ഫൈവ് ജി ഈ ലോകത്തെ നശിപ്പിക്കുന്നിതിന് മുമ്പേ രക്ഷപ്പെടണം; നവീൻ ഡയറിയിൽ കുറിച്ച വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മൂന്ന് മലയാളികൾ കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് ഉടൻ ലഭ്യമാകും. ഫൈവ് ജി ലോകത്തെ നശിപ്പിക്കുമെന്നും അതിന് മുൻപ് രക്ഷപ്പെടണം എന്നതടക്കം ഏറെ അബദ്ധ ധാരണകൾ മൂന്ന് പേർക്കും ഉണ്ടായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അരുണാചലിലെ ഹോട്ടൽ മുറിയിൽ പോലീസ് ഡോ നവീന്റെ ഡയറിക്കുറിപ്പുകൾ കണ്ടെടുത്തിരുന്നു. പല നിർണായക വിവരങ്ങളും ഇതിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

നവീനാണ് പ്രളയം വന്ന് ഭൂമി നശിക്കുന്നതിന് മുമ്പ് പർവ്വതങ്ങളിൽ അഭയം പ്രാപിച്ച് പുനർജന്മം തേടണമെന്ന ആശയം സുഹൃത്തുക്കളിൽ പങ്കുവച്ചത്. ഫൈവ് ജി ഈ ലോകത്തെ നശിപ്പിക്കുന്നിതിന് മുമ്പേ രക്ഷപ്പെടണമെന്നാണ് ഡയറികുറിപ്പിൽ നവീൻ കുറിച്ചിരിക്കുന്നതെന്നാണ് സൂചന.

ശാസ്ത്രീയ അടിത്തറിയില്ലാത്ത ഈ ഭ്രാന്തൻ ചിന്തകൾ നവീന്റെ ഭാര്യ ദേവിയും, സുഹൃത്ത് ആര്യയും അന്ധമായി വിശ്വസിച്ചു. മറ്റ് ചില സുഹൃത്തുക്കളെ കൂടി സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടിരുന്നില്ല. ഗ്രഹങ്ങളെ കുറിച്ചുള്ള പഠനങ്ങളോട് താൽപര്യം ഉണ്ടായിരുന്ന വ്യക്തിയാണ് ആര്യ. ഇത് ഈ ആശയങ്ങളിൽ ആര്യയെ എളുപ്പത്തിൽ അടിമപ്പെടുത്തി. ആര്യ 2013 ൽ ഉണ്ടാക്കിയ ഡോൺ ബോസ്‌ക്കോ എന്ന ഇ മെയിൽ ഐഡി ഉപയോഗിച്ചായിരുന്നു ഇവർ മൂന്നു പേരും ആശയ വിനിമയം നടത്തിയിരുന്നത്.

നാലാമത് ഒരാൾ ഇവരെ സ്വാധീനിച്ചില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ചില സൈബർ പരിശോധന ഫലങ്ങൾ ലഭിച്ചാൽ അന്തിമ അന്വേഷണ റിപ്പോർട്ട് കോടതിയിൽ നൽകും.