മമ്മൂട്ടി പടത്തിന്‍റെ ഒറിജിനല്‍ പ്രിന്‍റ് യുട്യൂബില്‍

ഇതരഭാഷ താരങ്ങളെ കൊണ്ട് പാൻ ഇന്ത്യ സിനിമകളിൽ അഭിനിയിപ്പിക്കുന്നത് സാധാരണയാണ്. എന്നാൽ അത് പണ്ട് മുതലേ ഉള്ളതുമാണ്. മലയാളി താരങ്ങൾ തമിഴിലും തമിഴ് താരങ്ങൾ മലയാളത്തിലും എത്രയോ മികച്ച വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതാ അത്തരമൊരു ചിത്രത്തിന്റെ ഒറിജിനല്‍ പതിപ്പ് യുട്യൂബില്‍ എത്തിയിരിക്കുകയാണ്. മമ്മൂട്ടി, അജിത്ത് കുമാര്‍, തബു, ഐശ്വര്യ റായ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് മേനോന്‍ സംവിധാനം ചെയ്ത കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രമാണ് യുട്യൂബില്‍ എത്തിയിരിക്കുന്നത്. മ്യൂസിക്കല്‍ റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് 2000 മെയ് 5 ന് ആയിരുന്നു. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണു ആയിരുന്നു നിര്‍മ്മാണം. അദ്ദേഹം തന്നെയാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ ചിത്രത്തിന്‍റെ എച്ച്ഡി പ്രിന്‍റ് റിലീസ് ചെയ്തിരിക്കുന്നത്.

ഒരു ദിവസം കൊണ്ട് 2 ലക്ഷത്തിലധികം ആളുകൾ കണ്ടു. മമ്മൂട്ടിയുടെ പ്രകടനത്തിനുള്‍പ്പെടെ കൈയടികളാണ് കമന്‍റ് ബോക്സില്‍. അബ്ബാസ്, മണിവണ്ണന്‍, ശ്രീവിദ്യ, രഘുവരന്‍, ശാമിലി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇംഗ്ലീഷ് നോവലിസ്റ്റ് ജെയിന്‍ ഓസ്റ്റിന്‍റെ സെന്‍സ് ആന്‍ഡ് സെന്‍സിബിലിറ്റീസ് എന്ന കൃതിയെ ആസ്പദമാക്കിയ ചിത്രത്തിന്‍റെ തിരക്കഥയും രാജീവ് മേനോന്‍റേത് ആയിരുന്നു. സുജാതയുടേതായിരുന്നു സംഭാഷണം. പ്രേക്ഷകാരുടെ മനസ്സിൽ എന്നും ആഴ്ന്നിറങ്ങിയ ഒരു ചിത്രമായിരുന്നു ഇത്. അത് കൊണ്ട്തന്നെ സാമ്പത്തിക വിജയം നേടിയ ചിത്രം 100 ദിവസം പൂർത്തീകരിച്ചിട്ടുമുണ്ട്. പുതുതലമുറ സിനിമാപ്രേമികള്‍ക്ക് സിനിമ കാണാനുള്ള വലിയ അവസരമാണ് എത്തിയിരിക്കുന്നത്.