ഉമ്മൻ ചാണ്ടിയുടെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് അദ്ദേഹത്തിന് കോവിഡ് വാക്‌സിൻ നൽകാതിരുന്നത്; ചാണ്ടി ഉമ്മൻ

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് അദ്ദേഹത്തിന് കോവിഡ് വാക്‌സിൻ നൽകാതിരുന്നതെന്ന് മകൻ ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിക്ക് ചികിത്സ നൽകിയില്ല എന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ച മാധ്യമം മാപ്പു പറയണമെന്ന് അദ്ദേഹം പറഞ്ഞു. കാലം സത്യം തെളിയിക്കും. ഇനിയൊരു മകനും ഇങ്ങനെയൊരു അവസ്ഥ വരരുത്. കേരള സമൂഹത്തോടെങ്കിലും ഇതിനു പിന്നിൽ പ്രവർത്തിച്ചവർ മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചെന്ന് ആക്ഷേപം ഉയർന്നിരുന്നു. അദ്ദേഹത്തിന് മരുന്ന് നൽകിയില്ലെന്ന് വരെ പറഞ്ഞു പരത്തി. കോവിഡ് വാക്‌സിൻ നൽകിയിരുന്നില്ലെന്നും മറ്റെല്ലാ ചികിത്സകളും ഉമ്മൻ ചാണ്ടിക്ക് നൽകിയിരുന്നെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി.

അദ്ദേഹത്തിന് ദോഷം വരുന്നതൊന്നും ചെയ്യരുതെന്ന് കരുതിയാണ് കോവിഡ് വാക്‌സീൻ നൽകാതിരുന്നത്. വാക്‌സിന്റെ പാർശ്വഫലങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുടെ പശ്ചാത്തലത്തിലാണ് ചാണ്ടി ഉമ്മൻ ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. കോവിഷീൽഡ് വാക്‌സിനെടുക്കുന്നവരിൽ അപൂർവമായി രക്തം കട്ടപിടിക്കുന്നതുൾപ്പെടെ ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാകാമെന്ന ഉൽപാദകക്കമ്പനി കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. വാക്‌സീൻ ഉൽപാദകരായ അസ്ട്രാസെനക്ക യുകെ ഹൈക്കോടതിയിൽ നൽകിയ രേഖകളിലാണ് പാർശ്വഫലങ്ങൾ സ്ഥിരീകരിച്ചത്. പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്തിനെത്തുടർന്ന് വാക്‌സിൻ വിതരണം യുകെയിൽ നിർത്തിവയ്ക്കുന്ന സാഹചര്യം വരെയുണ്ടായിരുന്നു.