Entertainment (Page 65)

മുംബൈ : കരൺ ജോഹർ സംവിധാനം ചെയ്ത് ആലിയ ഭട്ടും രൺവീർ സിങ്ങും പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് റോക്കി ഔർ റാണി കി പ്രേം കഹാനി. ജൂലൈ 28 ന് ഇറങ്ങിയ ചിത്രം റിലീസായി 7 ദിവസം പിന്നിടുമ്പോൾ ബോക്സ് ഓഫീസിൽ നേടിയിരിക്കുന്നത് 60 കോടി രൂപയാണ്. ഫാമിലി എന്റെർറ്റൈനെർ എന്ന രീതിയിൽ പുറത്തിറങ്ങിയ ചിത്രം മിക്ക നഗരങ്ങളിലും ഹൗസ് ഫുള്ളാണ്. ഏ ദിൽ ഹേ മുഷ്കിൽ എന്ന സിനിമയ്ക്ക് ശേഷം 7 വർഷത്തെ ഇടവേള കഴിഞ്ഞാണ് കരൺ ജോഹർ സിനിമ സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

ചിത്രം 100 കോടി കടന്നതായി കരൺ ജോഹർ ഇൻസ്റ്റാഗ്രാമിൽ കഴിഞ്ഞ ദിവസം പങ്ക് വച്ചിരുന്നു. ഹോളിവുഡ് ചിത്രങ്ങളായ ഓപ്പൻഹേയ്‌മറും ബാർബിയും ഇന്ത്യയിൽ വിജയകരമായി പ്രദർശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ റോക്കി ഔർ റാണിക്ക് കിട്ടുന്ന പിന്തുണ എടുത്തു പറയേണ്ടതാണ്. സിനിമയിലെ പാട്ടുകളെല്ലാം ഇതിനോടകം ഹിറ്റായി കഴിഞ്ഞു

സെയ്ഫ് അലിഖാൻറെയും അമൃത സിംഗിന്റെയും മകളാണ് താര പുത്രിയായ സാറ അലി ഖാൻ. മികച്ച അഭിനയത്തിലൂടെ ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്താൻ സാറയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ വോഗ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് പ്രതികരിച്ചിരിക്കുകയാണ് നടി. താനിപ്പോഴും റഷ്യൻ ചരിത്രം പഠിക്കാൻ കൊളംബിയയിലേക്ക് പോയ പെൺകുട്ടിയാണ്. എന്നെ പറ്റി എനിക്കുള്ള തിരിച്ചറിവും മറ്റുള്ളവർ പറയുന്ന അഭിപ്രായവും കൂട്ടി ചേർത്ത് ഞാൻ വിലയിരുത്താറുണ്ട്.

എന്റെ ജോലിയുമായി ബന്ധപ്പെട്ട ഏതു തരത്തിലുള്ള വിമർശനനവും ഞാൻ സ്വീകരിക്കും. എന്നാൽ വ്യക്തി ജീവിതത്തിലെ കാര്യങ്ങളായ മതം, വസ്ത്ര ധാരണം ഇതിനെപ്പറ്റിയൊക്കെ പറഞ്ഞാൽ ഞാൻ അവയൊന്നും കാര്യമാക്കില്ല എന്നാണ് താരം അഭിമുഖത്തിൽ വ്യക്തമാക്കുന്നത്. റോക്കി ഔർ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലെ അതിഥി വേഷമാണ് സാറ അവസാനം ചെയ്തത്. അനുരാഗ് ബസുവിന്റെ ചിത്രമായ മെട്രോ ഇൻ ദിനോം, കണ്ണൻ അയ്യരുടെ ഏ വധൻ മേരെ വധൻ എന്നിവയാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

