Entertainment (Page 49)

നടി തൃഷയോട് സ്ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മൻസൂർ അലി ഖാൻ. പ്രസ്താവന കരണമുണ്ടാക്കിയ മനോവിഷമങ്ങൾക്ക് ക്ഷമ ചോദിക്കുന്നു. കത്തിലൂടെയാണ് മൻസൂർ അലി ഖാൻ ക്ഷമാപണം നടത്തിയത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ശേഷമാണ് ഇപ്പോൾ വാർത്താക്കുറിപ്പിലൂടെ മാപ്പ് ചോദിച്ചു കൊണ്ട് മൻസൂർ അലി ഖാൻ രം​ഗത്തെത്തിയിരിക്കുന്നത്. സഹപ്രവർത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസിലാക്കുന്നുവെന്നും ഇതിൽ താൻ പരസ്യമായി മാപ്പ് പറയുന്നു എന്നുമാണ് മൻസൂർ അലി ഖാൻ പറയുന്നത്. തൃഷയ്ക്കെതിരെ ദിവസങ്ങൾക്ക് മുൻപ് ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റില്‍ ആയിരുന്നു മൻസൂർ അലി ഖാൻ മോശം പരാമർശം നടത്തിയത്.

റിവ്യൂ ബോംബിങ്ങിൽ പ്രതികരണവുമായി നടൻ മമ്മൂട്ടി. റിവ്യൂ നിർത്തിയത് കൊണ്ട് സിനിമ രക്ഷപ്പെടില്ലെന്നും റിവ്യു നോക്കിയല്ല സിനിമ കാണേണ്ടതെന്നും സ്വന്തം അഭിപ്രായം മാനിച്ചാണ് ആളുകള്‍ തിയറ്ററില്‍ എത്തേണ്ടതെന്നും പറഞ്ഞു. കാതലാണ് മമ്മൂട്ടി നായകനായി എത്തുന്ന പുതിയ സിനിമ. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മമ്മൂട്ടി.

“റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ല. സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. റിവ്യൂക്കാര്‍ ആ വഴിക്ക് പോകും. സിനിമ ഈ വഴിക്ക് പോകും. പ്രേക്ഷകര്‍ തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമയാണ്. ഞാന്‍ മുന്‍പ് പറഞ്ഞിട്ടുള്ളതാണ്. നമുക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ അഭിപ്രായങ്ങള്‍ തന്നെ ആയിരിക്കണം. വേറൊരാളുടെ അഭിപ്രായം നമ്മള്‍ പറഞ്ഞാല്‍ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പോയി. അപ്പോള്‍ നമ്മുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് തന്നെയാണ് സിനിമ കാണേണ്ടത്. നമുക്ക് തോന്നണം, സിനിമ കാണണോ വേണ്ടയോ എന്ന്”. എന്നാല്‍ റിവ്യൂവും റോസ്റ്റിംഗും രണ്ടാണെന്നും ചോദ്യത്തിന് മറുപടിയായി മമ്മൂട്ടി പറഞ്ഞു.

പനാജിയില്‍ 54-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേള ആരംഭിച്ചു. മലയാള സിനിമ ആട്ടം ആണ് പനോരമയില്‍ ഉദ്ഘാടന ചിത്രം. ഇന്ത്യൻ പനോരമയില്‍ ഇടംപിടിച്ചത് ഏഴ് മലയാള ചിത്രങ്ങളാണ്. 408 സിനിമകളില്‍ നിന്ന് സംവിധായകൻ ടി.എസ് നാഗാഭരണ അദ്ധ്യക്ഷനായ ജൂറിയാണ് സിനിമകള്‍ തെരഞ്ഞെടുത്തത്. വിനയ് ഫോര്‍ട്ട് ആണ് നവാഗതനായ ആനന്ദ് ആകര്‍ഷി സംവിധാനം ചെയ്ത ആട്ടത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍നിന്ന് ശ്രീ രുദ്രവും പനോരമയിലുണ്ട്.മാളികപ്പുറം, കാതല്‍,2018, ന്നാ താൻ കേസ് കൊട്, ഇരട്ട, പൂക്കാലം എന്നീ സിനിമകള്‍ പനോരമയിലുണ്ട്. വാക്സിൻ വാര്‍, കാന്താര, വിടുതൈല ഒന്നാംഭാഗം എന്നിവയും പനോരമയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.ദ കേരള സ്റ്റോറിക്ക് പുറമേ പൊന്നിയിൻ സെല്‍വൻ രണ്ടാം ഭാഗം അടക്കം അഞ്ച് സിനിമകൾ മുഖ്യധാര വിഭാഗത്തിലുണ്ട്. ആനന്ദ ജ്യോതി സംവിധാനം ചെയ്ത മലയാള ചിത്രം ശ്രീ രുദ്രം ഉള്‍പ്പെടെ 20 ചിത്രങ്ങളാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ പനോരമയിലുള്ളത്. 28 വരെയാണ് മേള നടക്കുന്നത്

