Entertainment (Page 102)

ഗോള്‍ഡന്‍ ഗ്ലോബില്‍ തിളങ്ങിയ ആര്‍ആര്‍ആര്‍, സംവിധായകന്‍ ജെയിംസ് കാമറൂണ്‍ രണ്ട് തവണ കണ്ടെന്ന വെളിപ്പെടുത്തലുമായി രാജമൗലി. അദ്ദേഹത്തിന് സിനിമ ഒരുപാട് ഇഷ്ടപ്പെട്ടെന്നും ഭാര്യയോടൊപ്പമിരുന്ന് രണ്ടാം തവണയും കാമറൂണ്‍ ആര്‍ആര്‍ആര്‍ കണ്ടെന്നും രാജമൗലി ട്വീറ്റ് ചെയ്തു.

‘മഹാനായ ജെയിംസ് കാമറൂണ്‍ ആര്‍ആര്‍ആര്‍ കണ്ടു. അദ്ദേഹത്തിന് വളരെ ഇഷ്ടമാകുകയും ഭാര്യയ്‌ക്കൊപ്പം വീണ്ടും കാണുകയും ചെയ്തു. പത്ത് മിനിട്ട് ഞങ്ങള്‍ക്കൊപ്പം നിന്ന് ആര്‍ആര്‍ആറിനെ വിലയിരുത്താന്‍ താങ്കള്‍ സമയം ചെലവഴിച്ചുവെന്നത് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. താങ്കള്‍ പറഞ്ഞതുപോലെ ഞാന്‍ ഇപ്പോള്‍ ലോകത്തിന്റെ ഏറ്റവും ഉയരത്തിലാണ്, രണ്ടുപേര്‍ക്കും നന്ദി’- രാജമൗലി ട്വീറ്റ് ചെയ്തു.

ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ വെട്ടിച്ചുരുക്കാന്‍ സാധ്യത. പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ 999 രൂപയ്ക്ക് ലഭ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ നിരക്ക് ഭൂരിഭാഗം ഉപയോക്താക്കള്‍ക്കും താങ്ങാന്‍ ആകുന്നില്ലെന്ന പരാതി ഇതിനോടകം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിരക്ക് കുറഞ്ഞ പ്രൈം അംഗത്വം നല്‍കാന്‍ കമ്ബനി പദ്ധതിയിടുന്നത്.

പ്രൈം ലൈറ്റ് എന്ന പേര് നല്‍കിയിരിക്കുന്ന പുതിയ പ്ലാനിന്റെ ടെസ്റ്റിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അതേസമയം, പ്രൈം ലൈറ്റിന്റെ പ്രതിമാസ സംഖ്യയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. നിരക്കുകള്‍ കുറയ്ക്കുന്നതിനാല്‍, പ്രൈം ലൈറ്റില്‍ ചില പരിമിതികളും നേരിടേണ്ടി വന്നേക്കാം. പ്രൈം ലൈറ്റ് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് എല്ലാ പ്രൈം വീഡിയോയും കാണാന്‍ സാധിക്കുമെങ്കിലും, സ്റ്റാന്‍ഡേര്‍ഡ് റെസലൂഷന്‍ മാത്രമാണ് ഉണ്ടായിരിക്കുകയുള്ളൂ. എച്ച്ഡി, 4കെ കണ്ടെന്റുകള്‍ ലഭിക്കുകയില്ല.

2022-ല്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്നും വലിയ വിജയം നേടിയ കാന്താരയെ പുകഴ്ത്തി കമല്‍ ഹാസന്‍ അയച്ച കത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചിരിക്കുകയാണ് സംവിധായകന്‍ റിഷബ് ഷെട്ടി. ‘ഇന്ത്യന്‍ സിനിമയുടെ ഇതിഹാസത്തില്‍ നിന്നും ഇത്തരമൊരു കത്ത് ലഭിച്ചതില്‍ സന്തോഷം. എല്ലാം അപ്രതീക്ഷിതമായിരുന്നു. വിലയേറിയ സമ്മാനത്തിന് ഒരുപാട് നന്ദിയുണ്ടെന്നും’ റിഷബ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

