മോഹൻലാലിന് ഫെഫ്ക സംവിധായക യൂണിയനിൽ അംഗത്വം

കൊച്ചി: പുതുമുഖ സംവിധായകനാകുന്ന മോഹൻലാലിന് ഫെഫ്ക സംവിധായക യൂണിയനിൽ അംഗത്വം ലഭിച്ചു. സിബി മലയിലാണ് മോഹൻലാലിന് ഫെഫ്ക സംവിധായക യൂണിയന്റെ അംഗത്വം കൈമാറിയത്. ബറോസ് എന്ന സിനിമയിലൂടെ സംവിധായക രംഗത്തേക്ക് കടന്നിരിക്കുകയാണ് മോഹൻലാൽ. ഈ സാഹചര്യത്തിലാണ് മോഹൻലാലിന് അംഗത്വം നൽകിയത്. കൊച്ചിയിൽ വെച്ച് നടന്ന ചലച്ചിത്ര തൊഴിലാളി സംഗമത്തിൽ വെച്ചാണ് മോഹൻലാലിന് അംഗത്വം ലഭച്ചത്.

സ്വീകരണത്തിന് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും ഫെഫ്ക സംവിധായക കുടുംബത്തിന്റെ ഭാഗമാകുന്നതിൽ അഭിമാനമുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മലയാളസിനിമയിലെ താരങ്ങളും സംവിധായകരെയും അണിയറപ്രവർത്തകരെയും അനുബന്ധ തൊഴിലാളികളും ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയെത്തിയിരുന്നു. എറണാംകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ് നടന്നത്.

അതേസമയം, ചടങ്ങിൽ ചലച്ചിത്ര മേഖലയിലെ തൊഴിലാളികൾക്കായി പ്രഖ്യാപിച്ച സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും ഫെഫ്ക ഉദ്ഘാടനം ചെയ്തു. ഫെഫ്ക അംഗങ്ങളായ മുഴുവൻ ചലച്ചിത്ര തൊഴിലാളികൾക്കും വർഷത്തിൽ മൂന്ന് ലക്ഷം രൂപവരെ ചികിത്സാ സഹായം നൽകുന്ന പദ്ധതിയാണ് ഫെഫ്ക ആരോഗ്യ സുരക്ഷാ പദ്ധതി.

ഏപ്രിൽ 1 മുതലാണ് ആരോഗ്യ സുരക്ഷാ പദ്ധതി നിലവിൽ വരുന്നത്. ഫെഫ്കയിലെ ഇരുപതിലധികം യൂണിയനുകൾ ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.