കൊച്ചി : താൻ ഒറ്റപെടലിലാണെന്നും കുടുംബം ഉപേക്ഷിച്ചെന്നുമുള്ള വാർത്തകൾ അടിസ്ഥാന രഹിതമെന്ന് നടി കവിയൂർ പൊന്നമ്മ. സഹോദരനും കുടുംബത്തിനുമൊപ്പമാണ് താമസിക്കുന്നതെന്നും അവരാണ് തന്റെ കാര്യം നോക്കുന്നതെന്നും പൊന്നമ്മ വെളിപ്പെടുത്തി. തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്ക് ഒരു പണിയുമില്ലെന്നും ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ താനില്ലെന്നും നടി പറഞ്ഞു. താൻ വളരെ സന്തോഷത്തോടെയാണ് സഹോദരനോടും കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിക്കുന്നതെന്നും അവർ പ്രതികരിച്ചു. 65 വർഷം മലയാള സിനിമയിൽ പൂർത്തിയാക്കിയ കവിയൂർ പൊന്നമ്മ വടക്കൻ പറവൂർ കരിമാലൂരിലെ വസതിയിൽ ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണ്.

‘അമ്മ’ സംഘടനയിൽ നിന്ന് ഇടവേള ബാബുവും നടിമാരായ സീമയും ശാരദയും വിളിക്കാറുണ്ടെന്നും സ്വന്തം മകൾ അമേരിക്കയിൽ നിന്ന് വിളിച്ച് വിശേഷങ്ങൾ തിരക്കാറുണ്ടെന്നും പൊന്നമ്മ കൂട്ടി ചേർത്തു. വീട്ടിലെത്തിയ അതിഥികളിലൊരാളാണ് കവിയൂർ പൊന്നമ്മയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ഇതോടെയാണ് നടി ഒറ്റക്കാണെന്ന തെറ്റായ വാർത്തകൾ പ്രചരിച്ചത്. 2021 ൽ ഇറങ്ങിയ ആണും പെണ്ണുമെന്ന ആന്തോളജി ചിത്രത്തിലാണ് അവസാനം കവിയൂർ പൊന്നമ്മ അഭിനയിച്ചത്.

ഡൽഹി : പ്രഖ്യാപിക്കപെട്ടതു മുതൽ വളരെയേറെ ജന ശ്രദ്ധ നേടിയ സിനിമയാണ് ഓ മൈ ഗോഡ് 2 . അക്ഷയ്കുമാർ നായകനായ ചിത്രത്തിന് ഒരു മാസത്തെ സെൻസറിങ്ങിന് ശേഷമാണ് എ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്. യു എ സർട്ടിഫിക്കറ്റ് ലഭിക്കാൻ നിരവധി മാറ്റം ബോർഡ് നിർദ്ദേശിച്ചിരുന്നെങ്കിലും അത്തരത്തിൽ മാറ്റം വരുത്തിയാൽ സിനിമ തന്നെ മാറി പോകുമെന്നത് കൊണ്ട് എ സർട്ടിഫിക്കറ്റ് വാങ്ങുകയായിരുന്നു. റിപ്പോർട്ട് പ്രകാരം അക്ഷയ് കുമാറിന്റെ കഥാപാത്രത്തിലും ചിത്രത്തിന്റെ ശബ്ദത്തിലും ദൃശ്യത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ചിത്രത്തിന്റെ അവസാന ഭാഗത്ത് നടനെ ശിവനായി കാണിച്ചിരുന്നത് മാറ്റി ശിവന്റെ ദൂതനായി മാറ്റിയിരിക്കുകയാണ് സെൻസർ ബോർഡ്. സർട്ടിഫിക്കേഷൻ വൈകിയത് ചിത്രത്തിന്റെ മാർക്കറ്റിങ്ങിനെയും പ്രൊമോഷനെയും ബാധിച്ചിരിക്കുന്നുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ പറയുന്നത്. 2012 ൽ പുറത്തിറങ്ങിയ ഓ മൈ ഗോഡ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഈ സിനിമയുടെ ടീസർ ഒരാഴ്ച്ച മുൻപ് ഇറങ്ങിയിരുന്നു. അമിത് റോയ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തിലുള്ളതാണ് . ചിത്രത്തിൽ നടിയായി യാമി ഗൗതവും പ്രധാന കഥാപാത്രമായി പങ്കജ് ത്രിപാഠിയുമുണ്ട്.

