ഇസ്രയേൽ ശതകോടീശ്വരന്റെ കപ്പൽ ഇറാൻ പിടിച്ചെടുത്തു; കപ്പലിൽ 2 മലയാളികളുമെന്ന് റിപ്പോർട്ട്

ടെഹ്‌റാൻ: ഇസ്രയേൽ വ്യവസായിക്ക് പങ്കാളിത്തമുള്ള കമ്പനിയുടെ കപ്പൽ ഇറാൻ റെവല്യൂഷണറി ഗാർഡ്സ് പിടിച്ചെടുത്തു. ‘എംസിഎസ് ഏരീസ്’ എന്നു പേരുള്ള കണ്ടെയ്നർ കപ്പലാണ് ഇറാൻ പിടിച്ചെടുത്തിരിക്കുന്നത്. യുഎഇയിൽ നിന്നു മുംബൈ നാവസേവ തുറമുഖത്തേയ്ക്കു വരുകയായിരുന്നു കപ്പൽ. ഹോർമുസ് കടലിടുക്കിൽ വച്ചാണ് കപ്പൽ പിടിച്ചെടുത്തത്. സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് കപ്പൽ പിടിച്ചെടുത്തതെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.

കപ്പലിൽ രണ്ടു മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. പിടിച്ചെടുത്ത കപ്പൽ ഇറാൻ തീരത്തേക്കു മാറ്റിയെന്നാണ് റിപ്പോർട്ട്. കോഴിക്കോട്, പാലക്കാട് സ്വദേശികളായ മലയാളികളാണ് കപ്പലിലുള്ളതെന്നാണ് സൂചന. എംഎസ്സി ഏരീസ് എന്ന കപ്പൽ ലണ്ടൻ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ട കണ്ടെയ്നർ കപ്പലാണ്. ഇസ്രായേലിലെ ശതകോടീശ്വനായ ഇയാൽ ഓഫറിന്റെ സോഡിയാക് ഗ്രൂപ്പിന്റെതാണ് ഈ കമ്പനി.

ഫുജൈറയ്ക്ക് സമീപത്തുവച്ച് ഹെലിബോൺ ഓപ്പറേഷൻ നടത്തിയാണ് നാവികസേനയുടെ പ്രത്യേക സംഘം കപ്പൽ പിടിച്ചെടുത്തതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി പുറത്തുവിട്ട വാർത്ത. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. മേഖലയിലെ സംഘർഷം രൂക്ഷമാക്കുന്നതിന്റെ അനന്തരഫലങ്ങൾ ഇറാൻ അനുഭവിക്കേണ്ടി വരുമെന്നാണ് ഇസ്രയേൽ സൈന്യം വിഷയത്തിൽ പ്രതികരിച്ചത്.