ഇന്നസെന്റിന്റെ ചിത്രം വെച്ച് തെരഞ്ഞെടുപ്പ് പ്രചാരണം; സുരേഷ് ഗോപിക്കെതിരെ പരാതി

തൃശ്ശൂർ: തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെ പരാതി നൽകി എൽഡിഎഫ്. ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാവും മുൻ എംപിയും ചലച്ചിത്ര നടനുമായ ഇന്നസെന്റിന്റെ ചിത്രം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി പ്രചരണ ബോർഡുകളിൽ വച്ചതിനെതിരെയാണ് എൽഡിഎഫ് പരാതി നൽകിയത്.

ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി മണിയാണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. മുന്നണിയുടെയോ ഇന്നസെന്റിന്റെ കുടുബത്തിന്റെയോ അനുമതിയില്ലാതെയാണ് ചിത്രം ആലേഖനം ചെയ്തതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇന്നസെന്റിന്റെ കുടുബം ഇതിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും, ദുരുപയോഗം ചെയ്ത് സ്ഥാപിച്ച ബോർഡുകൾ മാറ്റണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഏപ്രിൽ 26 നാണ് കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. തൃശൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ മുരളീധരനും എൽഡിഎഫ് സ്ഥാനാർത്ഥിയായി വി എസ് സുനിൽ കുമാറും എൻഡിഎ സ്ഥാനാർത്ഥിയായി സുരേഷ് ഗോപിയുമാണ് മത്സരിക്കുന്നത്.