ബിഗ് ബജറ്റ് ചിത്രം മരക്കാറിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാള സംവിധായകനായ അല്‍ഫോണ്‍സ് പുത്രന്‍. ‘മരക്കാര്‍ എന്ന സിനിമ ഞാന്‍ കണ്ടു. നമ്മള്‍ ചെറുപ്പം തൊട്ട് കണ്ടുവരുന്ന ഒന്നാണ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കോമ്പിനേഷനിലുള്ള ചിത്രങ്ങള്‍. അവര്‍ മുന്‍പ് ഒന്നിച്ച കാലാപാനി ലാര്‍ജ് സ്‌കെയിലില്‍ ഉള്ള ഒരു സിനിമയായിരുന്നു. കാലാപാനിയേക്കാളും കുറച്ചുകൂടി വലിയ സ്‌കെയിലിലുള്ള ചിത്രമാണ് മരക്കാറെന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നത്.
സിനിമയെക്കുറിച്ച് പറയാനാണെങ്കില്‍ ഒരുപാട് പറയാനുണ്ടെന്നും സിനിമ കണ്ട ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ സിനിമ എനിക്ക് ഇഷ്ടപ്പെട്ടുവെനന്നും അല്‍ഫോന്‍സ് പുത്രന്‍ പറയുന്നു. ഇനി നിങ്ങള്‍ പോയി കാണണം. ഞാന്‍ കൂടുതല്‍ എന്തെങ്കിലും പറഞ്ഞാല്‍ അതില്‍നിന്ന് കഥയെക്കുറിച്ചോ സിനിമയെക്കുറിച്ചോ നിങ്ങള്‍ക്ക് കൂടുതല്‍ സൂചനകള്‍ ലഭിച്ചേക്കാം. അതുകൊണ്ടാണ് ഞാന്‍ ഒന്നും പറയാത്തത്’, ആശിര്‍വാദ് സിനിമാസ് പുറത്തിറക്കിയ വീഡിയോയില്‍ അല്‍ഫോണ്‍സ് പറയുന്നു.
രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച മരക്കാര്‍. ചിത്രം ഇതിനോടകം ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിക്കഴിഞ്ഞു.

