തനിക്കെതിരെ എത്ര നുണ പ്രചരിപ്പിച്ചാലും ജനം അത് വിശ്വസിക്കില്ല; കെ കെ ശൈലജ

വടകര: തനിക്കെതിരെ എത്ര നുണ പ്രചരിപ്പിച്ചാലും ജനം അത് വിശ്വസിക്കില്ലെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ സൈബർ ആക്രമണം മനോവീര്യം ചോർത്തിയിട്ടില്ലെന്ന് ശൈലജ പറഞ്ഞു. വടകര പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയിൽ സംസാരിക്കവെയായിരുന്നു ശൈലജയുടെ പ്രതികരണം.

സൈബർ ആക്രമണം തനിക്ക് ക്ഷീണം ഉണ്ടാക്കി എന്ന് ആരും കരുതേണ്ടെന്നും ശൈലജ പറഞ്ഞു. ജനം കാണട്ടെ, മനസ്സിലാക്കട്ടെ. അവഗണിക്കാനാണ് ആദ്യം തീരുമാനിച്ചത്. സഹികെട്ടപ്പോഴാണ് പറഞ്ഞത്. വീഡിയോ എവിടെ എന്നാണ് ഇപ്പോൾ ചോദിക്കുന്നത്. താൻ പറഞ്ഞത് പോസ്റ്ററിനെ കുറിച്ചാണ്. ആരാണ് ഈ മനോരോഗികകളെന്ന് ശൈലജ ചോദിക്കുന്നു.

ചില മുസ്ലിം പേരുകളിൽ ഐഡി ക്രിയേറ്റ് ചെയ്ത് തെറി വിളിച്ച് ഐഡി ഡിലീറ്റ് ചെയ്യുകയാണ് അവർ ഇപ്പോൾ ചെയ്യുന്നത്. ഇതെല്ലാം പൊതുജനം മനസ്സിലാക്കണം. എത്ര നുണ പ്രചരിപ്പിച്ചാലും ജനങ്ങൾ വിശ്വസിക്കില്ല. നിപ വന്നിട്ട് പതറിയില്ല പിന്നെയല്ലെ ഈ വൈറസ്. അന്ന് അൽപം ദേഷ്യം ഉണ്ടായിരുന്നു. ഇത് കണ്ടപ്പോൾ ആകെ ക്ഷീണം ആയി എന്ന് ആരും കരുതണ്ടെന്നും തനിക്ക് ക്ഷീണമില്ലെന്നും ശൈലജ കൂട്ടിച്ചേർത്തു.

രാഷ്ട്രീയത്തിൽ പുരുഷന്മാരോടൊപ്പം എല്ലാ അവകാശങ്ങളും ഉള്ള നേതാവാണ് താൻ. സ്ത്രീ എന്ന നിലയിൽ മാത്രമല്ല, രാഷ്ട്രീയ നേതാവ് എന്ന നിലയിൽ പൊളിറ്റിക്കൽ ക്രെഡിബിലിറ്റി കൂടി തെറ്റിദ്ധരിപ്പിച്ചാണ് അവർ പ്രചാരണം നടത്തിയത്. ഇതിന് മറ്റ് സമാന സംഭവങ്ങൾ ഇല്ല. പി ആർ. ഉപയോഗിക്കുന്നവർക്ക് എന്ത് കണ്ടാലും പി ആർ ആണെന്ന് തോന്നും. തനിക്ക് പി ആർ പ്രൊഫഷണൽ ടീം അന്നും ഇന്നും ഇപ്പോളും ഇല്ല. പി ആർ ഉപയോഗിക്കുന്നവർക്ക് എല്ലാം മഞ്ഞയായി കാണും. പാനൂർ സ്ഫോടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞ് ദേശീയതലത്തിലുള്ള പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും കെ കെ ശൈലജ കുറ്റപ്പെടുത്തി.