ഇന്ത്യന്‍ സിനിമകളുടെ ഉള്ളടക്കം പരിശോധിക്കാന്‍ ‘ധര്‍മ സെന്‍സര്‍ ബോര്‍ഡ്’

ഡല്‍ഹി: ഇന്ത്യന്‍ സിനിമകളുടെ ഉള്ളടക്കം പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡുമായി ഉത്തരാഖണ്ഡിലെ ജോഷിമഠ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജ്യോതിഷ് പീഠത്തിലെ പുരോഹിതനായ സ്വാമി അവിമുക്തേശ്വരനാനന്ദ് സരസ്വതി. ‘ധര്‍മ സെന്‍സര്‍ ബോര്‍ഡ്’ എന്ന പേരിലാണ് പ്രത്യേക സമിതിക്കു രൂപംനല്‍കിയിരിക്കുന്നത്. സിനിമകളിലും സീരിയലുകളിലും വെബ് സീരീസുകളിലുമുള്ള ഹിന്ദുമത-പുരാണ വിരുദ്ധ ഉള്ളടക്കങ്ങള്‍ പരിശോധിക്കുകയാണ് ബോര്‍ഡിന്റെ ലക്ഷ്യം.

ഷാരൂഖ് ഖാന്‍-ദീപിക പദുക്കോണ്‍ ചിത്രം ‘പത്താനു’മായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു പിന്നാലെയാണ് പുതിയ നീക്കം. അവിമുക്തേശ്വരാനന്ദ് നേതൃത്വം നല്‍കുന്ന സമിതിയില്‍ വിവിധ രംഗങ്ങളില്‍നിന്നുള്ള 11 അംഗങ്ങളാണുണ്ടാകുക. സുപ്രിംകോടതി അഭിഭാഷകര്‍, ഹിന്ദു പുരോഹിതര്‍, മാധ്യമപ്രവര്‍ത്തകര്‍, സാഹിത്യകാരന്മാര്‍, ചരിത്രകാരന്മാര്‍, ചലച്ചിത്ര അഭിനേതാക്കള്‍, സാമൂഹിക പ്രവര്‍ത്തകന്‍, യു.പി ഫിലിം സെന്‍സര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അടങ്ങിയവരായിരിക്കും സമിതി അംഗങ്ങള്‍. സമിതി അംഗങ്ങള്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും.

സിനിമകള്‍, ടെലിവിഷന്‍ പരിപാടികള്‍, ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ എന്നിവയില്‍ വരുന്ന മതപരമായ കഥാപാത്രങ്ങള്‍, സംഭാഷണങ്ങള്‍, നിറം, പൊട്ട്, തിരക്കഥ അടക്കമുള്ള മുഴുവന്‍ കാര്യങ്ങളും പരിശോധിക്കും. ഇതില്‍ ഹിന്ദു മതത്തിനും പുരാണങ്ങള്‍ക്കും വിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ ബോര്‍ഡ് നിയമനടപടി സ്വീകരിക്കുമെന്ന് അവിമുക്തേശ്വരാനന്ദ് അറിയിച്ചു. സ്‌കൂള്‍ പാഠപുസ്തകങ്ങളും നാടകങ്ങളും സമിതി പരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.