ഹരിയാന സംഘർഷം; മുസ്ലിം വിഭാഗത്തെ ബഹിഷ്‌ക്കരിക്കണമെന്നുള്ള ആഹ്വാനം അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഹരിയാനയിലെ നൂഹിൽ സംഘർഷമുണ്ടായതിന്റെ പശ്ചാത്തലത്തിൽ മുസ്ലിം വിഭാഗത്തെ ബഹിഷ്‌കരിക്കണമെന്നുള്ള മഹാപഞ്ചായത്തിന്റെ നിർദേശത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് സുപ്രീംകോടതി. മുസ്ലിം വിഭാഗത്തെ ബഹിഷ്‌ക്കരിക്കണമെന്നുള്ള ആഹ്വാനം അംഗീകരിക്കാനാകില്ലെന്നും സമുദായങ്ങൾക്കിടയിൽ യോജിപ്പും സൗഹാർദവും വേണമെന്നും കോടതി പറഞ്ഞു.

വിദ്വേഷ പ്രസംഗങ്ങളിൽ അന്വേഷണം നടത്താനായി ഡിജിപിയുടെ നേതൃത്വത്തിൽ നാലംഗ സമിതി വേണമെന്നും കോടതി ആവശ്യപ്പെട്ടു. മുസ്ലിം വിഭാഗത്തെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്ന ഹിന്ദു മഹാപഞ്ചായത്തിന്റെ ആഹ്വാനത്തിന് എതിരെയാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.

മുസ്ലിം വിഭാഗക്കാരുടെ കച്ചവടസ്ഥാപനങ്ങളിൽ പോകരുതെന്നടക്കമാണ് മഹാപഞ്ചായത്തിൽ നിർദ്ദേശിച്ചിരുന്നത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്വിഎൻ ഭട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിദ്വേഷ പ്രസംഗം ആർക്കും നല്ലതിനല്ലെന്നും ആർക്കുമത് അംഗീകരിക്കാനാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു.