ജീവിതത്തിലെ ഏറ്റവും മഹത്തരമായ നിമിഷം; പത്മഭൂഷൺ പുരസ്‌കാരം സ്വീകരിച്ച് ഉഷാ ഉതുപ്പ്

ന്യൂഡൽഹി: പത്മഭൂഷൺ പുരസ്‌കാരം സ്വീകരിച്ച് ഗായിക ഉഷാ ഉതുപ്പ്. രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നാണ് ഉഷാ ഉതുപ്പ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. തന്റെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ നിമിഷമാണിതെന്ന് ഉഷാ ഉതുപ്പ് പ്രതികരിച്ചു. സന്തോഷം കൊണ്ടു കണ്ണുകൾ നിറയുന്നുവെന്നും ഉഷാ ഉതുപ്പ് വ്യക്തമാക്കി.

തിങ്കളാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിലാണ് പത്മ പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. തന്നെ സംബന്ധിച്ചിടത്തോളം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമാണിത്. രാജ്യത്തോടും കേന്ദ്ര സർക്കാരിനോടും നന്ദി പറയുന്നു. തനിക്കു വളരെ സന്തോഷം തോന്നുകയാണിപ്പോൾ. കാരണം, ഒരു ശാസ്ത്രീയ സംഗീതജ്ഞയ്ക്കും ക്ലാസിക്കൽ നർത്തകിക്കുമൊക്കെ പത്മപുരസ്‌കാരം ലഭിക്കുക സ്വാഭാവികമാണ്. എന്നാൽ തന്നെപ്പോലെയുള്ള ഒരു സാധാരണ വ്യക്തി പത്മ പുരസ്‌കാരത്തിന് അർഹയാവുകയെന്നത് വലിയ കാര്യം തന്നെയാണെന്ന് ഉഷാ ഉതുപ്പ് അറിയിച്ചു.

താൻ സമാധാനത്തിലും സാഹോദര്യത്തിലും മാത്രമാണു വിശ്വസിക്കുന്നത്. ഒരുമിച്ചു നിന്നാൽ മാത്രമേ പല കാര്യങ്ങളും ചെയ്യാൻ സാധിക്കൂ എന്നാണ് തന്റെ വിശ്വാസം. തന്റെ സംഗീതത്തിലൂടെ താൻ നിങ്ങളെ സന്തോഷിപ്പിക്കുമെന്നും ഉഷാ ഉതുപ്പ് കൂട്ടിച്ചേർത്തു.

ഉഷാ ഉതുപ്പ് തന്റെ സംഗീത ജീവിതം ആരംഭിച്ചത് നിശാക്ലബ്ബ് ഗായികയായാണ്. ഇക്കാര്യത്തിൽ താൻ ഇപ്പോഴും അഭിമാനിക്കുന്നുണ്ടെന്ന് നേരത്തെ ഉഷാ ഉതുപ്പ് വ്യക്തമാക്കിയിരുന്നു.