‘കാന്താര പോലൊരു ചിത്രം എക്കാലവും മനസില്‍ തങ്ങി നില്‍ക്കും, മനസിനെ കൂടുതല്‍ ഉന്മേഷഭരിതമാക്കും. ഞാന്‍ ഒരു നിരീശ്വരവാദിയാണ്. എങ്കിലും ഈശ്വരസാന്നിധ്യം അനിവാര്യമാണെന്ന് ഞാന്‍ ഗ്രഹിക്കുന്നു. മിക്ക ഐതിഹ്യങ്ങളിലും ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്ര സഹാനുഭൂതി ഈശ്വരന്‍മാരിലുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. സ്ത്രീകള്‍ക്ക് മേധാവിത്വം കല്‍പിക്കുന്ന ദ്രാവിഡസമൂഹമാണ് നമ്മുടേത്. കാന്താരയുടെ അവസാനഭാഗത്ത് പൗരുഷ സവിശേഷതകള്‍ക്കുപരിയായി ദൈവം ഒരു അമ്മയെ പോലെ പെരുമാറുന്നു’-കമല്‍ ഹാസന്‍ കത്തില്‍ വ്യക്തമാക്കി.

റിഷബ് ഷെട്ടി തിരക്കഥയെഴുതി സംവിധാന ചെയ്ത ചിത്രമാണ് കാന്താര. തീരദേശ കര്‍ണാടകത്തിലെ ഒരു ഗ്രാമവും ദൈവനര്‍ത്തക വിശ്വാസവുമാണ് ചിത്രത്തിന്റെ പ്രമേയം. മലയാളം പതിപ്പ് കേരളത്തില്‍ എത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. റിഷബ് ഷെട്ടിയ്‌ക്കൊപ്പം സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിനര്‍ഹമായ ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തെ പ്രശംസിച്ച് ഹോളിവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ്. സംഗീത സംവിധായകന്‍ എംഎം കീരവാണിയാണ് തനിക്ക് ലഭിച്ച അഭിമാന നേട്ടത്തെക്കുറിച്ച് പറഞ്ഞത്.

‘സിനിമകളുടെ ദൈവത്തെ കാണാനുള്ള ഭാഗ്യം ലഭിച്ചു. ഡ്യുവല്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ എനിക്കിഷ്ടമാണെന്ന് അദ്ദേഹത്തിന്റെ കാതുകളില്‍ പറയാനുള്ള ഭാഗ്യമുണ്ടായി’- കീരവാണി ട്വീറ്റ് ചെയ്തു. നാട്ടു നാട്ടു ഗാനം ഇഷ്ടമായെന്ന് അദ്ദേഹം പറഞ്ഞത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ദൈവത്തെ കണ്ടുവെന്നാണ് സംവിധായകന്‍ എസ്എസ് രൗജമൗലി സ്റ്റീവന്‍ സ്പില്‍ബര്‍ഗിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

തന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റര്‍ ആയി തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന മാളികപ്പുറത്തിന്റെ വിജയത്തിന് നന്ദി പറയാന്‍ ശബരിമലയില്‍ നേരിട്ടെത്തി നടന്‍ ഉണ്ണിമുകുന്ദന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആദരവ് ഏറ്റുവാങ്ങുന്നതിന് കൂടിയാണ് ഉണ്ണി മുകുന്ദന്‍ സന്നിധാനത്ത് എത്തിയത്. തന്റെ ജീവിതത്തില്‍ ജനുവരി പതിന്നാലിനുള്ള പ്രാധാന്യം വ്യക്തമാക്കികൊണ്ട് താരം ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് സന്നിധാനത്തെത്തിയ വിവരം അറിയിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നമസ്‌കാരം,

