റിലീസിന് മുന്‍പ് ബജറ്റിന്റെ 85 ശതമാനവും തിരിച്ചുപിടിച്ച് ‘ആദിപുരുഷ്’

ഓം റൗട്ട് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ആദിപുരുഷ്’ റിലീസിന് മുന്‍പ് ബജറ്റിന്റെ 85 ശതമാനവും തിരിച്ചുപിടിച്ചതായി റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ബജറ്റ് 500 കോടിയാണ്. വന്‍ പ്രീ റിലീസ് ഹൈപ്പ് ലഭിക്കുന്ന ചിത്രങ്ങളുടെ പട്ടികയിലേക്ക് അങ്ങനെ പ്രഭാസ് നായകനാവുന്ന ബഹുഭാഷാ ചിത്രം ആദിപുരുഷും ഇടംപിടിച്ചു.

സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ് റൈറ്റ്സുകളുടെ വില്‍പ്പന വഴി 247 കോടി രൂപയാണ് ആദിപുരുഷ് നേടിയത്. തെന്നിന്ത്യയില്‍ നിന്ന് മാത്രം തിയേറ്റര്‍ വിതരണാവകാശം വഴി 185 കോടി രൂപയും ചിത്രം നേടി. അങ്ങനെ ആകെ 432 കോടിയാണ് ചിത്രം സമാഹരിച്ചത്.

ചിത്രം ജൂണ്‍ 16-ന് തിയേറ്ററുകളിലെത്തും. മികച്ച ഓപ്പണിംഗ് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം പോസിറ്റീവ് അഭിപ്രായം നേടുന്നപക്ഷം ഹിന്ദി പതിപ്പില്‍ നിന്ന് മാത്രം ആദ്യ മൂന്ന് ദിവസങ്ങളില്‍ 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ചിത്രത്തില്‍ രാഘവ എന്ന കഥാപാത്രമായി പ്രഭാസും ജാനകിയായി കൃതി സനോണും ലങ്കേഷ് എന്ന വില്ലന്‍ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തില്‍ ദേവദത്ത നാഗേയും വത്സല്‍ സേത് ഇന്ദ്ര ദേവനായുമാണ് അഭിനയിക്കുന്നത്. രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ആദിപുരുഷ് എത്തുന്നത്. 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലും ചിത്രമെത്തും.