സൽമാൻ ഖാന്റെ വീടിന് മുന്നിൽ വെടിവെപ്പ്; സുരക്ഷ വർധിപ്പിച്ച് പോലീസ്

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിന് മുന്നിൽ വെടിവെപ്പ്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ സൽമാൻ ഖാന്റെ വസതിയായ ഗാലക്സി അപ്പാർട്ട്മെന്റിന് മുന്നിലാണ് വെടിവെപ്പ് നടന്നത്.. സൽമാൻ ഖാന്റെ വീടിന് മുന്നിലേക്ക് ബൈക്കിലെത്തിയ രണ്ടുപേർ മൂന്നുതവണ ആകാശത്തേക്ക് വെടിയുതിർത്തുവെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ബാന്ദ്ര പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ സൽമാൻ ഖാന്റെ വീടിന് പുറത്തും പരിസരത്തും കനത്ത പോലീസ് നിരീക്ഷണം ഏർപ്പെടുത്തി.

സൽമാൻ ഖാന് നേരത്തെ കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ ഗോൾഡി ബ്രാറിൽ നിന്നും ലോറൻസ് ബിഷ്ണോയിൽനിന്നും വധഭീഷണിയുണ്ടായിരുന്നു. തങ്ങളുടെ ഹിറ്റ് ലിസ്റ്റിൽ സൽമാൻ ഖാൻ ഉണ്ടെന്നായിരുന്നു ഗോൾഡി ബ്രാർ മാസങ്ങൾക്ക് മുമ്പ് വ്യക്തമാക്കിയിരുന്നത്. ഇതിനുപിന്നാലെ ഇ-മെയിൽ മുഖേനയും നടന് ഭീഷണിസന്ദേശങ്ങൾ ലഭിച്ചിരുന്നു. ലോറൻസ് ബിഷ്ണോയിൽ നിന്ന് വധഭീഷണി ഉയർന്നതിന് പിന്നാലെ സൽമാൻ ഖാന് വൈ പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.