ഡിബിറ്റി പദ്ധതി; നികുതിദായകരുടെ 2.73 ലക്ഷം രൂപ ലാഭിക്കാൻ കഴിഞ്ഞെന്ന് നിർമ്മല സീതാരാമൻ

ന്യൂഡൽഹി: ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ നടപ്പാക്കിയതിന്റെ ഗുണങ്ങൾ വിശദീകരിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ. ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നേരിട്ട് പണം എത്തിക്കുന്ന ഡിബിറ്റി നടപ്പിലാക്കിയതോടെ നികുതിദായകരുടെ 2.73 ലക്ഷം രൂപ ലാഭിക്കാൻ കഴിഞ്ഞെന്ന് നിർമ്മല സീതാരാമൻ വ്യക്തമാക്കി. 9 വർഷത്തിനിടയിലാണ് ഇത്രയും തുക ലാഭിക്കാൻ കഴിഞ്ഞതെന്ന് മന്ത്രി വിശദീകരിച്ചു.

ഗുണഭോക്താക്കൾക്ക് നേരിട്ട് പണം എത്തിക്കുന്നതിനും വ്യാജ അക്കൗണ്ടുകൾ ഇല്ലാതാക്കുന്നതിനും ആയാണ് ഡിബിടി പദ്ധതി നടപ്പിലാക്കിയത്. ധനസഹായ പദ്ധതികളുടെ ചോർച്ച തടയാനും സർക്കാർ പദ്ധതികളുടെ യഥാർത്ഥ ഗുണഭോക്താക്കളെ കണ്ടെത്താനും പദ്ധതി സഹായിച്ചു എന്നും മന്ത്രി പറഞ്ഞു. ദിശാഭാരത് എന്ന എൻജിഒ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു നിർമ്മലാ സീതാരാമൻ.

വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ കൂടുതൽ പണം ലഭിക്കാനുള്ള സാധ്യതകൾ മെച്ചപ്പെടുത്താൻ ഡിബിറ്റി സംവിധാനത്തിലൂടെ സാധ്യമായി. ഡിബിടി പദ്ധതിയിലൂടെ ലാഭിച്ച പണം മറ്റ് നിരവധി പദ്ധതികൾക്കായി പ്രയോജനപ്പെടുത്തുന്നുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.