Career (Page 176)

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പിആര്‍ഡി ചേംബറില്‍ വച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും.

  1. http://keralapareekshabhavan.in
  2. https://sslcexam.kerala.gov.in
  3. www.results.kite.kerala.gov.in
  4. http://results.kerala.nic.in
  5. www.prd.kerala.gov.in
  6. www.sietkerala.gov.in

എന്നീ സൈറ്റുകളില്‍ ഫലം പ്രസിദ്ധീകരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഏപ്രില്‍ എട്ടു മുതല്‍ 28 വരെയായിരുന്നു എസ്.എസ്.എല്‍.സി പരീക്ഷ നടത്തിയത്. കോവിഡ് സാഹചര്യത്തില്‍ പരീക്ഷകള്‍ ഉദാരമായാണ് നടത്തിയത്. ഇത്തവണ ചോദ്യപേപ്പറില്‍ കൂടുതല്‍ ചോയ്‌സ് ഉണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‌കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നിലപാട് സ്വീകരിച്ചത്.

തിരുവനന്തപുരം: പാഠ്യപദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ സാങ്കേതിക സംവിധാനം ഒരുക്കാന്‍ ‘ലെറ്റസ് ഗോ ഡിജിറ്റല്‍’ പദ്ധതിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ കോളേജുകള്‍, സര്‍വ്വകലാശാലകള്‍, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഓണ്‍ലൈന്‍ ക്ലാസ്, പരീക്ഷ എന്നിവയുള്‍പ്പെടെ ഇതിലൂടെ നടത്താനാണ് പദ്ധതി.ഇതിനായി 100 ദിവസത്തിനുള്ളില്‍ വിപുലമായ ലേണിംഗ് പ്ലാറ്റ്ഫോം വികസിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂലൈ 15 ന്. മൂല്യനിര്‍ണയം പൂര്‍ത്തിയായ ശേഷം പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് ഫലത്തിന് അംഗീകാരം നല്കും.ഇത്തവണ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‌കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍, അതേസമയം എന്‍ സി സി, സ്‌കൗട്ട്‌സ് എന്നിവക്ക് ഗ്രേസ് മാര്‍ക്ക് നല്കണമെന്ന് വിദ്യാര്‍ഥികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായ ശേഷമേ ഫലപ്രഖ്യാപനം നടത്തുകയെന്നും വിദ്യാഭ്യാസവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

ജൂലൈ എഴിന് ആരംഭിച്ച മൂല്യനിര്‍ണയത്തില്‍ 70 ക്യാമ്പുകളിലായി 12,512 അധ്യാപകരെയും ടിഎച്ച്എസ്എല്‌സി പരീക്ഷയുടെ മൂല്യനിര്‍ണയത്തിനായി രണ്ട് ക്യാംപുകളിലായി 92 അധ്യാപകരെയുമാണ് നിയോഗിച്ചിട്ടുള്ളത്.

ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷ(നീറ്റ്) മാറ്റാൻ സാധ്യത. നീറ്റ് പ്രവേശന പരീക്ഷ സെപ്തംബറിലേക്ക് മാറ്റിയേക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആഗസ്റ്റ് ഒന്നിന് നീറ്റ് പരീക്ഷ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

ജെ ഇ ഇ മെയിൻസിൽ ഇനി നടക്കാനുള്ള പരീക്ഷകൾ അടുത്തമാസം അവസാനമോ ആഗസ്റ്റ് മാസമോ നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപന സാഹചര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനമെന്നാണ് ലഭ്യമാകുന്ന വിവരം.

സെപ്തംബർ മാസത്തിലാണ് നീറ്റ് പരീക്ഷ നടത്തുകയെങ്കിൽ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ രജിസ്‌ട്രേഷൻ ആരംഭിക്കാനാണ് സാധ്യത. ജെ ഇ ഇ. മെയിൻസിൽ ഇനി രണ്ട് പരീക്ഷകളാണ് നടക്കാനുള്ളത്. ഇതിൽ ഒന്ന് അടുത്തമാസം അവസാനമോ ആഗസ്റ്റ് ആദ്യ ആഴ്ചയോ നടത്തിയേക്കും. ദേശിയ ടെസ്റ്റിങ് ഏജൻസിയാണ് പരീക്ഷാ തീയതികൾ പ്രഖ്യാപിക്കുക.

