ഇസ്രയേലിന് നേരെ ഇറാന്റെ ആക്രമണം; സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ

ടെൽ അവീവ്: ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഡ്രോണാക്രമണങ്ങളും മിസൈലാക്രമണങ്ങളുമാണ് ഇറാൻ ഇസ്രയേലിന് നേരെ നടത്തിയത്. ഇറാന്റെ ഇരുന്നൂറോളം മിസൈലുകളും പത്ത് ഡ്രോണുകളും തകർത്തെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണം ആരംഭിച്ചതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രയേൽ ഏത് ആക്രമണവും നേരിടാൻ സജ്ജമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇസ്രയേലിന്റെ രക്ഷയ്ക്ക് മിസൈൽവേധ സംവിധാനങ്ങളുള്ള രണ്ട് യു.എസ് യുദ്ധക്കപ്പലുകൾ കിഴക്കൻ മെഡിറ്ററേനിയനിൽ എത്തിയിട്ടുണ്ട്. അതേസമയം, ഇസ്രയേലിലെ ഇന്ത്യക്കാർക്ക് എംബസി ജാഗ്രതാ നിർദ്ദേശം നൽകി. ഇസ്രായേൽ – ഇറാൻ സംഘർഷ സാധ്യത കണക്കിലെടുത്താണ് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. ഇസ്രായേലിലുള്ള ഇന്ത്യക്കാർ എംബസിയിൽ രജിസ്റ്റർ ചെയ്യാൻ ഫോം നൽകുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ഇസ്രായേൽ – ഇറാൻ സംഘർഷത്തിൽ കടുത്ത ആശങ്കയാണ് ഇന്ത്യ രേഖപ്പെടുത്തുന്നത്. മേഖലയുടെ സുരക്ഷയേയും സ്ഥിരതയേയും ബാധിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങളെന്നായിരുന്നു വിദേശകാര്യകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. സംഘർഷം അവസാനിപ്പിച്ച് സംയമനത്തോടെ നയതന്ത്ര ചർച്ചകൾക്ക് സാഹചര്യം ഒരുക്കണമെന്നും അക്രമത്തിന്റെ പാത സ്വീകരിക്കരുതെന്നും ഇന്ത്യ അഭ്യർത്ഥിച്ചു. പ്രസ്താവനയിലൂടെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇസ്രയേലും ഇറാനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജോർദാനും ഇറാഖും ലെബനനും വ്യോമമേഖല അടച്ചു. ഇറാൻ – ഇസ്രയേൽ സംഘർഷത്തിൽ ഇന്ത്യയും ആശങ്ക അറിയിച്ചു.