ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

തിരുവനന്തപുരം: കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് നടപടി. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് തീരുമാനമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

എക്‌സ്പ്രസ്സ് ട്രെയിൻ സർവീസ് നടത്തുക ബെംഗളൂരു എസ്എംവിടി സ്റ്റേഷനിൽ നിന്ന് കൊച്ചുവേളി റെയിൽവെ സ്റ്റേഷനിലേക്കാണ്. ഏപ്രിൽ 25ന് വൈകിട്ട് 3.50 ന് ബെംഗളൂരു എസ്എംവിടി സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ഏപ്രിൽ 26ന് രാവിലെ ഏഴ് മണിക്ക് ട്രെയിൻ കൊച്ചുവേളി റെയിൽവെ സ്റ്റേഷനിൽ എത്തും.

പിന്നീട് ഈ ട്രെയിൻ ഏപ്രിൽ 26 രാത്രി 11:50ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. ഏപ്രിൽ 27ന് രാവിലെ എട്ടു മണിക്ക് ഈ ട്രെയിൻ ബെംഗളൂരുവിൽ തിരിച്ചെത്തുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.