സംവിധായകൻ അൽഫോൻസ് പുത്രന് ആശംസകളുമായി ഉലകനായകൻ കമൽഹാസൻ. കമൽഹാസന്റെ പിറന്നാളിന്റെ ഭാഗമായി അൽഫോൻസ് തയ്യാറാക്കിയ പാട്ട് കേട്ടതിന് ശേഷമായിരുന്നു ആശംസ അറിയിച്ചു കൊണ്ടുള്ള ഒരു വോയിസ് തിരികെ അയച്ചത്. അൽഫോൻസിന് ആശംസകളറിയിച്ചുള്ള കമൽഹാസന്റെ ശബ്ദം പുറത്തുവിട്ടത് നടൻ പാർഥിപനാണ്. പാർഥിപൻ വഴിയായിരുന്നു അൽഫോൻസ് തന്റെ പാട്ട് കമലില്‍ എത്തിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ മൂലം സിനിമാ, തിയറ്റർ കരിയർ അവസാനിപ്പിക്കുകയാണെന്നു പറഞ്ഞ അൽഫോൻസിനോട് ആരോഗ്യത്തിൽ ശ്രദ്ധിക്കാനും അദ്ദേഹം നിർദേശിക്കുന്നുണ്ട്.
‘‘അൽഫോൻസ് പുത്രന്റെ പാട്ട് കേട്ടു. ആരോഗ്യം കുറച്ച് മോശമാണെന്ന് പറയുകയുണ്ടായി. എന്നാൽ മനസ്സ് നല്ലതുപോലെ ഇരിക്കുന്നുവെന്ന് തോന്നുന്നു, കാരണം ആ സന്തോഷം പാട്ടുകളിൽ പ്രകടമായിരുന്നു. ജീവിതവും അങ്ങനെ സന്തോഷമായി മുന്നോട്ടുപോകട്ടെ. നിങ്ങൾ എടുക്കുന്ന തീരുമാനം നിങ്ങളുടേതാണ് എന്നാൽ ആരോഗ്യം നന്നായി കാത്തുസൂക്ഷിക്കണം. എല്ലാ ആശംസകളും അൽഫോൻസ്..” ഇൻസ്റ്റഗ്രാമിലൂടെ പുത്രൻ സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുന്നുവെന്നു അൽഫോൻസ് പ്രഖ്യാപിച്ചത്.
തനിക്ക് ഓട്ടിസം സ്െപക്ട്രം ഡിസോർഡർ എന്ന രോഗമാണെന്നു സ്വയം കണ്ടെത്തിയെന്നും ആർക്കും ബാധ്യതയാകാൻ ഉദ്ദേശിക്കുന്നില്ലെന്നും അൽഫോൻസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞു.‘‘ഞാന്‍ എന്റെ സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്െപക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആർക്കും ബാധ്യതയാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോൾ അത് ഒടിടി വരെ ചെയ്യും. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്കു വേറെ മാർഗമില്ല. എനിക്കു പാലിക്കാൻ കഴിയാത്ത ഒരു വാഗ്ദാനം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോൾ ഇന്റർവൽ പഞ്ചിൽ വരുന്നതുപോലുള്ള ട്വിസ്റ്റുകൾ ജീവിതത്തിൽ സംഭവിക്കും.’’–അല്‍ഫോൻസ് പുത്രൻ പറഞ്ഞു.