ചെന്നൈ : തെന്നിന്ത്യയിലെ ഏറ്റവും ആരാധകരുള്ള നടനാണ് സ്റ്റൈൽ മന്നൻ രജനികാന്ത്. അടുത്തിടെ താരത്തിന്റെ സിനിമയായ ജയിലറിലെ ഗാനം ‘കാവാല’ വളരെ ഹിറ്റായിരുന്നു. എന്നാൽ തന്റെ പുതിയ ചിത്രമായ ജയിലറിന്റെ ഓഡിയോ ലോഞ്ചിനിടെ വലിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് നടൻ. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു മദ്യപാനം എന്നാണ് രജനി കാന്ത് പറഞ്ഞിരിക്കുന്നത്.

മദ്യമില്ലായിരുന്നുവെങ്കിൽ താൻ ഇതിലും വലിയ ഉയരങ്ങളിൽ എത്തിയേനെയെന്നും താൻ സമൂഹത്തെ സേവിച്ചേനെയെന്നുമാണ് താരം തുറന്നു പറഞ്ഞത്. എന്നാൽ താരം ഇതാദ്യമായല്ല മദ്യപാനത്തെ പറ്റി സംസാരിക്കുന്നത്. രജനി കാന്ത് മുഖ്യവേഷം ചെയ്ത കാല എന്ന സിനിമയിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് ഭാര്യയെ നഷ്ടപ്പെടുന്നത് മദ്യപാനം മൂലമാണ്. ആ സിനിമക്ക് മുൻപ് വരെ മദ്യവും സിഗററ്റുമെല്ലാം സ്റ്റൈലിന്റെ ഭാഗമായാണ് താരം ഉപയോഗിച്ചിരുന്നതെങ്കിലും ആ സിനിമ തികച്ചും മദ്യത്തിനെതിരെയുള്ള സന്ദേശമാണ് തന്നത്. രജനികാന്തിന്റെ 169 മത്തെ ചിത്രമായ ജയിലർ ഓഗസ്റ്റ് 10 ന് റിലീസ് ചെയ്യും.

ചെന്നൈ : പല മേഖലകളിലും ഇന്ന് എ ഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. സംവിധായകരും നിർമാതാക്കളും ഫല പ്രദമായി ഇവയെല്ലാം സിനിമയിലും ഉപയോഗിച്ച് വരുന്നതിനെപറ്റി ആലോചിച്ച് വരികയാണ്. എന്നാൽ തമിഴ് സിനിമ ഇൻഡസ്ട്രിയിൽ ചിത്രീകരണം പുരോഗമിക്കുന്ന വെപ്പൺ എന്ന ചിത്രത്തിൽ നിർമിത ബുദ്ധി ഉപയോഗിക്കാൻ പോകുന്നുവെന്ന വാർത്തയാണ് സിനിമ മേഖലയിൽ ഇപ്പോൾ ചർച്ചയാവുന്നത്. ബാഹുബലിയിലെ കട്ടപ്പയായി തിളങ്ങിയ സത്യരാജ് അഭിനയിക്കുന്ന ഈ ചിത്രത്തിൽ നടന്റെ കുട്ടിക്കാലം കാണിക്കുന്ന രംഗങ്ങളിൽ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുവെന്നാണ് സംവിധായകൻ വ്യക്തമാക്കുന്നത്.

അതി മാനുഷിക ശക്തിയുള്ള കഥാപാത്രമായി സത്യരാജ് എത്തുന്ന ചിത്രം സംവിധാനം ചെയ്തത് ഗുഹൻ സെന്നിയപ്പയാണ്. മിത്രൻ എന്ന കഥാപാത്രത്തിൽ നടനെത്തുമ്പോൾ എങ്ങനെയാണ് നടന് അതിമാനുഷിക ശക്തി ലഭിച്ചുവെന്നതിന്റെ വിവരണത്തിനായി കുട്ടിക്കാലം കാണിക്കുന്ന രംഗങ്ങളിലാണ് എ ഐ കടന്നു വന്നിരിക്കുന്നത്.ഇന്ത്യൻ സിനിമയിൽ തന്നെ ഈ ചിത്രമാണ് എ ഐ സാങ്കേതിക വിദ്യയിൽ ആദ്യമായി ചിത്രീകരിച്ചതെന്ന് സംവിധായകൻ മാധ്യമങ്ങളോട് പറഞ്ഞു.

