ടൈറ്റാനിക്കിലെ റോസിനെ രക്ഷിച്ച പലക കഷ്ണം ലേലത്തിൽ വിറ്റുപോയി; വിൽപ്പന നടന്നത് 5 കോടിയ്ക്ക്

എക്കലാത്തെയും റൊമാന്റിക് ക്ലാസിക് ചിത്രമാണ് ടൈറ്റാനിക്. ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്. ചിത്രത്തിലെ ഓരോ രംഗങ്ങളും എല്ലാവരുടെയും മനസിൽ ഇന്നും നിറഞ്ഞുനിൽക്കുകയാണ്.

ചിത്രത്തിൽ ലിയോനാർഡോ ഡികാപ്രിയോയും കേറ്റ് വിൻസ്ലെറ്റുമാണ് ജാക്കും റോസുമായി എത്തിയത്. ചിത്രത്തിൽ ഒരു ‘വാതിൽപ്പലക’യുടെ കഷണമാണ് ക്ലൈമാക്സ് രംഗത്തിൽ റോസിനെ രക്ഷിച്ചത്. പലകയിൽ രണ്ടുപേർക്കിടമില്ലാത്തതിനാൽ ജാക്ക് വെള്ളത്തിൽ തണുത്തുറഞ്ഞ് മരിക്കുകയായിരുന്നു. ഇപ്പോഴിതാ ആ പലക കഷ്ണം ലേലത്തിൽ വിറ്റു പോയെന്ന വാർത്തയാണ് പുറത്തു വരുന്നത്. 7,18,750 ഡോളറിന് (5.99 കോടി രൂപ) ആണ് തടിക്കഷണം ലേലത്തിൽ പോയതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

യുഎസ് ലേലകമ്പനിയായ ഹെറിറ്റേജ് ഓക്ഷൻസ് ആണ് ഇതുൾപ്പെടെ ഹോളിവുഡ് സിനിമകളിലെ വിവിധ സാധനങ്ങൾ ലേലത്തിനെത്തിച്ചത്. ബാൾസ മരത്തിന്റെ പലകയാണ് സിനിമയിൽ വാതിലിനായി ഉപയോഗിച്ചത്.