തൃശ്ശൂർ പൂരം പോലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ല; എം വി ഗോവിന്ദൻ

കൊല്ലം: പോലീസ് നേരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തൃശ്ശൂർ പൂരം പോലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമില്ലാത്ത സംഘർഷമുണ്ടാക്കേണ്ട കാര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കൊല്ലം പ്രസ് ക്ലബ്ബിന്റെ ഫേസ് ടു ഫേസ് പരിപാടിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവേയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ശരിയായ രീതിയിൽ കൈകാര്യം ചെയ്തുപോവുകയല്ലേ പോലീസ് ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിനും യുഡിഎഫിനും പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കൾക്കെതിരേയും രൂക്ഷ വിമർശനം നടത്തി.

അശ്ലീല പ്രചാരണത്തിന് വി ഡി സതീശൻ ഉൾപ്പെടെയുള്ള ആളുകൾ പൂർണ്ണ പിന്തുണ നൽകുന്നുണ്ട്. കനുഗോലു സിദ്ധാന്തത്തിന്റെ ഭാഗമായി വന്ന എന്തോ വ്യതിചലനമാണിതെന്നാണ് തന്റെ തോന്നൽ. സിപിഎമ്മിന് തിരഞ്ഞെടുപ്പ് ബോണ്ട് കിട്ടിയെന്ന് വി ഡി സതീശൻ പറയുന്നതിന് തെളിവുണ്ടെങ്കിൽ അത് ഹാജരാക്കട്ടെ. എന്തു തോന്നിവാസവും പറയാം, എന്ത് വിവരക്കേടും എഴുന്നെള്ളിക്കാം. എന്നിട്ട് വിവരക്കേട് എഴുന്നെള്ളിക്കുക. തെളിവുണ്ടെങ്കിൽ അത് പുറത്തുകൊണ്ടുവാ. പുറത്തുകൊണ്ടുവന്നാൽ വി ഡി സതീശൻ പറയുന്ന കാര്യം താൻ ചെയ്യാമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.