ഇന്ന് ജനുവരി 14. ഈ ദിവസത്തിന് എന്റെ ജീവിതത്തില്‍ ഒരുപാട് പ്രാധാന്യം ഉണ്ട്. ഞാന്‍ ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കാനായി ക്യാമറയ്ക്ക് മുന്നില്‍ നിന്നത് ഒരു ജനുവരി 14 ന് ആയിരുന്നു. അതുപോലെ എന്റെ ആദ്യ നിര്‍മാണ സംരംഭം എന്ന നിലയിലും ഒരു ആക്ടര്‍ എന്ന തരത്തില്‍ എനിക്ക് ഒരു നാഴികകല്ലായും, നിരവധി അവാര്‍ഡുകളടക്കം കരസ്ഥമാക്കുന്നതിനും കാരണമായി മാറിയ നിങ്ങള്‍ നെഞ്ചിലേറ്റി വിജയിപ്പിച്ച മേപ്പടിയാന്‍ റിലീസ് ആയതും കഴിഞ്ഞ ജനുവരി 14 ന് ആയിരുന്നു. വീണ്ടും ഒരു ജനുവരി 14 മകരവിളക്ക് ദിനത്തില്‍ എന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റര്‍ ആയി തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന മാളികപ്പുറത്തിന്റെ വിജയത്തിന് നന്ദി പറയാനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആദരവ് ഏറ്റുവാങ്ങാനുമായി ഞാന്‍ സന്നിധാനത്ത് അയ്യന്റെ അടുത്താണ് ഉള്ളത്.

മേപ്പടിയാനില്‍ ഒരു അയ്യപ്പ ഭക്തിഗാനം പാടാനുള്ള സൗഭാഗ്യം തേടിയെത്തിയപ്പോള്‍ പിന്നീട് എന്നെ തേടിയെത്തിയത് അയ്യപ്പനായി തന്നെ അഭിനയിക്കാനുള്ള നിയോഗമായിരുന്നു.

ഇനിയുള്ള എല്ലാ മകരവിളക്ക് ദിനങ്ങളും എന്റെ ജീവിതത്തിലെ ഓരോ നാഴികക്കല്ലുകളായി മാറട്ടെ എന്ന് മാത്രം ഞാന്‍ അയ്യപ്പസ്വാമിയോട് പ്രാര്‍ത്ഥിക്കുന്നു.

സ്‌നേഹത്തോടെ,

ഉണ്ണി

അജയ് ദേവ്ഗണിന്റെ ത്രില്ലര്‍ ചിത്രം ദൃശ്യം 2 നവംബര്‍ 18 ന് റിലീസ് ചെയ്തതു മുതല്‍ ബോക്സ് ഓഫീസില്‍ തരംഗമായിരുന്നു. ചിത്രം ഇപ്പോള്‍ ഒടിടിയില്‍ എത്തിയിരിക്കുകയാണ്.

ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ വാടകയ്ക്ക് ആണ് നേരത്തെ എത്തിയത്. ഇപ്പോള്‍ ഇത് പ്രൈം അംഗങ്ങള്‍ക്ക് ലഭ്യമായി. ദൃശ്യം 2-ല്‍ അജയ് ദേവ്ഗണ്‍, ശ്രിയ ശരണ്‍, തബു, അക്ഷയ് ഖന്ന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോക്സ് ഓഫീസില്‍ മികച്ച തുടക്കത്തിന് സാക്ഷ്യം വഹിച്ച ചിത്രം വന്‍ തുക നേടിയപ്പോള്‍ ഒടുവില്‍ 200 കോടി കടന്നിരിക്കുകയാണ്. ബോക്സോഫീസില്‍ 23 ദിവസം വിജയകരമായി പൂര്‍ത്തിയാക്കിയ ദൃശ്യം 24.65 കോടിയാണ് നേടിയത്. ഇതോടെ ഇത് 201.67 കോടി രൂപയായി.

കൊച്ചി: രണ്ടു വാരം പിന്നിടുമ്‌ബോള്‍ കേരളത്തില്‍ നിന്നു മാത്രം മാളികപ്പുറം ഇതിനോടകം നേടിയത് 18 കോടിയിലധികം. ബ്രഹ്മാണ്ഡ ചിത്രം അവതാര്‍ രണ്ടിനോടൊപ്പം മത്സരിച്ചാണ് മാളികപ്പുറം വന്‍ ഹിറ്റായി മാറിയത്. കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രം 25 കോടി ക്ലബില്‍ ഇടംനേടിയിരിക്കുകയാണ്.

