ലോക്സഭാ തെരഞ്ഞെടുപ്പ്; വിവിധ ജില്ലകളിൽ നിരോധനാജ്ഞ, നിയന്ത്രണങ്ങൾ ഇവയെല്ലാം

തിരുവനന്തപുരം: തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, മലപ്പുറം, കാസർകോട്, കൊല്ലം ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ്‌ നടപടി. ഏപ്രിൽ 24-ന് കൊട്ടിക്കലാശം കഴിഞ്ഞതോടെ ജില്ലകളിൽ നിരോധനാജ്ഞ ആരംഭിച്ചു.

തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ ഏപ്രിൽ 27-ന് രാവിലെ ആറുമണിവരെയാണ് നിരോധനാജ്ഞ. കാസർകോട് ഏപ്രിൽ 27-ന് വൈകിട്ട് ആറുമണിവരെ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

നിയമവിരുദ്ധമായ പൊതുമീറ്റിംഗുകൾ, റാലികൾ തുടങ്ങിയവ, ജില്ലയിലെ അസംബ്ലി മണ്ഡലങ്ങളിൽ വോട്ടർമാരല്ലാത്ത രാഷ്ട്രീയകക്ഷി നേതാക്കൾ-പ്രവർത്തകർ മണ്ഡലത്തിൽ തുടരുന്നത് , ഉച്ചഭാഷിണികളുടെ ഉപയോഗം, ഇലക്ട്രോണിക് മാധ്യമങ്ങളിലെ അഭിപ്രായ-പോൾ സർവ്വേകൾ, പോളിങ് സ്റ്റേഷനുകളുടെ ഉള്ളിൽ സെല്ലുലാർ-കോർഡ്ലെസ്സ് ഫോണുകൾ, വയർലെസ്സ് സെറ്റുകൾ എന്നിവയുടെ ഉപയോഗം, പ്രത്യേക അനുമതിയുള്ള പോളിങ് ഉദ്യോഗസ്ഥർ ഒഴികെയുള്ളവർ പോളിങ് സ്റ്റേഷന് 100 മീറ്റർ ചുറ്റളവിൽ കോർഡ്ലെസ്സ് ഫോണുകൾ, വയർലെസ്സ് സെറ്റുകൾ ഉപയോഗിക്കുന്നത്, ഇലക്ഷൻ ദിവസം പോളിങ് സ്റ്റേഷന് 200 മീറ്റർ ചുറ്റളവിൽ തിരഞ്ഞെടുപ്പ് പ്രചാരണം, ബൂത്തുകൾ കെട്ടുന്നത്, ഒരേ പോളിങ് സ്റ്റേഷൻ പരിധിയിൽ തന്നെ ഒന്നിലധികം ബൂത്തുകൾ ഉണ്ടെങ്കിലും സ്ഥാനാർത്ഥിയുടെ ഒന്നിലധികം ഇലക്ഷൻ ബൂത്ത് പോളിങ് സ്റ്റേഷന് 200 മീറ്റർ ചുറ്റളവിൽ സ്ഥാപിക്കുന്നത്, ജനപ്രാതിനിധ്യ നിയമപ്രകാരം ആയുധം കൈവശം സൂക്ഷിക്കാൻ അനുമതി ഉള്ളവർ ഒഴികെ പോളിങ് സ്റ്റേഷനിലോ പരിസരത്തോ ആയുധം കൊണ്ട് പോകുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിച്ചു.

പൊതുജനങ്ങളുടെ ദൈനംദിന ജോലികൾക്കോ വോട്ട്ചെയ്യാൻ പോകുന്നതിനോ നിയമം തടസ്സമാകില്ല. ക്രമസമാധാന പ്രശ്നം ഉയർത്താതെ വോട്ടിംഗ് സ്ഥലങ്ങളിലോ, സിനിമശാലകളിലും മറ്റും പോകുന്നതിന്, വീടുവീടാന്തരമുള്ള നിശബ്ദപ്രചാരണത്തിനും വിലക്കില്ല.

നിയമപാലകർ, ഇലക്ഷൻ ഉദ്യോഗസ്ഥർ, അവശ്യസർവീസുകൾ എന്നിവയ്ക്കും നിയമം ബാധകമല്ല . ഏതെങ്കിലും തരത്തിൽ നിയമലംഘനം കണ്ടെത്തിയാൽ ഇന്ത്യൻ ശിക്ഷ നിയമ പ്രകാരം നടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.