രാജീവ് ചന്ദ്രശേഖറിനെതിരായ ആരോപണം; ശശി തരൂരിന് താക്കീത് നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: കോൺഗ്രസ് നേതാവും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന് താക്കീത് നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ തരൂർ ഉന്നയിച്ച ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തീരപ്രദേശങ്ങളിൽ പണം നൽകി സാമുദായിക നേതാക്കളുടെ വോട്ട് വാങ്ങുന്നുവെന്നായിരുന്നു ശശി തരൂർ നടത്തിയ ആരോപണം. ഇത്തരം ആരോപണങ്ങൾ ആവർത്തിക്കരുതെന്നാണ് കമ്മീഷൻ ശശി തരൂരിന് നൽകിയിരിക്കുന്ന നിർദ്ദേശം. ശശി തരൂരിന്റെ അഭിമുഖം ഇനി സംപ്രേഷണം ചെയ്യരുതെന്ന് സ്വകാര്യ ചാനലിനോടും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.

അതേസമയം, വിഷയത്തിൽ വിഷയത്തിൽ വിശദീകരണവുമായി തരൂർ രംഗത്തെത്തി. ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നായിരുന്നു തരൂരിന്റെ പ്രതിനിധി നൽകിയ വിശദീകരണം. രാജീവ് ചന്ദ്രശേഖർ അയച്ച വക്കീൽ നോട്ടീസിലും ഇതേ കാര്യം തന്നെയാണ് ശശി തരൂർ പറഞ്ഞിരിക്കുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ പേരോ പാർട്ടിയുടെ പേരോ പരാമർശിച്ചിട്ടില്ല. തെറ്റിദ്ധാരണ മൂലമോ മനഃപൂർവമോ ആണ് രാജീവ് ചന്ദ്രശേഖർ ആരോപണം ഉന്നയിക്കുന്നതെന്നും തരൂരിന്റെ മറുപടിയിൽ വിശദമാക്കിയിരുന്നു.