ചെന്നൈ : രജനി കാന്ത് ആരാധകർ ഏറെ കാത്തിരിക്കുന്ന സിനിമയാണ് ജയിലർ. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻ ലാലുമുണ്ട്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയുന്ന ചിത്രം ഓഗസ്റ്റ് 10 ന് തീയറ്ററിലെത്തും. ചിത്രത്തെപ്പറ്റി തമന്ന അടുത്തിടെ പറഞ്ഞ കാര്യങ്ങളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ചിത്രം പാൻ ഇന്ത്യൻ അല്ലെന്നും രജനി ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാസ്സ് എന്റെർറ്റൈനറാണെന്നുമാണ് തമന്ന പറഞ്ഞത്.

പേര് പറയുന്നത് പോലെ തന്റെ കരിയറിലെ 169 മത്തെ ചിത്രമായ ജയിലറിൽ ഒരു തടവ് കാരന്റെ വേഷത്തിലാണ് രജനി എത്തുന്നത്. നടന്റെ കഥാപാത്രത്തിന്റെ പേര് മുത്തു വേൽ പാണ്ഢ്യനെന്നാണ്. സ്‌റ്റൻഡ് ശിവ ആക്ഷൻ കൊറിയോഗ്രാഫറായ ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നത് വിജയ് കാർത്തിക് കണ്ണനാണ്. ചിത്രത്തിന്റെ സെൻസറിങിൽ 11 മാറ്റങ്ങളാണ് ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ചിത്രത്തിന് യു എ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്.

ന്യൂ ഡൽഹി : മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം രാജ്യസഭ ബഹിഷ്കരിച്ചു ഇറങ്ങിപോയതിന് പിന്നാലെ ഭരണകക്ഷി അംഗങ്ങളുടെ ചർച്ചയ്ക്ക് ശേഷം സിനിമാട്ടോഗ്രഫി ആക്ട് ഭേദഗതി ചെയ്തു. സെൻസർ ബോർഡ് അംഗീകാരവുമായി ബന്ധപ്പെട്ടാണ് പുതിയ ഭേദഗതി. സിനിമയ്ക്ക് പൂർണമായോ ഭാഗികമായോ അംഗീകാരം പിൻവലിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്‌തമാകുന്ന ചട്ടങ്ങൾ ആക്ടിന്റെ ഭേദഗതിയിൽ വരും. ഈ ചട്ടം നേരത്തെയും ഉണ്ടായിരുന്നെങ്കിലും 1990 ൽ ശങ്കരപ്പ കേസ് പരിഗണിക്കുമ്പോൾ ഇത് പാടില്ലായെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.

സിനിമാ പകർത്തി പ്രദർശിപ്പിച്ചാൽ 3 വര്ഷം തടവും നിർമാണചിലവിന്റെ 5 % പിഴയും ചുമത്താൻ ബില്ലിൽ വ്യവസ്ഥയുണ്ടാക്കി. തീയേറ്ററിൽ സിനിമ പകർത്തുന്നവർക്ക് വരെ ഈ നിയമം ബാധകമാവും.പ്രായപൂർത്തിയതിയാവുന്നവർക്ക് നൽകുന്ന എ സർട്ടിഫിക്കറ്റ്, എല്ലാവർക്കും കാണാവുന്ന യു സർട്ടിഫിക്കറ്റ്, അതിനോടൊപ്പം യു എ കാറ്റഗറിയിൽ 7+, 13+, 16+എന്നിങ്ങനെ വിവിധ പ്രായക്കാർക്ക് സർട്ടിഫിക്കറ്റ് നൽകാനും തീരുമാനമായി. സെൻസർ സർട്ടിഫിക്കറ്റിന്റെ കാലാവധി 10 വർഷം എന്നതിന് പകരം എന്നത്തേക്കുമാക്കുന്നുവെന്നതാണ് മറ്റൊരു ഭേദഗതി.