ഹെൽമെറ്റും ലൈസെൻസും ഇല്ലാതെയുമുള്ള ബൈക്ക് റൈഡ് നടൻ ധനുഷിന്റെ മകന് പിഴ ചുമത്തി പൊലീസ്. 17കാരനായ ധനുഷിന്റെ മകന് 1000 രൂപയാണ് പിഴ ഈടാക്കിയത്. രജനികാന്തിന്റെ വീട്ടിൽ നിന്ന് ധനുഷിന്റെ വീട്ടിലേക്ക് ബൈക്കോടിച്ച പോവുകയായിരുന്നു. സോഷ്യൽ മീഡിയകളിൽ ഹെൽമെറ്റ് ഇല്ലാതെയും ലൈസെൻസ് ഇല്ലാതെയുമുള്ള ബൈക്ക് റൈഡിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇതിന്റ അടിസ്ഥാനത്തിലാണ് മകന് പോലീസ് പിഴ ഈടാക്കിയത്. 18 വയസാണ് മോട്ടോർ സൈക്കിൾ ഓടിക്കുന്നതിന് നിയമപരമായ പ്രായം. ദൃശ്യങ്ങൾ പ്രചരിച്ചതോടെ പോലീസ് കേസെടുക്കുകയായിരുന്നു.

സംവിധായകൻ അൽഫോൻസ് പുത്രന് ആശംസകളുമായി ഉലകനായകൻ കമൽഹാസൻ. കമൽഹാസന്റെ പിറന്നാളിന്റെ ഭാഗമായി അൽഫോൻസ് തയ്യാറാക്കിയ പാട്ട് കേട്ടതിന് ശേഷമായിരുന്നു ആശംസ അറിയിച്ചു കൊണ്ടുള്ള ഒരു വോയിസ് തിരികെ അയച്ചത്. അൽഫോൻസിന് ആശംസകളറിയിച്ചുള്ള കമൽഹാസന്റെ ശബ്ദം പുറത്തുവിട്ടത് നടൻ പാർഥിപനാണ്. പാർഥിപൻ വഴിയായിരുന്നു അൽഫോൻസ് തന്റെ പാട്ട് കമലില്‍ എത്തിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ മൂലം സിനിമാ, തിയറ്റർ കരിയർ അവസാനിപ്പിക്കുകയാണെന്നു പറഞ്ഞ അൽഫോൻസിനോട് ആരോഗ്യത്തിൽ ശ്രദ്ധിക്കാനും അദ്ദേഹം നിർദേശിക്കുന്നുണ്ട്.

‘‘അൽഫോൻസ് പുത്രന്റെ പാട്ട് കേട്ടു. ആരോഗ്യം കുറച്ച് മോശമാണെന്ന് പറയുകയുണ്ടായി. എന്നാൽ മനസ്സ് നല്ലതുപോലെ ഇരിക്കുന്നുവെന്ന് തോന്നുന്നു, കാരണം ആ സന്തോഷം പാട്ടുകളിൽ പ്രകടമായിരുന്നു. ജീവിതവും അങ്ങനെ സന്തോഷമായി മുന്നോട്ടുപോകട്ടെ. നിങ്ങൾ എടുക്കുന്ന തീരുമാനം നിങ്ങളുടേതാണ് എന്നാൽ ആരോഗ്യം നന്നായി കാത്തുസൂക്ഷിക്കണം. എല്ലാ ആശംസകളും അൽഫോൻസ്..” ഇൻസ്റ്റഗ്രാമിലൂടെ പുത്രൻ സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുന്നുവെന്നു അൽഫോൻസ് പ്രഖ്യാപിച്ചത്.