ന്യൂഡൽഹി: കേരളത്തിൽ പ്ലസ് വൺ പരീക്ഷ റദ്ദാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിൽ ഇക്കാര്യം വ്യക്തമാക്കി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ മാസത്തിൽ നടത്തുമെന്നും അതിന് അനുമതി നൽകണമെന്നും സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു.

സിബിഎസ്ഇ പ്ലസ് 2 പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ സ്റ്റേറ്റ് സിലബസ് പരീക്ഷകൾ കൂടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് സംസ്ഥാന സർക്കാർ നിലപാട് അറിയിച്ചത്.

കോവിഡ് വൈറസ് ബാധിച്ചവർക്കും രോഗലക്ഷണങ്ങൾ ഉള്ളവർക്കും പരീക്ഷ എഴുതുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുമെന്നും ആരോഗ്യ വകുപ്പിന്റെ കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചാകും പരീക്ഷ നടത്തുകയെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ റദ്ദാക്കാത്തത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേരളത്തോട് സുപ്രീംകോടതി നിലപാട് തേടിയത്.

ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ചൊവ്വാഴ്ച വിവരമറിയിക്കണമെന്ന് കേരള സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച് സുപ്രിംകോടതി. ഒരാഴ്ചത്തെ സമയം കൂടി അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാനാവില്ലെന്ന് കോടതി അറിയിച്ചു.സര്‍ക്കാര്‍ നിലപാട് അറിയിച്ചില്ലെങ്കില്‍ ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി.സെപ്തംബര്‍ ആറ് മുതല്‍ 16 വരെ പ്ലസ് വണ്‍ പരീക്ഷ നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.

എന്നാല്‍ കോവിഡ് പശ്ചാത്തലം ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികളും മാതാപിതാക്കളും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജിയിലും നാളെ വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ആസം, പഞ്ചാബ്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം: വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഡിജിറ്റല്‍ പഠനോപാധികള്‍ ഇല്ലാത്ത കുട്ടികളുടെ കണക്കെടുക്കുന്നു. ടെലിവിഷന്‍, മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവയില്ലാത്ത വിദ്യാര്‍ത്ഥികളുടെ വിവരമാണ് ശേഖരിക്കുന്നത്. ഇത്തരത്തില്‍ ഒന്നരലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെയാണ് കണ്ടെത്തിയിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.

ആലപ്പുഴ ജില്ലയില്‍ 7200 വിദ്യാര്‍ത്ഥികളെയാണ് കണക്കെടുപ്പില്‍ കണ്ടെത്തിയിരിക്കുന്നത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കുട്ടികളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സഹായസമിതികളുണ്ടാക്കും, പഠനോപകരണങ്ങള്‍ വിതരണം ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൂര്‍വ വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാകും സമിതി രൂപീകരിക്കുക.

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് റദ്ദാക്കിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ വിദ്യാർത്ഥികളുടെ മൂല്യനിർണയം 10,11,12 ക്ലാസുകളിലെ പരീക്ഷാഫലത്തിന്റെ ആകെത്തുകയായി കണക്കാക്കും. സിബിഎസ്ഇ സുപ്രീംകോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ 10,11 ക്ലാസുകളിലെ വാർഷിക ഫലത്തിന്റെയും 12-ാം ക്ലാസ് പ്രീ ബോർഡ് പരീക്ഷയുടെയും ഫലം 30:30:40 എന്ന അനുപാതത്തിലെടുത്താകും ഫലം കണക്കാക്കുകയെന്നും സിബിഎസ്ഇ കോടതിയിൽ വ്യക്തമാക്കി. അറ്റോർണി ജനറൽ കെ.കെ വേണുഗോപാലാണ് മൂല്യനിർണയങ്ങൾ സംബന്ധിച്ച വിവരങ്ങൾ കോടതിയെ അറിയിച്ചത്.

10,11 ക്ലാസുകളിലെ തിയറി മാർക്കുകളാണ് മൂല്യനിർണയത്തിന് പരിഗണിക്കുന്നത്. ജസ്റ്റിസ് എ.എം ഖാൻവീൽക്കർ, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പരീക്ഷാ മൂല്യനിർണയ വിവരങ്ങൾ സുപ്രീംകോടതി അംഗീകരിച്ചാലുടൻ വെബ്സൈറ്റിൽ ലഭ്യമാക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കിയിരിക്കുന്നത്. പരീക്ഷാ മൂല്യനിർണയം നിരീക്ഷിക്കാൻ 1000 സ്‌കൂളുകൾക്ക് ഒരു സമിതി ഉണ്ടായിരിക്കുമെന്നും മൂല്യ നിർണയത്തിനായി വിദഗ്ദ്ധരായ അദ്ധ്യാപകരെ നിയമിക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