സിനിമ ലൈസൻസിലെ നിയമങ്ങൾ ലഘൂകരിക്കാനും പകർപ്പുകൾ തടയുന്നതിനുമാണ് പുതിയ നിയമമെന്ന് ബില്ലവതരിപ്പിക്കുമ്പോൾ അനുരാഗ് ഠാക്കൂർ പറഞ്ഞു. പകർപ്പവകാശ ലംഘനത്തിലൂടെ സിനിമ മേഖലയ്ക്ക് 20000 കോടിയുടെ നഷ്ടമാണുണ്ടാവുന്നത്. സി ബി എഫ് സി സ്വയംഭരണ സ്ഥാപനമായി തുടരുമെന്നും സെൻസർ ബോർഡ് അനുമതി നിഷേധിച്ച സിനിമ ട്രിബ്യുണൽ നിർത്തലാക്കിയ സാഹചര്യത്തിൽ അനുമതി കിട്ടാൻ വീണ്ടും സെൻസർ ബോർഡിൻറെ മറ്റൊരു ടീമിനെ കാണിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ ക്യാപ്റ്റൻ മില്ലറിന്റെ ടീസർ പുറത്തിറങ്ങി. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ ഇറങ്ങിയത്.ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. ഡിസംബർ 15 ന് റിലീസ് ആവുന്ന ചിത്രത്തിന്റെ ടീസറിന് വമ്പിച്ച ജന സ്വീകാര്യതയാണ് ലഭിക്കുന്നത്.

അരുൺ മാതേശ്വരൻ തിരക്കഥയും സംവിധാവും നിർവഹിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ്. താരത്തിനൊപ്പം പ്രിയങ്ക അരുൾ മോഹൻ, ശിവ രാജ് കുമാർ, സുന്ദിപ് കിഷൻ ജോൺ കൊക്കെൻ, നിവേദിത സതീഷ് തുടങ്ങിയവർ പ്രധാന വേഷമിടുന്നു.

താൻ ഡയറക്ടർമാർ പറയുന്നതിനനുസരിച്ച് അഭിനയിക്കുന്ന നടനാണെന്ന് ദുൽഖർ സൽമാൻ. ഓരോ സെറ്റുകളിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങൾ വേറിട്ടതാണെന്നും ഇവയെല്ലാം ആസ്വദിക്കുന്നുണ്ടെന്നും ദുൽഖർ പറഞ്ഞു. ബോളിവുഡ് ഹങ്കാമക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം . പല ഇൻഡസ്ട്രിയിലുള്ള സംവിധായകരുടെ കൂടെ അഭിനയിച്ചതിൽ നിന്നും എന്തൊക്കെയാണ് പഠിച്ചതെന്ന ചോദ്യത്തിന് മറുപടിയായാണ് നടൻ ഇങ്ങനെ പറഞ്ഞത്. താൻ അഭിനയിക്കുന്ന ടീമിൽ ചേർന്ന് നിന്ന് തന്റേതായ സംഭാവന സിനിമക്ക് നൽകുമെന്നും വ്യത്യസ്‍ത ഭാഷയിൽ വ്യത്യസ്ത ആശയവും എഴുത്തുമുള്ള ഇൻഡസ്ട്രിയിൽ അഭിനയിച്ചത് ഓരോ ദിവസവും തന്റെ ജീവിതം വ്യത്യസ്തമാക്കുന്നുവെന്ന് നടൻ അഭിപ്രായപ്പെട്ടു.ദുൽഖർ സൽമാനും ഗായികയും നടിയുമായ ജസ്‌ലീൻ റോയാലും ഒന്നിച്ച ആൽബമാണ് നടന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ആൽബം. കിംഗ് ഓഫ് കൊത്തയാണ് ഇനി റിലീസിനൊരുങ്ങുന്ന നടന്റെ ചിത്രം. ഓണത്തിനാണ് ചിത്രം റിലീസ് ആകുന്നത്.