.

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 500 കോടിയിലധികം നേടിയ ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ചിത്രം പഠാന്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ആകെ നേടിയ ഗ്രോസ് 1050 കോടി ആയിരുന്നു.

ഇപ്പോള്‍ റഷ്യന്‍ റിലീസിന് ഒരുങ്ങുകയാണ് യാഷ് രാജ് ഫിലിംസിന്റെ ചിത്രം. മികച്ച സ്‌ക്രീന്‍ കൌണ്ടോടെ വൈഡ് റിലീസ് ആയാണ് പഠാന്‍ എത്തുന്നത്. 3000 ല്‍ അധികം സ്‌ക്രീനുകളിലായാണ് റഷ്യയിലും സിഐഎസിലും (കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്‍ഡ് സ്റ്റേറ്റ്‌സ്) ചിത്രം ഇറങ്ങുന്നത്. റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയ പതിപ്പാണ് എത്തുക. ജൂലൈ 13 ന് തിയേറ്ററുകളില്‍ എത്തും.

ആദ്യമായി 200 കോടി ബിസിനസ് എന്ന റെക്കോര്‍ഡ് സ്വന്തമാക്കുന്ന മലയാള ചിത്രമായി മാറിയിരിക്കുകയാണ് ജൂഡ് ആന്റണി ജോസഫ് സംവിധാനം നിര്‍വഹിച്ച 2018. ചിത്രം 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു എന്ന വാര്‍ത്ത അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു.

ആദ്യ 150 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മലയാള സിനിമയും 2018 ആയിരുന്നു ചിത്രത്തിന്റെ തമിഴ് തെലുങ്ക് ഹിന്ദിമൊഴിമാറ്റ പതിപ്പുകള്‍ അടുത്തിടെ റിലീസ് ചെയ്യപ്പെടുകയും മികച്ച കളക്ഷന്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. ജൂണ്‍ 7 മുതല്‍ ഒടിടി യിലും ചിത്രം റിലീസ് ചെയ്തു.

ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരേന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് എന്നിങ്ങനെ നീണ്ട താരനിര തന്നെയാണ് 2018 എന്ന ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.