ബിഗ് ബജറ്റ് സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളോട് മത്സരിച്ചും ചിത്രം നിറഞ്ഞ പ്രേക്ഷകരോടെ പ്രദര്‍ശനം തുടരുകയാണ്. 2022 ഡിസംബര്‍ 30 ന് റിലീസ് ചെയ്ത ചിത്രം കേരളത്തിനു പുറത്തും മികച്ച പിന്തുണ നേടി. ഇതുവരെയുള്ള ഗ്രോസ് കളക്ഷനില്‍ 25 കോടിയിലധികം നേടി ബോക്‌സോഫീസില്‍ മികച്ച നേട്ടമാണ് സ്വന്തമാക്കി. ഉണ്ണിമുകുന്ദനും ബാല താരങ്ങളായ ദേവ നന്ദയും ശ്രീപതും മികച്ച പ്രകടനം കാഴ്ച്ചവെച്ച സിനിമ ഇതിനോടകം തന്നെ കുടുംബ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരിക്കുകയാണ്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് റിലീസ്. ചിത്രത്തിന്റെ തെലുങ്ക് ഡബ്ബഡ് പതിപ്പ് വിതരണം ചെയ്യുന്നത് അല്ലു അര്‍ജ്ജുന്റെ ഗീതാ ആര്‍ട്‌സ് ആണ് എന്നത് വലിയ വാര്‍ത്ത ആയിരുന്നു. തെലുങ്ക് പതിപ്പ് ജനുവരി 21-ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍

ലോകത്തിലെ ഏറ്റവും ധനികരായ നടന്മാരുടെ പട്ടികയില്‍ ഇടം നേടി നടന്‍ ഷാരൂഖ് ഖാന്‍. വേള്‍ഡ് ഒഫ് സ്റ്റാറ്റിസ്റ്റിക്‌സാണ് ഈ വിവരം പുറത്തുവിട്ടത്. നാലാം സ്ഥാനമാണ് ഷാരൂഖ് കരസ്ഥമാക്കിയത്. ഹോളിവുഡ് നടനായ ജെറി സീന്‍ഫെല്‍ഡാണ് ഒന്നാം സ്ഥാനം നേടിയത്.

ടൈലര്‍ പെറി, ഡ്വെയ്ന്‍ ജോണ്‍സണ്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനം നേടിയത്. ടോം ക്രൂസ്, ജാക്കി ചാന്‍, ജോര്‍ജ്ജ് ക്ലൂണി, റോബട്ട് ഡി നിറോ എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ താരമാണ് ഷാരൂഖ് ഖാന്‍. വേള്‍ഡ് ഒഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്ക് പ്രകാരം 770 മില്ല്യണ്‍ ഡോളറാണ് ഷാരൂഖ് ഖാന്റെ ആസ്തി.

ഒന്നാം സ്ഥാനക്കാരനായ ജെറി സീന്‍ഫെല്‍ഡിന് ഒരു ബില്ല്യണ്‍ ഡോളറോളമാണ് ആസ്തി. ഒരു ബില്ല്യണ്‍ ഡോളറോളം ആസ്തിയുള്ള ടൈലര്‍ പെറിയും 800 മില്ല്യണ്‍ ഡോളര്‍ ആസ്തിയുള്ള ഡ്വെയ്ന്‍ ജോണ്‍സണുമാണ് ഷാരൂഖിന് മുന്നിലുള്ള മറ്റു താരങ്ങള്‍. ജാക്കി ചാന്‍ ആറാം സ്ഥാനത്താണ്.

ഡല്‍ഹി: ഇന്ത്യന്‍ സിനിമകളുടെ ഉള്ളടക്കം പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡുമായി ഉത്തരാഖണ്ഡിലെ ജോഷിമഠ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജ്യോതിഷ് പീഠത്തിലെ പുരോഹിതനായ സ്വാമി അവിമുക്തേശ്വരനാനന്ദ് സരസ്വതി. ‘ധര്‍മ സെന്‍സര്‍ ബോര്‍ഡ്’ എന്ന പേരിലാണ് പ്രത്യേക സമിതിക്കു രൂപംനല്‍കിയിരിക്കുന്നത്. സിനിമകളിലും സീരിയലുകളിലും വെബ് സീരീസുകളിലുമുള്ള ഹിന്ദുമത-പുരാണ വിരുദ്ധ ഉള്ളടക്കങ്ങള്‍ പരിശോധിക്കുകയാണ് ബോര്‍ഡിന്റെ ലക്ഷ്യം.

