രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ സേതുരാമയ്യര്‍ വീണ്ടും വരുന്നു!

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് സേതുരാമയ്യര്‍ സിബിഐ യുടെ അഞ്ചാം പതിപ്പ്. 1988 ല്‍ പുറത്ത് ഇറങ്ങിയ ഒരു സിബിഐ ഡയറി കുറിപ്പ് എന്ന വന്‍ വിജയ ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിക്കുന്നത്. ഇതിന് പിന്നാലെ ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ സിനിമകളും എത്തി. പുറത്ത് ഇറങ്ങിയ ചിത്രങ്ങളെല്ലാം വന്‍ വിജയവമായിരുന്നു . ചിത്രങ്ങളും ഈ വിജയം തന്നെയാണ് അഞ്ചാംഭാഗത്തിന് വേണ്ടിയുള്ള പ്രേക്ഷക പ്രതീക്ഷ കൂട്ടുന്നതും.

ക്രൂരകൊലപാതകങ്ങളുടെ ചുരുളഴിക്കാന്‍ സേതുരാമയ്യര്‍ വീണ്ടും എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ബാസ്‌ക്കറ്റ് കില്ലിങ്ങിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നതെന്നും എസ്എന്‍ സ്വാമി നേരത്തെ പറഞ്ഞിരുന്നു. ഇതുവരെയുളള സിബിഐ ചിത്രങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നതാണ് പുതിയ സിനിമയുടെ ക്ലൈമാക്സ്. അതുകൊണ്ട് തന്നെ എല്ലാതരത്തിലും ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് തന്നെയാണ് എന്റെ വിശ്വാസമെന്നും എസ് എന്‍ സ്വാമി അഭിമുഖത്തില്‍ പറഞ്ഞു. ഇതുവരെ കണ്ടിട്ടില്ലാത്ത കൊലപാതക രീതികളാകും ചിത്രത്തിലേതെന്നും അറിയുന്നു. ബുദ്ധിതന്ത്രങ്ങളുടെ ചതുരംഗക്കളികള്‍ തന്നെയാകും ചിത്രത്തിന്റെ മികവെന്നും സംവിധായകന്‍ കെ മധു നേരത്തെ വ്യക്തമാക്കിയിരുന്നു.

സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് നവംബര്‍ 29 ന് തുടങ്ങുമെന്നാണ്‌ ഏറ്റവും പുതിയ വിവരം. കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് എസ് എന്‍ സ്വാമി തന്നെയാണ് . സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍. സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനാണ്.