ഏറ്റവും ജനപ്രീതിയുള്ള മലയാള നായകന്മാരുടെ ലിസ്റ്റ്

ജനപ്രീതി നേടി എന്നും ഒന്നാമത് എത്തേണ്ടത് ഓരോ ചലച്ചിത്ര താരങ്ങളും നേരിടുന്ന വെല്ലുവിളിയാണ്. പുതിയ തിരക്കഥകള്‍ കേള്‍ക്കുമ്പോഴും പ്രോജക്റ്റുകള്‍ക്ക് കരാര്‍ ഒപ്പിടുമ്പോഴുമൊക്കെ അതാവും അവരുടെ മനസില്‍. എന്നാല്‍ തിരക്കഥ കേള്‍ക്കുമ്പോള്‍ മികച്ചതാവുമെന്ന് പ്രതീക്ഷിക്കുന്ന എല്ലാ ചിത്രങ്ങളുടെയും ഫൈനല്‍ റിസല്‍ട്ട് മികച്ചതായിരിക്കണമെന്നില്ല. അതിനാല്‍ത്തന്നെ വിജയങ്ങള്‍ക്കൊപ്പം പരാജയങ്ങളും കരിയറില്‍ സംഭവിക്കും. എന്നാൽ, മുതിർന്ന താരങ്ങളുടെ കാര്യം അങ്ങനല്ല. ഇടിവ് വീണാലും ഒരു പാളിച്ച പോലും അവരുടെ ജനപ്രീതിയിൽ സംഭവിക്കില്ല.

മലയാള സിനിമയില്‍ ഏറ്റവും ജനപ്രീതിയുള്ള അഞ്ച് നായക നടന്മാരുടെ പട്ടികയാണ് ഇനി പറയാൻ പോകുന്നത്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സിന്‍റെ ലിസ്റ്റ് ആണിത്.ഒക്ടോബര്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ചുള്ള കണക്കാണ് അവര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പതിവ് പോലെ ലിസ്റ്റിലെ ഒന്നാം സ്ഥാനം മോഹൻലാലിന് തന്നെയാണ്. രണ്ടാമത് മമ്മൂട്ടിയും മൂന്നാമത് ടൊവിനോ തോമസും. ദുല്‍ഖര്‍ സല്‍മാന്‍ ആണ് നാലാം സ്ഥാനത്ത്. അഞ്ചാമത് ഫഹദ് ഫാസിലും. ഓര്‍മാക്സിന്‍റെ മിക്കവാറും എല്ലാ പോപ്പുലര്‍ ലിസ്റ്റിം​ഗുകളിലും ഒന്നാമതെത്തിയത് മോഹന്‍ലാല്‍ തന്നെയാണ്.

വരാനിരിക്കുന്ന മിക്ക ചിത്രങ്ങളും അദ്ദേഹത്തിന്‍റെ ആരാധകര്‍ക്ക് പ്രതീക്ഷ പകരുന്നവയാണ്. ജീത്തു ജോസഫ് ചിത്രം നേര്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍, മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റമായ ബറോസ്, ജീത്തു ജോസഫിന്‍റെ തന്നെ രണ്ട് ഭാ​ഗങ്ങളിലായി എത്തുന്ന റാം, ലൂസിഫര്‍ രണ്ടാം ഭാ​ഗമായ പൃഥ്വിരാജ് സുകുമാരന്‍റെ എമ്പുരാന്‍, ജോഷിയുടെ റമ്പാന്‍ എന്നിവയാണ് അദ്ദേഹത്തിന്‍റേതായി പുറത്തെത്താനിരിക്കുന്ന മലയാളം സിനിമകള്‍. പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയിലും മോഹ​ന്‍ലാല്‍ ആണ് നായകന്‍. വിഷ്ണു മഞ്ചു നായകനാവുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം കണ്ണപ്പയില്‍ അതിഥിതാരമായും മോഹന്‍ലാല്‍ എത്തുന്നുണ്ട്.