വീണ വിജയനെതിരായ ആരോപണം; യുഡിഎഫ് പിന്നോട്ട് പോയിട്ടില്ലെന്ന് പി എം എ സലാം

മലപ്പുറം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം. അവശ്യ സാധനങ്ങളുടെ വില വർധനവുമായി ബന്ധപ്പെട്ടാണ് സർക്കാരിനെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചത്. ഇത്തവണ പട്ടിണി ഓണമാണെന്നും സിവിൽ സപ്ലൈസ് വകുപ്പ് ദയനീയ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വീണ വിജയനെതിരായ ആരോപണത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ആരോപണത്തിൽ നിന്ന് യുഡിഎഫ് പിന്നോട്ട് പോയിട്ടില്ല. പുതുപ്പള്ളിയിൽ ജനങ്ങളുടെ മുന്നിൽ വിഷയം അവതരിപ്പിക്കും. നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാതിരുന്നത് മറ്റ് വിഷയം വന്നത് കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാസപ്പടി ആരോപണം ഗൗരവത്തിൽ അന്വേഷിക്കണം. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന വാങ്ങാം. പാർട്ടി പ്രവർത്തനത്തിനായി നേതാക്കൾക്കും സംഭാവനകൾ വാങ്ങാം. അന്വേഷണത്തിലൂടെ എല്ലാം പുറത്തുവരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലപ്പുറത്തെ ഭീകര പ്രദേശമാക്കാൻ ശ്രമം നടക്കുന്നുണ്ട്. പൊലീസ് കൊലയാളികൾ ആകുന്ന അവസ്ഥയാണ്. ആരോപണവിധേയരായ പൊലീസുകാരെ സംരക്ഷിക്കരുതെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.