ബിഎച്ച് സീരീസ് രജിസ്‌ട്രേഷന്‍ ഒഴിവാക്കുന്നത് വലിയ നൂലാമാലകള്‍, ഇന്നു മുതല്‍ ഓണ്‍ലൈനിലൂടെ സാധ്യം !

ജോലിയുടെ ഭാഗമായി ഓരോ സംസ്ഥാനം മാറുമ്പോഴും കാര്‍ റജിസ്‌ട്രേഷന്‍ മാറ്റുന്ന തലവേദനയില്‍ നിന്നും ഇനി ആശ്വാസം. വാഹനങ്ങള്‍ക്ക് ബിഎച്ച് സീരീസ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്ന പുതിയ സംവിധാനം വഴി, വാഹന ഉടമയ്ക്ക് ഓഫീസുകള്‍ കയറി ഇറങ്ങിയുള്ള നൂലാമാലകള്‍ ലഘൂകരിക്കാനാകും. ഇത് പൂര്‍ണ്ണമായും ഓണ്‍ലൈനിലൂടെ നടത്തുകയും ചെയ്യാം. ഇന്ന് (സെപ്റ്റംബര്‍ 15) മുതലാണ് പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുക.

1989 ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം, 47-ാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട്, ബിഎച്ച് രജിസ്‌ട്രേഷന്‍ മാര്‍ക്ക് വഹിക്കുന്ന വാഹനങ്ങള്‍ പുതിയ സംസ്ഥാനത്തേക്ക് മാറ്റിയാല്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, പ്രതിരോധസേനയിലെ ഉദ്യോഗസ്ഥര്‍ക്കും, നാല് സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഓഫീസുകളുള്ള സ്വകാര്യ കമ്പനി ജീവനക്കാര്‍ക്കും ഈ മാറ്റം വലിയ സഹായകരമാകുക. ഓരോ സംസ്ഥാനത്തിലെയും വാഹന നികുതി വ്യത്യസ്തമായതിനാല്‍ സ്ഥലംമാറ്റം ഉണ്ടാകുമ്പോള്‍ പുതിയ സംസ്ഥാനത്തു നികുതിയടച്ച് റജിസ്‌ട്രേഷന്‍ മാറ്റി പഴയ സംസ്ഥാനത്തു നിന്നത് റീഫണ്ടിനു അപേക്ഷിക്കണമായിരുന്നു. ഈ ഒരു വലിയ നൂലാമാലയാണ് ഭാരത് സീരിസ് റജിസ്‌ട്രേഷന്‍ വന്നതോടെ മാറുന്നത.

്ഈ സേവനം ലഭിക്കാന്‍ ഫോം 60 പൂരിപ്പിച്ച് ഓണ്‍ലൈനില്‍ സാധുവായ തൊഴില്‍ ഐഡി അല്ലെങ്കില്‍ തെളിവ് നല്‍കണം. സംസ്ഥാന അധികൃതര്‍ തെളിവ് പരിശോധിച്ച് ബിഎച്ച് രജിസ്‌ട്രേഷന്‍ നല്‍കും. രജിസ്‌ട്രേഷന്‍ നമ്പര്‍ കമ്പ്യൂട്ടര്‍ ജനറേറ്റ് ചെയ്യും.

ഒരു സാധാരണ BH നമ്പര്‍ ’21 BH XXXX AA’ എന്ന രീതിയിലാകും ലഭിക്കുക. ഇതില്‍ ആദ്യത്തെ രണ്ട് അക്കങ്ങള്‍ ആദ്യ രജിസ്‌ട്രേഷന്റെ വര്‍ഷമാണ്, BH ആണ് സീരീസ് കോഡ്, നാല് അക്കങ്ങള്‍ (XXXX) ക്രമരഹിതമായി സൃഷ്ടിക്കപ്പെടുന്നതാണ്. അതിനുശേഷം ഇംഗ്ലീഷ് അക്ഷരങ്ങളുടെ രണ്ട് അക്ഷരങ്ങള്‍ ഉണ്ടാകും.

ബിഎച്ച് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് ആദ്യം രണ്ട് വര്‍ഷത്തേക്ക് റോഡ് നികുതി ഈടാക്കും. തുടര്‍ന്ന് രണ്ട് വര്‍ഷം കൂടുമ്പോള്‍ നികുതി അടച്ചാല്‍ മതി. ഉടമ 15 വര്‍ഷത്തെ റോഡ് നികുതിയുടെ മുഴുവന്‍ തുകയും മുന്‍കൂറായി അടയ്‌ക്കേണ്ടതില്ല. നികുതി മുന്‍കൂറായി അടച്ചിട്ടില്ലാത്തതിനാല്‍ സ്ഥലം മാറ്റത്തിന് മുമ്പോ ശേഷമോ റീഫണ്ട് നേടുകയും വേണ്ട. പതിനാലാം വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം, മോട്ടോര്‍ വാഹന നികുതി പ്രതിവര്‍ഷം ഈടാക്കും. അത് ആ വാഹനത്തിന് മുമ്പ് ഈടാക്കിയ തുകയുടെ പകുതിയായിരിക്കും.

ഇതില്‍ 10 ലക്ഷത്തില്‍ താഴെ വിലയുള്ള വാഹനങ്ങള്‍ക്കു 8 ശതമാനം നികുതിയും, 10 ലക്ഷത്തിനു മുകളില്‍ ഉള്ളവക്ക് 10 ശതമാനം നികുതിയും, 20 ലക്ഷത്തിനു മുകളിലുള്ളവക്ക് 12 ശതമാനം നികുതിയുമാണ് അടക്കേണ്ടത്. ഡീസല്‍ വാഹനങ്ങള്‍ക്ക് 2 ശതമാനം കൂടുതലും, ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് 2 ശതമാനം കുറവും നികുതിയാണ് അടക്കേണ്ടിവരുക.