ആകെ പ്രശ്നങ്ങൾ; കേരളാ വിഷനുമായുള്ള കരാറിൽ നിന്നും പിന്മാറി കെ ഫോൺ

തിരുവനന്തപുരം കേരളാ വിഷനുമായുള്ള കരാറിൽ നിന്നും പിന്മാറി കെ ഫോൺ. സംസ്ഥാനത്തെ ബിപിഎൽ കുടുംബങ്ങൾക്കുള്ള സൗജന്യ കണക്ഷൻ നടപടികൾ കേരളാ വിഷനിൽ നിന്ന് കെ ഫോൺ തിരിച്ചെടുത്തു. ഉദ്ഘാടനം കഴിഞ്ഞ് പത്ത് മാസം പിന്നിട്ടിട്ടും ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 14,000 കണക്ഷനിൽ പകുതി പോലും കൊടുത്തു തീർക്കാൻ കെ ഫോണിന് കഴിഞ്ഞിട്ടില്ല.

ഒരു വർഷത്തെ പരിപാലനം അടക്കം നൽകിയ കരാറിൽ നിന്നാണ് കെ ഫോൺ പിന്മാറിയത്. ലക്ഷ്യമിട്ട ടാർഗറ്റും പത്ത് മാസത്തെ പ്രവർത്തന പുരോഗതിയും വച്ച് നോക്കുമ്പോൾ കെ ഫോൺ വളരെ പിന്നിലാണ്. 5734 ബിപിഎൽ കുടുംബങ്ങൾക്ക് മാത്രമാണ് കെ ഫോണിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് സൗജന്യ കണക്ഷൻ കിട്ടിയത്. 14,000 കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ പാതി പോലും ആയിട്ടില്ല. ബാക്കി കൊടുക്കാൻ വ്യക്തി വിവരങ്ങൾ അടക്കം പൂർണ്ണമല്ലെന്ന് ആവർത്തിച്ച് കേരള വിഷൻ അറിയിച്ചിട്ടും കെ ഫോൺ ഒന്നും ചെയ്തില്ലെന്നാണ് റിപ്പോർട്ടുകൾ.

ഒരു വർഷ കാലാവധി തീർന്നതോടെ ഇനി കേരളാ വിഷനുമായുള്ള കരാർ പുതുക്കേണ്ടെന്നാണ് കെ ഫോൺ തീരുമാനം. ബാക്കി കണക്ഷൻ കെ ഫോൺ നേരിട്ട് നൽകാനാണ് തീരുമാനം.