യുവജനോത്സവത്തില്‍ ശിവതാണ്ഡവം ഒരു ഐറ്റമായിരിക്കും, ശിവന്‍കുട്ടിയെ പരിഹസിച്ച് ജോയ് മാത്യു !

കൊച്ചി: നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി വി. ശിവന്‍കുട്ടിക്ക് നേരെ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. അടുത്ത വര്‍ഷം മുതല്‍ യുവജനോത്സവത്തില്‍ ശിവ താണ്ഡവം ഉണ്ടാകും എന്ന് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിദ്യാഭ്യാസമന്ത്രിയെ ജോയ് മാത്യു പരിഹസിച്ചിരിക്കുന്നത്.

‘കലാതിലക മോഹികള്‍ ശ്രദ്ധിക്കുക, അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന യുവജനോത്സവത്തില്‍ ശിവതാണ്ഡവം ഒരു നിര്‍ബന്ധിത ഐറ്റമായിരിക്കുമത്രെ.’ എന്ന് നിയമസഭ ഇരിപ്പിടങ്ങളില്‍ കയറി അക്രമിക്കാനൊരുങ്ങുന്ന ശിവന്‍കുട്ടിയുടെ ചിത്രത്തിന് അടിക്കുറിപ്പോടെയാണ് ജോയ് മാത്യു പങ്കുവെച്ചിരിക്കുന്നത്.

ശിവന്‍കുട്ടിയുടെ രാജിക്കായുള്ള ആവശ്യം പ്രതിപക്ഷം ശക്തമാക്കിയ സാഹചര്യത്തിലാണ് ജോയ് മാത്യുവിന്റെ പരിഹാസരൂപേണയുള്ള പ്രതികരണം.