പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റുമായി മുന്നോട്ടു പോകാൻ മോട്ടോർ വാഹന വകുപ്പ്; ഇന്ന് മുതൽ ടെസ്റ്റുകൾ നടത്തും

തിരുവനന്തപുരം: എതിർപ്പുകൾ വകവെയ്ക്കാതെ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റുമായി മുന്നോട്ടു പോകാൻ മോട്ടോർ വാഹന വകുപ്പ്. ഇന്ന് മുതൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം വാഹനവുമായി എത്തണമെന്നാണ് നിർദ്ദേശം.

കെഎസ്ആർടിസിയുടെ സ്ഥലങ്ങൾ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാനും തീരുമാനമുണ്ട്. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കൂടി മുന്നിൽ കണ്ട് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ആർടിഒമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് മാത്രം ഡ്രൈവിങ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥർക്ക് സർക്കാർ തലത്തിൽ നിന്ന് നൽകിയിരിക്കുന്ന നിർദ്ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയാറാവുന്നത് വരെ എച്ച് ട്രാക്കിൽ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കണമെന്നുമാണ് നിർദ്ദേശം. ഡ്രൈവിങ് ടെസ്റ്റ് കുറ്റമറ്റ നിലയിൽ നടത്തുന്നതിനായാണ് സർക്കാർ പരിഷ്‌കാരം നടപ്പാക്കുന്നത്. അത് തടസ്സപ്പെടുത്താനുള്ള ശ്രമത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണം. ഹൈക്കോടതി ഉത്തരവിനെ മാനിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേശ് കുമാർ അഭ്യർത്ഥിച്ചു.