ഒറ്റപ്പെട്ടെന്ന് പറയുന്നത് അടിസ്ഥാനരഹിതം ; താൻ വിശ്രമ ജീവിതം നയിക്കുകയാണെന്ന് കവിയൂർ പൊന്നമ്മ

കൊച്ചി : താൻ ഒറ്റപെടലിലാണെന്നും കുടുംബം ഉപേക്ഷിച്ചെന്നുമുള്ള വാർത്തകൾ അടിസ്ഥാന രഹിതമെന്ന് നടി കവിയൂർ പൊന്നമ്മ. സഹോദരനും കുടുംബത്തിനുമൊപ്പമാണ് താമസിക്കുന്നതെന്നും അവരാണ് തന്റെ കാര്യം നോക്കുന്നതെന്നും പൊന്നമ്മ വെളിപ്പെടുത്തി. തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്ക് ഒരു പണിയുമില്ലെന്നും ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ താനില്ലെന്നും നടി പറഞ്ഞു. താൻ വളരെ സന്തോഷത്തോടെയാണ് സഹോദരനോടും കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിക്കുന്നതെന്നും അവർ പ്രതികരിച്ചു. 65 വർഷം മലയാള സിനിമയിൽ പൂർത്തിയാക്കിയ കവിയൂർ പൊന്നമ്മ വടക്കൻ പറവൂർ കരിമാലൂരിലെ വസതിയിൽ ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണ്.

‘അമ്മ’ സംഘടനയിൽ നിന്ന് ഇടവേള ബാബുവും നടിമാരായ സീമയും ശാരദയും വിളിക്കാറുണ്ടെന്നും സ്വന്തം മകൾ അമേരിക്കയിൽ നിന്ന് വിളിച്ച് വിശേഷങ്ങൾ തിരക്കാറുണ്ടെന്നും പൊന്നമ്മ കൂട്ടി ചേർത്തു. വീട്ടിലെത്തിയ അതിഥികളിലൊരാളാണ് കവിയൂർ പൊന്നമ്മയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ഇതോടെയാണ് നടി ഒറ്റക്കാണെന്ന തെറ്റായ വാർത്തകൾ പ്രചരിച്ചത്. 2021 ൽ ഇറങ്ങിയ ആണും പെണ്ണുമെന്ന ആന്തോളജി ചിത്രത്തിലാണ് അവസാനം കവിയൂർ പൊന്നമ്മ അഭിനയിച്ചത്.