ഷാരോൺ വധക്കേസ്; ഗ്രീഷ്മ നൽകിയ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: പാറശാല സ്വദേശി ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് തിരിച്ചടി. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് വിക്രംനാഥ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് ഗ്രീഷ്മയ്ക്ക് വേണ്ടി ഹർജി നൽകിയത്.

അധികാരപരിധി മറികടന്നാണ് കേസിൽ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി അന്തിമ റിപ്പോർട്ട് സമർപ്പിച്ചതെന്നാണ് ഹർജിയിൽ പറഞ്ഞിരുന്നത്. നിയമപരമായ അധികാരം സ്റ്റേഷൻ ഹൗസ് ഓഫീസർക്കാണെന്നാണ് ഗ്രീഷ്മയുടെ വാദം. എന്നാൽ ഈ വാദം നിലനിൽക്കില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

കേസിലെ അന്തിമ അന്വേഷണ റിപ്പോർട്ടും തുടർനടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ ഗ്രീഷ്മയും ബന്ധുക്കളും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

കീടനാശിനി കയ്പുള്ള കഷായത്തിൽ കലർത്തിനൽകി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെ ഷാരോൺ രാജിനെ സെക്സ് ചാറ്റിലൂടെയും മറ്റും ആകർഷിച്ച് ഗ്രീഷ്മ തൻരെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. അമ്മാവൻ നിർമ്മല കുമാരൻ വഴിയാണ് കീടനാശിനി സംഘടിപ്പിച്ചതെന്നും തെളിവുനശിപ്പിക്കാൻ അമ്മ സിന്ധുവും നിർമ്മല കുമാരനും സഹായിച്ചുവെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.