തനിക്ക് ഓട്ടിസം സ്െപക്ട്രം ഡിസോർഡർ എന്ന രോഗമാണെന്നു സ്വയം കണ്ടെത്തിയെന്നും ആർക്കും ബാധ്യതയാകാൻ ഉദ്ദേശിക്കുന്നില്ലെന്നും അൽഫോൻസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞു.‘‘ഞാന്‍ എന്റെ സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്െപക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആർക്കും ബാധ്യതയാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോൾ അത് ഒടിടി വരെ ചെയ്യും. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്കു വേറെ മാർഗമില്ല. എനിക്കു പാലിക്കാൻ കഴിയാത്ത ഒരു വാഗ്ദാനം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോൾ ഇന്റർവൽ പഞ്ചിൽ വരുന്നതുപോലുള്ള ട്വിസ്റ്റുകൾ ജീവിതത്തിൽ സംഭവിക്കും.’’–അല്‍ഫോൻസ് പുത്രൻ പറഞ്ഞു.

ജനപ്രീതി നേടി എന്നും ഒന്നാമത് എത്തേണ്ടത് ഓരോ ചലച്ചിത്ര താരങ്ങളും നേരിടുന്ന വെല്ലുവിളിയാണ്. പുതിയ തിരക്കഥകള്‍ കേള്‍ക്കുമ്പോഴും പ്രോജക്റ്റുകള്‍ക്ക് കരാര്‍ ഒപ്പിടുമ്പോഴുമൊക്കെ അതാവും അവരുടെ മനസില്‍. എന്നാല്‍ തിരക്കഥ കേള്‍ക്കുമ്പോള്‍ മികച്ചതാവുമെന്ന് പ്രതീക്ഷിക്കുന്ന എല്ലാ ചിത്രങ്ങളുടെയും ഫൈനല്‍ റിസല്‍ട്ട് മികച്ചതായിരിക്കണമെന്നില്ല. അതിനാല്‍ത്തന്നെ വിജയങ്ങള്‍ക്കൊപ്പം പരാജയങ്ങളും കരിയറില്‍ സംഭവിക്കും. എന്നാൽ, മുതിർന്ന താരങ്ങളുടെ കാര്യം അങ്ങനല്ല. ഇടിവ് വീണാലും ഒരു പാളിച്ച പോലും അവരുടെ ജനപ്രീതിയിൽ സംഭവിക്കില്ല.

മലയാള സിനിമയില്‍ ഏറ്റവും ജനപ്രീതിയുള്ള അഞ്ച് നായക നടന്മാരുടെ പട്ടികയാണ് ഇനി പറയാൻ പോകുന്നത്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സിന്‍റെ ലിസ്റ്റ് ആണിത്.ഒക്ടോബര്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ചുള്ള കണക്കാണ് അവര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പതിവ് പോലെ ലിസ്റ്റിലെ ഒന്നാം സ്ഥാനം മോഹൻലാലിന് തന്നെയാണ്. രണ്ടാമത് മമ്മൂട്ടിയും മൂന്നാമത് ടൊവിനോ തോമസും. ദുല്‍ഖര്‍ സല്‍മാന്‍ ആണ് നാലാം സ്ഥാനത്ത്. അഞ്ചാമത് ഫഹദ് ഫാസിലും. ഓര്‍മാക്സിന്‍റെ മിക്കവാറും എല്ലാ പോപ്പുലര്‍ ലിസ്റ്റിം​ഗുകളിലും ഒന്നാമതെത്തിയത് മോഹന്‍ലാല്‍ തന്നെയാണ്.