ഷാരൂഖ് ഖാന്‍-ദീപിക പദുക്കോണ്‍ ചിത്രം ‘പത്താനു’മായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു പിന്നാലെയാണ് പുതിയ നീക്കം. അവിമുക്തേശ്വരാനന്ദ് നേതൃത്വം നല്‍കുന്ന സമിതിയില്‍ വിവിധ രംഗങ്ങളില്‍നിന്നുള്ള 11 അംഗങ്ങളാണുണ്ടാകുക. സുപ്രിംകോടതി അഭിഭാഷകര്‍, ഹിന്ദു പുരോഹിതര്‍, മാധ്യമപ്രവര്‍ത്തകര്‍, സാഹിത്യകാരന്മാര്‍, ചരിത്രകാരന്മാര്‍, ചലച്ചിത്ര അഭിനേതാക്കള്‍, സാമൂഹിക പ്രവര്‍ത്തകന്‍, യു.പി ഫിലിം സെന്‍സര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അടങ്ങിയവരായിരിക്കും സമിതി അംഗങ്ങള്‍. സമിതി അംഗങ്ങള്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും.

സിനിമകള്‍, ടെലിവിഷന്‍ പരിപാടികള്‍, ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ എന്നിവയില്‍ വരുന്ന മതപരമായ കഥാപാത്രങ്ങള്‍, സംഭാഷണങ്ങള്‍, നിറം, പൊട്ട്, തിരക്കഥ അടക്കമുള്ള മുഴുവന്‍ കാര്യങ്ങളും പരിശോധിക്കും. ഇതില്‍ ഹിന്ദു മതത്തിനും പുരാണങ്ങള്‍ക്കും വിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ ബോര്‍ഡ് നിയമനടപടി സ്വീകരിക്കുമെന്ന് അവിമുക്തേശ്വരാനന്ദ് അറിയിച്ചു. സ്‌കൂള്‍ പാഠപുസ്തകങ്ങളും നാടകങ്ങളും സമിതി പരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടി റോക്കട്രി ദി നമ്ബി ഇഫക്ടും. ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ പദ്മഭൂഷണ്‍ നമ്ബി നാരായണന്റെ ജീവിതം ആസ്പദമാക്കിയ ചിത്രമാണ് റോക്കട്രി ദി നമ്ബി ഇഫക്ട് . ആര്‍ മാധവന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. മാധവന്‍ തന്നെയാണ് നമ്ബി നാരായണനായി അഭിനയിച്ചതും. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പെടെ ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

വ്യാജമായുണ്ടാക്കിയ ചാരക്കേസിനെ തുടര്‍ന്ന് നമ്ബി നാരായണന്‍ എന്ന ശാസ്ത്രജ്ഞന്റെ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും സംഭവിച്ച കാര്യങ്ങളും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തെ എങ്ങനെ ബാധിച്ചു എന്നുളള കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. ഒരേ സമയം ഇംഗ്ലീഷിലും, ഹിന്ദിയിലും, തമിഴിലും ചിത്രീകരിച്ച ചിത്രം മലയാളം, തെലുങ്ക്, കന്നഡ ഭാഷാകളിലേക്ക് മൊഴിമാറ്റിയിരുന്നു. അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം എത്തിയിരുന്നു. ഇതോടെ ഒരേ സമയം ഏറ്റവും കൂടുതല്‍ ഭാഷകളില്‍ പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി ‘റോക്കട്രി ദ നമ്ബി ഇഫക്ട്’.

ചിത്രത്തില്‍ ബോളിവുഡ് മെഗാസ്റ്റാര്‍ ഷാരൂഖ് ഖാനും, കോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയും അതിഥി വേഷത്തില്‍ എത്തിയിരുന്നു. സിമ്രാനാണ് നായിക. വിവിധ പ്രായത്തിലുള്ള നമ്ബി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ ശാരീരിക മാറ്റങ്ങളും മേക്ക്ഓവറുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫിലിസ് ലോഗന്‍, വിന്‍സന്റ് റിയോറ്റ, റോണ്‍ ഡൊനാഷേ തുടങ്ങിയ ഹോളിവുഡ് താരങ്ങളും രജിത് കപൂര്‍, രവി രാഘവേന്ദ്ര, മിഷ ഖോഷല്‍, ഗുല്‍ഷന്‍ ഗ്രോവര്‍, കാര്‍ത്തിക് കുമാര്‍, തുടങ്ങിയ ബോളിവുഡ് താരങ്ങളും മലയാളി താരം ദിനേഷ് പ്രഭാകറും പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.