വിദ്യാർത്ഥികളിൽ പരീക്ഷ ആവശ്യമുളളവർക്ക് അതിനുളള സൗകര്യം ഏർപ്പെടുത്തണമെന്ന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ജൂലൈ 31 നകം ഫലപ്രഖ്യാപനം ഉണ്ടാകുമെന്നും സിബിഎസ്ഇ അറിയിച്ചു.

victers

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫസ്റ്റ്‌ബെല്‍ 2.0 ട്രയല്‍ സംപ്രേഷണം ജൂണ്‍ 18 വരെ നീട്ടി. പ്രീപ്രൈമറി മുതല്‍ പത്ത് വരെയുള്ള ക്ലാസുകാര്‍ക്ക് ജൂണ്‍ ആദ്യവാരം സംപ്രേഷണം ചെയ്തതിന്റെ പുനസംപ്രേഷണമായിരിക്കും 14 മുതല്‍ 18 വരെ നടക്കുക. പുതിയ ക്ലാസുകള്‍ ജൂണ്‍ 21 നായിരിക്കും ആരംഭിക്കുക.

ജൂണ്‍ 7 മുതല്‍ 11 വരെയുള്ള ക്ലാസുകളുടെ അതേ ക്രമത്തില്‍ തന്നെ ജൂണ്‍ 14 മുതല്‍ 18 വരെ കൈറ്റ് വിക്ടേഴ്‌സില്‍ പുനഃസംപ്രേഷണം ചെയ്യും. സംസ്ഥാനത്ത് ലോക്ഡൗണ് നിയന്ത്രണങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ അയല്പക്ക പഠനകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സജീവമാക്കി മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസ് ലഭിക്കുന്നു എന്നുറപ്പുവരുത്താനാണ് ട്രയല്‍ സംപ്രേഷണം ഒരാഴ്ചകൂടി നീട്ടിയതെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിനിടയിലും നേട്ടം സ്വന്തമാക്കി പൊതുവിദ്യാഭ്യാസ മേഖല. ഇത്തവണ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് കൂടുതൽ വിദ്യാർത്ഥികളെത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. 2 മുതൽ 9 വരെയുള്ള എല്ലാ ക്ലാസുകളിലും സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ നിന്നും പുതുതായി സ്റ്റേറ്റ് സിലബസിലേക്ക് കൂടുതൽ വിദ്യാർഥികളെത്തിയെന്നാണു കണക്കുകൾ പറയുന്നത്.

എല്ലാ ക്ലാസുകളിലുമായി ഒരു ലക്ഷത്തോളം വിദ്യാർഥികളാണ് വന്നുചേർന്നത്. 3.2 ലക്ഷം വിദ്യാർഥികളാണ് ഒന്നാം ക്ലാസിലെത്തിയത്. എല്ലാ ജില്ലകളിൽനിന്നും വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ച കണക്കിൽ ഒന്നാം ക്ലാസ് ഒഴികെയുള്ള എല്ലാ ക്ലാസുകളിലും ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾ വന്നെന്ന് വ്യക്തമാക്കുന്നു.

5-ാം ക്ലാസിലും 8-ാം ക്ലാസിലുമാണ് സാധാരണ സിബിഎസ്ഇയിൽ നിന്നും ഐസിഎസ്‌സിയിൽ നിന്നും ഇത്തരത്തിൽ സിലബസ് മാറി വിദ്യാർഥികൾ സ്റ്റേറ്റ് സിലബസിലേക്ക് എത്താറുള്ളത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയാകും മറ്റു സിലബസിൽ നിന്നു വിദ്യാർഥികൾ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ എത്തിച്ചേരാൻ കാരണമെന്നാണ് വിലയിരുത്തൽ.

80% സ്‌കൂളുകളും വിദ്യാർഥികളുടെ കണക്ക് സമ്പൂർണ സോഫ്റ്റ്‌വെയർ വഴി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ലോക്ഡൗൺ കാരണം ചില സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള അപ്‌ഡേഷൻ നടന്നിട്ടില്ല. അപ്‌ഡേറ്റ് ചെയ്യാത്തവർ എത്രയും വേഗം തന്നെ അപ്‌ഡേഷൻ നടത്തുമെന്നാണ് വിവരം.