വരാനിരിക്കുന്ന മിക്ക ചിത്രങ്ങളും അദ്ദേഹത്തിന്‍റെ ആരാധകര്‍ക്ക് പ്രതീക്ഷ പകരുന്നവയാണ്. ജീത്തു ജോസഫ് ചിത്രം നേര്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍, മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റമായ ബറോസ്, ജീത്തു ജോസഫിന്‍റെ തന്നെ രണ്ട് ഭാ​ഗങ്ങളിലായി എത്തുന്ന റാം, ലൂസിഫര്‍ രണ്ടാം ഭാ​ഗമായ പൃഥ്വിരാജ് സുകുമാരന്‍റെ എമ്പുരാന്‍, ജോഷിയുടെ റമ്പാന്‍ എന്നിവയാണ് അദ്ദേഹത്തിന്‍റേതായി പുറത്തെത്താനിരിക്കുന്ന മലയാളം സിനിമകള്‍. പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയിലും മോഹ​ന്‍ലാല്‍ ആണ് നായകന്‍. വിഷ്ണു മഞ്ചു നായകനാവുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം കണ്ണപ്പയില്‍ അതിഥിതാരമായും മോഹന്‍ലാല്‍ എത്തുന്നുണ്ട്.

വിനോദ സഞ്ചാര മേഖലയുടെ ഭാഗമായുള്ള സംസഥാനത്തെ ആദ്യ ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രം ശംഖുമുഖത്ത് ഒരുങ്ങുന്നു.ശംഖുമുഖം ബീച്ചിനോട് ചേർന്നുള്ള ബീച്ച് പാർക്കിലാണ് കേന്ദ്രം. ബാക്കിയുള്ള നിർമാണങ്ങൾ ഉടൻ പൂർത്തിയാക്കും. ആദ്യ വിവാഹം നവംബർ 30ന് നടക്കും. ലോകോത്തര ഇവന്റ് മാനേജർമാരെ ഉൾപ്പെടുത്തിയാണ് പദ്ധതി. മന്ത്രി പി.എ.മുഹമ്മദ് റിയാസ് കേന്ദ്രം ഉദ്ഘാടനം ചെയ്യും.വി അതിഥികൾക്ക് താമസസൗകര്യം, കടൽ വിഭവങ്ങളും തനത് കേരള വിഭവങ്ങളും ഉൾപ്പെടുത്തി മെനു എന്നിവയുണ്ടാകും.

നടത്തിപ്പ് ചുമതല ജില്ലാ ടൂറിസം വികസന സഹകരണ സൊസൈറ്റിക്കാണ്. ശംഖുമുഖവും പരിസരവും മനോഹരമാക്കാനുള്ള പദ്ധതിയും പുരോഗമിക്കുന്നുണ്ട്. നൈറ്റ് ലൈഫ് കേന്ദ്രവുമൊരുക്കുന്നുണ്ട്. എഐ ​ഗെയിം സെന്റർ,കുട്ടികൾക്കായി അമ്യൂസ്‍മെന്റ് പാർക്ക്, ഔട്ട് ഡോർ ​ഗെയിം സോൺ, ഫുഡ്‌ പാർക്ക്, കോഫി ആൻഡ് സ്നാക്സ് സെന്റർ, ഫിഷ് സ്പാ ത്രീഡി ലൈറ്റ് ഷോ, എന്നിവ നിർമിക്കും. രാത്രി നേരങ്ങളെ ബീച്ച് ആസ്വദിക്കാനായി ഫുഡ് സ്ട്രീറ്റ് ആരംഭിക്കും. ഏഴോടെ സജീവമാകുന്ന സ്ട്രീറ്റ് രാത്രി 12 വരെ പ്രവർത്തിക്കും. വിനോദ പരിപാടികൾക്കായി സ്റ്റേജും നിർമിക്കും. നവംബറിൽ നിർമാണം ആരംഭിച്ച് അടുത്ത ജനുവരിയിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഡിടിപിസി ആണ് പദ്ധതി നടപ്പാക്കുന്നത്.

