Automobile (Page 2)

ന്യൂഡല്‍ഹി: യുഎസ് വാഹനനിര്‍മാതാക്കളായ ഫോഡ് ഇന്ത്യയിലെ ഉല്‍പാദനം നിര്‍ത്തുന്നു. ഈ വര്‍ഷം അവസാനം ഗുജറാത്തിലെ സാനന്ദിലുള്ള നിര്‍മാണ യൂണിറ്റും, ചെന്നൈയിലെ യൂണിറ്റ് അടുത്തവര്‍ഷം പകുതിയോടെയും അടയ്ക്കും.

നിലവിലുള്ള സ്റ്റോക്ക് തീരുന്നതനുസരിച്ച് ഫിഗോ, ആസ്പയര്‍, ഫ്രീസ്‌റ്റൈല്‍, ഇക്കോസ്‌പോര്‍ട്ട്, എന്‍ഡവര്‍ എന്നീ മോഡലുകളുടെ വില്‍പന അവസാനിപ്പിക്കും. എന്നാല്‍, മസ്റ്റാങ് പോലെയുള്ള ഇറക്കുമതി വാഹനങ്ങളുടെ വില്‍പനയും തുടരും.

നിലവിലുള്ള എല്ലാ വാഹനങ്ങളുടെയും സര്‍വീസും വാറന്റി കവറേജും തുടരുമെന്നും, ജോലി നഷ്ടമാകുന്ന 4000 ജീവനക്കാരുടെ കാര്യത്തില്‍ യൂണിയനുകളുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കുമെന്നും ഫോഡ് ഇന്ത്യ അറിയിച്ചു.

ന്യൂഡല്‍ഹി: കോവിഡിനെ ചെറുക്കാന്‍ രാജ്യത്തിന് സഹായവുമായി പ്രമുഖ ഇരുചക്ര വാഹന കമ്പനിയായ ഹീറോ മോട്ടോര്‍കോര്‍പ്പ്. ഡല്‍ഹിയിലെ ആശുപത്രികളിലൊന്നില്‍ കോവിഡ് 19 വാര്‍ഡ് ഒരുക്കി നല്‍കിയിരിക്കുകയാണ് കമ്പനിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹിയിലെ ജനക്പുരി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് 50 കിടക്കകളുള്ള കോവിഡ് വാര്‍ഡ് ഹീറോ ഒരുക്കിയിരിക്കുന്നത്. ഡല്‍ഹി ആരോഗ്യകുടുംബക്ഷേമ മന്ത്രി സത്യേന്ദര്‍ ജെയിന്‍ വാര്‍ഡ് ഉദ്ഘാടനം ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മാത്രമല്ല, കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനായി ഹീറോ മോട്ടോര്‍കോര്‍പ്പ് പീപ്പിള്‍ ടു പീപ്പിള്‍ ഹെല്‍ത്ത് ഫൗണ്ടഷനുമായി പങ്കാളികളാകുകയും ചെയ്തിട്ടുണ്ട്.

ഡല്‍ഹി: അനുദിനം വില വര്‍ദ്ധിക്കുന്ന ഇന്ധനത്തിന് ബദലായി ഇലക്ട്രിക്ക് ചാര്‍ജിങ്ങ് വാഹനങ്ങള്‍ക്ക് പ്രോത്സാഹനവുമായി കേന്ദ്രം. രാജ്യത്ത് 350 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളാണ് പുതിയതായി ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ക്കായി 500 കോടിയോളം രൂപയും വകയിരുത്തിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ഫെയിം കക പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി, കര്‍ണാടക, ഗോവ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പുതുതായി 350 ഓളം ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയത്.

ഛത്തീസ്ഗഡ് (48), ഡല്‍ഹി (94), ജയ്പൂര്‍ (49), ബംഗളൂരു (45), റാഞ്ചി (29), ലഖ്നൗ (1), ഗോവ (17), ഹൈദരാബാദ് (50), ആഗ്ര (10), ഷിംല (7) എന്നീ നഗരങ്ങളിലാണ് പദ്ധതിക്ക് കീഴില്‍ പുതുതായി ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി ക്രിഷന്‍ പാല്‍ ഗുര്‍ജാര്‍ പാര്‍ലമെന്റില്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഫെയിം ഇന്ത്യ സ്‌കീമിന്റെ ഒന്നാം ഘട്ടത്തില്‍ രാജ്യത്തുടനീളം 520 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കായി 43.4 കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്. ഇതിനുപുറമെ ഇന്ത്യയിലെ 68 നഗരങ്ങളിലായി 2,877 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കുന്നതിന് 500 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും ക്രിഷന്‍ പാല്‍ വ്യക്തമാക്കി.

നേരത്തെ, ഇലക്ട്രിക് വാഹന വിപണിയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കൂടുതല്‍ സബ്സിഡികളും മറ്റും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

solar ferry

തിരുവനന്തപുരം: കേരള ജലഗതാഗത വകുപ്പിന്റെ ആദിത്യക്ക് അന്തര്‍ദേശീയ ബഹുമതി. ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ്ജ ഫെറിയാണ് ആദ്യത്യ. അന്തര്‍ദേശീയ തലത്തില്‍ നല്‍കുന്ന ഗുസ്താവ് ട്രോവ് ബഹുമതിയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അവാര്‍ഡിനായി ഏഷ്യയില്‍ നിന്നു പരിഗണിക്കപ്പെട്ട ഒരേയൊരു വൈദ്യുത ഫെറിയാണ് ആദിത്യ. സോളാര്‍ ഫെറി വൈക്കം മുതല്‍ തവണക്കടവ് വരെ 3 കി.മീ. ദൂരത്തിലാണ് സര്‍വീസ് നടത്തുന്നത്. 3 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ ആദിത്യ താണ്ടിയത് 70000 കി.മീ. സര്‍വീസ് നല്‍കിയത് 10 ലക്ഷത്തിലധികം യാത്രക്കാര്‍ക്ക്, ലാഭിച്ചത് 1 ലക്ഷത്തിലധികം ലിറ്റര്‍ ഡീസല്‍. തത്ഫലമായി 75 ലക്ഷം രൂപ ലാഭിക്കാനും 280 ടണ്ണോളം കാര്‍ബണ്‍ ഡയോക്സൈഡ് ഉത്പാദനം കുറയ്ക്കാനും സാധിച്ചു. ഒരു വര്‍ഷം ശരാശരി 25 ലക്ഷം രൂപ ലാഭമാണ് ഡീസല്‍ പോലുള്ള ഇന്ധനങ്ങള്‍ ഒഴിവാക്കുന്നതിലൂടെ നേടുന്നത്.
ലാഭകരമായ പൊതുഗതാഗത ഉപാധിയെന്നതോടൊപ്പം തന്നെ ശബ്ദ, ജല, അന്തരീക്ഷ മലിനീകരണങ്ങള്‍ ഒന്നും തന്നെ സൃഷ്ടിക്കാത്ത ആദിത്യ ഇതിനോടകം അന്താരാഷ്ട്രതലത്തിലും ശ്രദ്ധ നേടിക്കഴിഞ്ഞു. നാല്പതോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ കാലത്തിനിടയില്‍ ബോട്ട് സന്ദര്‍ശിച്ചിട്ടുണ്ട്.