ദേശ വിരുദ്ധ പ്രവർത്തങ്ങൾക്ക് പിടിയിലായ യുവാക്കൾക്ക് ഐ എസ് ബന്ധമെന്ന് സൂചന ; എൻ ഐ എ വീണ്ടും ചോദ്യം ചെയ്തേക്കും

കേരള, കർണാടക, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് പോലീസ് പിടികൂടിയ യുവാക്കൾക്ക് ഐഎസ് ബന്ധമെന്ന് സൂചന. ദേശീയ അന്വേഷണ ഏജൻസിയായ എൻ ഐ എ കഴിഞ്ഞദിവസം നടത്തിയ ചോദ്യം ചെയ്യലിലെ സമാനതകളാണ് ഐഎസ് ബന്ധം സംശയിക്കുന്നതിന് കാരണം. ഇവർക്ക് രാജ്യാന്തര ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മൂന്ന് സംസ്ഥാനങ്ങളിൽ നിന്നും പിടിയിലായ യുവാക്കൾ തങ്ങൾ ഐസിസിന്റെ പ്രാദേശിക ഘടകമായ മോഡ്യൂൾ ആണെന്ന് പറഞ്ഞിട്ടുണ്ട്.

എന്നാൽ ബംഗളരുവിൽ പിടിയിലായ 5 യുവാക്കൾ അൽക്വയ്‌ദയുടെ സൗത്ത് കമാൻഡർ ആയ തടിയന്റെവിട നസീറുമായി പരിചയപ്പെട്ട ശേഷമാണ് ഭീകര പ്രവർത്തനത്തിലേക്ക് തിരിഞ്ഞതെന്ന് കർണാടക ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. എന്നാൽ സത്യമംഗലം കാട്ടിൽ നിന്നും പിടികൂടിയ ആഷിഫ്, അലിഗഡിൽ നിന്നും പിടികൂടിയ ജാർഖണ്ഡ് സ്വദേശി ഫൈസൻ അൻസാരി തുടങ്ങിയവർ ബന്ധപ്പെട്ടിരിക്കുന്നത് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായിട്ടാണ്.

എന്നാൽ ഇവരുടെ പോപ്പുലർ ഫ്രണ്ട് ബന്ധം മറച്ചുവയ്ക്കുന്നതിന് വേണ്ടിയാണോ ഐസിസ് ബന്ധം പറഞ്ഞതെന്നും എൻ ഐ എ സംശയിക്കുന്നുണ്ട്. കൊള്ളകൾ നടത്തി ഭീകര പ്രവർത്തനത്തിനുള്ള ഫണ്ട് കണ്ടെത്താനായി ഐസിസ് പോലെയുള്ള സംഘടനകൾ നിർദ്ദേശിക്കാറില്ലെന്നും കൂടുതലും കോടികളുടെ ലഹരി മരുന്ന് വിറ്റാണ് ഭീകര പ്രവർത്തനം നടത്തുന്നതെന്നും അറിയാവുന്നതിനാൽ യുവാക്കൾ പറഞ്ഞ മൊഴി എൻ ഐ എ കണക്കിലെടുത്തിട്ടില്ല.