ഇതരഭാഷ താരങ്ങളെ കൊണ്ട് പാൻ ഇന്ത്യ സിനിമകളിൽ അഭിനിയിപ്പിക്കുന്നത് സാധാരണയാണ്. എന്നാൽ അത് പണ്ട് മുതലേ ഉള്ളതുമാണ്. മലയാളി താരങ്ങൾ തമിഴിലും തമിഴ് താരങ്ങൾ മലയാളത്തിലും എത്രയോ മികച്ച വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതാ അത്തരമൊരു ചിത്രത്തിന്റെ ഒറിജിനല്‍ പതിപ്പ് യുട്യൂബില്‍ എത്തിയിരിക്കുകയാണ്. മമ്മൂട്ടി, അജിത്ത് കുമാര്‍, തബു, ഐശ്വര്യ റായ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് മേനോന്‍ സംവിധാനം ചെയ്ത കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രമാണ് യുട്യൂബില്‍ എത്തിയിരിക്കുന്നത്. മ്യൂസിക്കല്‍ റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് 2000 മെയ് 5 ന് ആയിരുന്നു. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണു ആയിരുന്നു നിര്‍മ്മാണം. അദ്ദേഹം തന്നെയാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ ചിത്രത്തിന്‍റെ എച്ച്ഡി പ്രിന്‍റ് റിലീസ് ചെയ്തിരിക്കുന്നത്.

ഒരു ദിവസം കൊണ്ട് 2 ലക്ഷത്തിലധികം ആളുകൾ കണ്ടു. മമ്മൂട്ടിയുടെ പ്രകടനത്തിനുള്‍പ്പെടെ കൈയടികളാണ് കമന്‍റ് ബോക്സില്‍. അബ്ബാസ്, മണിവണ്ണന്‍, ശ്രീവിദ്യ, രഘുവരന്‍, ശാമിലി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇംഗ്ലീഷ് നോവലിസ്റ്റ് ജെയിന്‍ ഓസ്റ്റിന്‍റെ സെന്‍സ് ആന്‍ഡ് സെന്‍സിബിലിറ്റീസ് എന്ന കൃതിയെ ആസ്പദമാക്കിയ ചിത്രത്തിന്‍റെ തിരക്കഥയും രാജീവ് മേനോന്‍റേത് ആയിരുന്നു. സുജാതയുടേതായിരുന്നു സംഭാഷണം. പ്രേക്ഷകാരുടെ മനസ്സിൽ എന്നും ആഴ്ന്നിറങ്ങിയ ഒരു ചിത്രമായിരുന്നു ഇത്. അത് കൊണ്ട്തന്നെ സാമ്പത്തിക വിജയം നേടിയ ചിത്രം 100 ദിവസം പൂർത്തീകരിച്ചിട്ടുമുണ്ട്. പുതുതലമുറ സിനിമാപ്രേമികള്‍ക്ക് സിനിമ കാണാനുള്ള വലിയ അവസരമാണ് എത്തിയിരിക്കുന്നത്.

മലയാളം, തമിഴ്, കന്നഡ ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ നന്ദി പറഞ്ഞു കൊണ്ട് നടി കീർത്തി. നായികയായി കീർത്തി സുരേഷ് ചിത്രങ്ങളിലേക്ക് എത്തിയിട്ട് പത്തു വർഷമായി. ആദ്യം അച്ഛനും അമ്മയ്‍ക്കും നന്ദി.ഗുരു പ്രിയൻ അങ്കിളാണ് എനിക്ക് തുടക്കം കുറിച്ചത്, എന്നന്നേയ്‍ക്കും കടപ്പാടുണ്ടാകും എന്ന് വ്യക്തമാക്കിയ കീര്‍ത്തി സുരേഷ് വീഡിയോയിലൂടെ എല്ലാ സംവിധായകര്‍ക്കും നന്ദി പറയുന്നു. എന്നും പിന്തുണയ്‍ക്കും പ്രേക്ഷകര്‍ക്കും നന്ദി പറയുന്നതായി കീര്‍ത്തി സുരേഷ് വ്യക്തമാക്കുന്നു.

