റെയിൽവെ വികസനം; 32,500 കോടി രൂപയുടെ പദ്ധതിയ്ക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: റെയിൽവെ വികസനത്തിന് 32,500 കോടി രൂപയുടെ പദ്ധതിയ്ക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയാണ് പുതിയ പദ്ധതിയ്ക്ക് അംഗീകാരം നൽകിയത്. റെയിൽവേ മന്ത്രാലയത്തിന്റെ ഏഴ് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്.

കേന്ദ്രസർക്കാരാണ് റെയിൽവെ വികസനത്തിന് പൂർണമായും ധനസഹായം നൽകുന്നത്. മൾട്ടിട്രാക്കിംഗ് പദ്ധതികൾ നിലവിൽ വരുന്നതോടെ ഇന്ത്യൻ റെയിൽവേയിലുടനീളമുള്ള ഏറ്റവും തിരക്കേറിയ സെക്ഷനുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം ലഭ്യമാക്കാനും, ട്രെയിനിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാനും, തിരക്ക് കുറയ്ക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉത്തർപ്രദേശ്, ബിഹാർ, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ ഒമ്പത് സംസ്ഥാനങ്ങളിലെ 35 ജില്ലകളെ പദ്ധതികൾ ഉൾക്കൊള്ളുന്നുണ്ട്.