രാഹുൽ ഗാന്ധി റായ്ബറേലിയിൽ തോൽക്കും; വോട്ടുബാങ്കിൽ ഭയമില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധി റായ്ബറേലിയിൽ തോൽക്കുമെന്നും ശേഷം അദ്ദേഹം അവശേഷിക്കുന്ന തന്റെ ഒരേയൊരു സ്ഥലമായ ഇറ്റലിയിൽ സ്ഥിരതാമസമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ പാകിസ്താന്റെ അജൻഡകളാണ് മുന്നോട്ടുവെക്കുന്നതെന്നും വോട്ടുബാങ്കിനെ ഭയന്നാണ് പ്രതിപക്ഷനേതാക്കൾ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ബുധനാഴ്ച അമിത്ഷാ തെരഞ്ഞെടുപ്പ് റാലി നടത്തിയത് ഉത്തർപ്രദേശിലെ ലഖിംപുർഖേരി, ഹർദോയ്, കനൗജ് എന്നിവിടങ്ങളിലായിരുന്നു. തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം വിജയിച്ചാൽ പാകിസ്താനിൽ പടക്കംപൊട്ടും. പ്രതിപക്ഷപാർട്ടികൾ അധികാരത്തിലെത്തിയാൽ അവർ രാമക്ഷേത്രത്തിന് ബാബറി പൂട്ട് ഇടും. തങ്ങൾക്ക് വോട്ടുബാങ്കിൽ ഭയമില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.