വാർഷിക കുടിയേറ്റം പകുതിയായി വെട്ടിക്കുറയ്ക്കാനുള്ള ഓസ്ട്രേലിയയുടെ നീക്കം ഫലപ്രാപ്തിയിലേക്ക്

മെൽബൺ: വാർഷിക കുടിയേറ്റം പകുതിയായി വെട്ടിക്കുറയ്ക്കാനുള്ള ഓസ്ട്രേലിയയുടെ നീക്കം ഫലപ്രാപ്തിയിലേക്ക്. സ്റ്റുഡന്റ് വിസയ്ക്ക് ശ്രമിക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ആന്റണി അൽബാനീസിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയൻ സർക്കാർ ഉയർന്ന ഐഇഎൽടിഎസ് സ്‌കോറുകളും വർധിച്ച സാമ്പത്തിക ആവശ്യങ്ങളും ഉൾപ്പെടെ വിസ മാനദണ്ഡങ്ങൾ കർശനമാക്കിയിട്ടുണ്ട്.

കർശനമായ മാനദണ്ഡങ്ങൾ ചില രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് വിസ നിഷേധിക്കപ്പെടുന്നതിന് കാരണമാകുന്നു. ഇതോടെ 2023 മുതൽ രാജ്യത്ത് രാജ്യാന്തര വിദ്യാർഥികളുടെ എണ്ണം കുറയുന്നതായിട്ടാണ് റിപ്പോർട്ടുകൾ. 2022 ഡിസംബറിനും 2023 ഡിസംബറിനുമിടയിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് അനുവദിച്ച വിസകൾ 48% കുറഞ്ഞുവെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

നേപ്പാളിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള വിദ്യാർഥികൾക്ക് അനുവദിച്ച വിസകൾ യഥാക്രമം 53 ശതമാനവും 55 ശതമാനവും കുറഞ്ഞതായി ഏറ്റവും പുതിയ ഓസ്ട്രേലിയൻ ഹോം അഫയേഴ്സ് ഡാറ്റ ഉദ്ധരിച്ച് ദി ഗാർഡിയൻ വ്യക്തമാക്കിയിട്ടുണ്ട്.