മികച്ച പ്രകടനമായി എത്തും എന്ന് താൻ ഉറപ്പു നല്‍കുന്നുവെന്നും കീര്‍ത്തി സുരേഷ് പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കുന്നു. ഇതിനോടൊപ്പം ട്രോളന്മാരോടും നന്ദി പറയുന്നു. എല്ലാവര്‍ക്കും എല്ലാവരെയും ഇഷ്‍ടപ്പെടണം എന്നില്ല, തനിക്ക് പക്ഷേ പ്രോത്സാഹനമായി മാറിയിട്ടുണ്ട് എന്നും കീര്‍ത്തി സുരേഷ് വ്യക്തമാക്കുന്നു. കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രം സൈറണാണ്. ജയം രവി നായകനായി എത്തുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനും നിര്‍ണായകമായ ഒരു വേഷത്തില്‍ എത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. കീര്‍ത്തി സുരേഷ് പൊലീസ് ഓഫീസറാകുന്ന ചിത്രം എന്ന ഒരു പ്രത്യേകതയുമുള്ള സൈറണ്‍ ആക്ഷൻ ഇമോഷണല്‍ ഡ്രാമയായി എത്തുന്നു. സംവിധാനം നിര്‍വഹിക്കുന്നത് ആന്റണി ഭാഗ്യരാജും സംഗീതം പകരുന്നത് ജി വി പ്രകാശ് കുമാറും ഛായാഗ്രാഹകനാകുന്നത് സെല്‍വകുമാര്‍ എസ്‍കെയുമാണ്,

ഈ വർഷം റിലീസ് ചെയ്ത തെന്നിന്തയൻ സിനിമയിൽ ആദ്യദിന കളക്ഷനിൽ റെക്കോർഡ് ഇട്ട സിനിമയാണ് ലിയോ. ചിത്രം റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോഴും കളക്ഷന്റെ കാര്യത്തിൽ ലിയോ മുന്നിൽ തന്നെയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ക്രീയേറ്റീവായി ചിന്തിച് ഒ‌ടിടിയിൽ സിനിമ കാണുന്നവരെ എങ്ങനെ തിയറ്ററിൽ എത്തിക്കാം എന്നാണ് ലിയോ നിർമിച്ച ലോകേഷ് കനകരാജ് ചെയ്തത്.

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. “ഇന്റർനെറ്റിന്റെ സാധ്യത വന്നപ്പോൾ, യുട്യൂബ് അല്ലെങ്കിൽ ഒടിടി പ്ലാറ്റ് ഫോമുകളുടെ സാധ്യത വന്നപ്പോൾ സിനിമാ തിയറ്ററുകളു‌ടെ വ്യവസായം തകരുമെന്ന് നമ്മൾ പ്രതീക്ഷിച്ചു. പക്ഷേ ലിയോ എന്ന സിനിമയുടെ കളക്ഷൻ എടുത്തു കഴിയുമ്പോൾ സർവകാല റെക്കോർഡ് ആണ്. ഒ‌ടിടിയിലൊന്നും റിലീസ് ചെയ്തിട്ടല്ല അത് വന്നത്. അപ്പോൾ ലിയോ പോലൊരു സിനിമ ഉണ്ടാക്കിയ ആൾ ചിന്തിച്ചു ഈ ഒടിടിയിൽ ഇരുന്ന് കാണുന്നവനെയും എങ്ങനെ തിയറ്ററിൽ കൊണ്ടുവരാവുന്ന എഫക്ടുകൾ, ആശയങ്ങൾ, തിയറ്ററിൽ തന്നെ കണ്ടേ പറ്റൂ എന്ന് ക്രിയേറ്റീവ് ആയി ആളുകൾ ചിന്തിച്ചു, ആ ഒടിടിയെ മറികടന്ന് ആളുകളെ തിയറ്ററിലേക്ക് എത്തിച്ചു”, എന്നാണ് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത്.