ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ ഫിലിപ്പീൻസിന് കൈമാറി ഇന്ത്യ

ന്യൂഡൽഹി: ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ ഫിലിപ്പീൻസിന് കൈമാറി ഇന്ത്യ. ഫ്‌ലിപ്പീൻസും ഇന്ത്യയും തമ്മിൽ 2022-ൽ ഒപ്പുവെച്ച 375 മില്യൺ ഡോളർ കരാറിന്റെ ഭാഗമായാണ് മിസൈലുകൾ കൈമാറ്റം ചെയ്തത്. ഇന്ത്യൻ വ്യോമസേനയുടെ അമേരിക്കൻ നിർമിത സി-17 ഗ്ലോബ്മാസ്റ്റർ വിമാനത്തിലാണ് ഫിലീപ്പീൻസ് മറൈൻ കോർപ്സിന് കൈമാറാനുള്ള മിസൈലുകൾ അയച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മിസൈലുകൾ കൈമാറിയ സമയത്ത് ഇന്ത്യൻ ഉദ്യോഗസ്ഥർ ഫിലീപ്പീൻസ് മറൈൻ കോർപ്സ് ഉദ്യോഗസ്ഥർക്ക് മധുരം വിതരണം ചെയ്തിരുന്നു. മിസൈലുകൾ ഉൾപ്പെടെയുള്ള ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ സംവിധാനത്തിന്റെ കയറ്റുമതി ആരംഭിച്ചത് മാർച്ച് മാസത്തിലാണ്. ആദ്യമായാണ് ഒരു വിദേശരാജ്യത്തിന് ഇന്ത്യ ബ്രഹ്മോസ് മിസൈൽ കൈമാറുന്നത്.

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മിസൈൽ സംവിധാനം ഫിലീപ്പീൻസ് തങ്ങളുടെ തീരപ്രദേശത്ത് സജ്ജമാക്കുമെന്നാണ് റിപ്പോർട്ട്. ചൈനാക്കടൽ മേഖലയിൽ ചൈനയുമായി അടിക്കടിയുണ്ടാകുന്ന ഏറ്റുമുട്ടലുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് ഫിലിപ്പീൻസ് മിസൈൽ സംവിധാനം രാജ്യത്തെത്തിക്കുന്നത്. റഷ്യൻ ഫെഡറേഷന്റെ എൻപിഒ മഷിനോസ്ട്രോയേനിയയുടെയും ഇന്ത്യയിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡിവലെപ്മെന്റ് ഓർഗനൈസേഷന്റെയും സംയുക്ത സംരംഭമാണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ.